പാക്, ബംഗ്ളാദേശ് വിമാനങ്ങൾ ഉൾപ്പെടെ വിദേശ വിമാനങ്ങൾ സഊദിയിലേക്ക്; ഇന്ത്യക്കാർ ഇപ്പോഴും പുറത്ത്
റിയാദ്: സഊദിയിലേക്കുള്ള പ്രവേശന വിലക്ക് സഊദി ആഭ്യന്തര മന്ത്രാലയം പിൻവലിച്ചതോടെ വിദേശ വിമാനങ്ങൾ സഊദിയിലേക്ക് സർവ്വീസുകൾ ആരംഭിച്ചു. വിദേശികൾ അധികമുള്ള പാകിസ്ഥാനും ബംഗ്ളാദേശും ഉൾപ്പെടെ വിവിധ രാജ്യങ്ങൾ സർവ്വീസ് ആരംഭിച്ചെങ്കിലും ഇന്ത്യയിൽ നിന്നും നേരിട്ടുള്ള പ്രവേശന വിലക്ക് തുടരുന്നതിനാൽ ഇന്ത്യക്കാർക്ക് നേരിട്ട് സഊദി പ്രവേശനം സ്വപ്‌നമായി തുടരുകയാണ്. ഇന്ത്യൻ അധികൃതരുടെ ഭാഗത്ത് നിന്നും വേണ്ടത്ര രീതിയിലുള്ള നീക്കങ്ങൾ നടക്കുന്നില്ലെന്ന് ആക്ഷേപവുമായി പ്രവാസികൾ രംഗത്തെത്തിയിട്ടുണ്ട്.
ഞായാറാഴ്ച രാവിലെ പതിനൊന്ന് മണി മുതൽ നിയന്ത്രണം പിൻവലിച്ചതോടെ പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് (പി.ഐ.എ) കഴിഞ്ഞ ദിവസം തന്നെ റുഗലര്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ സീറ്റ് ബുക്ക് ചെയ്തവരും പുതുതായി സഊദിയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവരും സമീപത്തെ ഓഫീസുകളുമായി ബന്ധപ്പെടാന്‍ പി.ഐ.എ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ജനുവരി ആറു മുതൽ സർവ്വീസ് ആരംഭിക്കുമെന്ന് ബംഗ്ളാദേശ് ദേശീയ വിമാന കമ്പനിയായ ബിമാൻ വിമാന കമ്പനിയും അറിയിച്ചു. മുന്‍ഗണനയനുസരിച്ചായിരിക്കും സീറ്റുകള്‍ അനുവദിക്കുകയെന്നും വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന ഷെഡ്യൂള്‍ പരിശോധിച്ച് സമീപത്തെ എയര്‍ലൈന്‍സ് ഓഫീസുകള്‍ സന്ദര്‍ശിക്കണമെന്നുമാണ് ബിമൻ വിമാന കമ്പനി അറിയിച്ചിരിക്കുന്നത്. കൂടാതെ, യുഎയിൽ നിന്നും എമിറേറ്റ്സ്, ഫ്‌ളൈ ദുബായ് ഉൾപ്പെടെയുള്ള വിവിധ വിദേശ വിമാന കമ്പനികൾ സഊദിയിലേക്കുള്ള സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യൻ പ്രവാസികൾക്ക് ഇപ്പോഴും നേരിട്ടുള്ള സഊദി പ്രവേശനം കീറാമുട്ടിയായി തുടരുകയാണ്. നേരത്തെ ഉണ്ടായിരുന്ന വിലക്ക് ഇപ്പോഴും നിലവിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതേ തുടർന്നാണ് നിലവിലെ സാഹചര്യത്തിലും ഇന്ത്യയിൽ നിന്നും വിമാന സർവ്വീസുകൾ നടത്താൻ തടസം നേരിടുന്നത്. എന്നാൽ, നേരത്തെ സജീവാക്കിയിരുന്ന എയർ ബബ്ൾ കരാർ നടപ്പിലാക്കാനുള്ള ചർച്ചകൾ ശക്തിപ്പെടുത്തണമെന്നും നയതന്ത്ര തലത്തിൽ തന്നെ വേണ്ട രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകണമെന്നുമാണ് പ്രവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."