HOME
DETAILS
MAL
കൊറോണ വൈറസിനെതിരായ ഗവേഷണത്തിന് സി.സി.എം.ബിയും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും തമ്മില്‍ കരാര്‍
backup
January 03 2021 | 03:01 AM
കോട്ടക്കല്‍: കൊറോണ വൈറസിനെതിരായ ഗവേഷണത്തിന് സി.സി.എം.ബിയും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും തമ്മില്‍ കരാര്‍ ഒപ്പിട്ടു. സംയുക്ത കൊവിഡ് പ്രതിരോധ മരുന്ന് ഗവേഷണത്തിനായുള്ള ധാരണാപത്രം സി.സി.എം.ബി ഡയറക്ടര്‍ ഡോ. രാകേഷ് മിശ്ര, ആര്യവൈദ്യശാല സീനിയര്‍ സയന്റിസ്റ്റ് ഡോ. സി. ടി സുലൈമാന്‍ എന്നിവര്‍ പരസ്പരം കൈമാറി.
കൊറോണ വൈറസിനെതിരേ ആയുര്‍വേദ മരുന്നുകളുടെ ഫലപ്രാപ്തി പരിശോധിക്കുന്നതിനായാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ഹൈദരാബാദിലെ സി.എസ്.ഐ.ആര്‍-സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി (സി.സി.എം.ബി) യുമായി ധാരണ ഒപ്പുവച്ചിരിക്കുന്നത്. ജൈവ ശാസ്ത്ര ഗവേഷണ മേഖലയിലെ പ്രമുഖ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.സി.എം.ബിയും ആയുര്‍വേദ മേഖലയില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും തമ്മില്‍ കൊറോണ വൈറസിനെതിരായ സംയുക്ത ഗവേഷണത്തിനാണ് ധാരണയായത്. ഈ പങ്കാളിത്തത്തില്‍, ആര്യവൈദ്യ ശാല പുതുതായി രൂപപ്പെടുത്തിയ ആയുര്‍വേദ ഫോര്‍മുലേഷനുകള്‍ നല്‍കും. ഇത് സി.സി.എം.ബി പരീക്ഷണ ശാലയില്‍ കൊറോണ വൈറസിനെതിരേ പ്രയോഗിച്ച് ഫലപ്രാപ്തി പരിശോധിക്കും.
ഇത് വ്യക്തമായ ഗുണഫലങ്ങള്‍ നല്‍കുന്നുവെങ്കില്‍, ഈ പദ്ധതി ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തെ വലിയ പുരോഗതിയിലേക്ക് നയിക്കുമെന്ന് സി.സി.എം.ബി ഡയറക്ടര്‍ ഡോ. രാകേഷ് മിശ്ര പറഞ്ഞു. ഇന്ത്യക്ക് ശ്രേഷ്ഠമായ പൗരാണിക ജ്ഞാനം ഉണ്ടെങ്കിലും, പുരാതന ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫോര്‍മുലേഷനുകളുടെ ഫലപ്രാപ്തി പരിശോധിക്കാനുള്ള റെഗുലേറ്ററി പ്രോട്ടോക്കോളില്ല. കൊറോണ വൈറസിനെതിരായ നിരന്തര പോരാട്ടത്തില്‍, പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് വ്യത്യസ്ത ചികിത്സാ സാധ്യത കര്‍ശനമായി പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സി.സി.എം.ബിയില്‍ കൊവിഡ് ഗവേഷണത്തിന് പ്രത്യേക സൗകര്യമുണ്ട്. ആയുര്‍വേദ ഫോര്‍മുലേഷനുകളുടെ ആന്റി വൈറല്‍ പഠനങ്ങള്‍ക്ക് ഇത് ഉപയോഗിക്കാമെന്നും സി.സി.എം.ബി ഡയറക്ടര്‍ ഡോ. രാകേഷ് മിശ്ര പറഞ്ഞു.
തിരഞ്ഞെടുത്ത ഫോര്‍മുലേഷനുകളുടെ രാസഘടനാപഠനത്തില്‍ ആക്ടീവായ തന്മാത്രകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്, അവ കൊറോണ വൈറസിനെതിരേ ഫലപ്രദമാണോയെന്ന് ഈ ഗവേഷണത്തിന്റെ ഭാഗമായി കണ്ടെത്തേണ്ടതുണ്ടെന്ന് ആര്യവൈദ്യശാല ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. സി. ടി സുലൈമാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."