HOME
DETAILS
MAL
എടക്കല്‍ ഗുഹാ പഠനം വിദഗ്ധ സമിതി രൂപീകരിച്ചിട്ടും സര്‍ക്കാരിന് അനങ്ങാപ്പാറ നയം
backup
January 05 2021 | 04:01 AM
കല്‍പ്പറ്റ: എടക്കല്‍ ഗുഹയുടെ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിച്ച് നാലുമാസം പിന്നിട്ടിട്ടും പഠനം തുടങ്ങിയില്ല. പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി അംഗങ്ങള്‍ക്ക് ഇതേവരെ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് വിവരം. വിദഗ്ധ സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടും പഠനം വൈകുന്നത് ചരിത്ര തല്‍പരര്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. പഠനം ആരംഭിക്കാന്‍ വിദഗ്ധ സമിതിക്ക് നിര്‍ദേശം നല്‍കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നാണ് ഇവര്‍ പറയുന്നത്.
പുരാവസ്തു, ചരിത്രം, ഭൂഗര്‍ഭശാസ്ത്രം, സംരക്ഷണം, റോക്ക് മെക്കാനിക്‌സ് എന്നീ മേഖലകളിലെ വിദഗ്ധരടങ്ങുന്ന സമിതി എടക്കല്‍ ഗുഹയുടെ ഇപ്പോഴത്തെ സ്ഥിതി വിശദമായി പഠിക്കേണ്ടത് അനിവാര്യതയാണെന്ന പുരാവസ്തു വകുപ്പ് ഡയരക്ടറുടെ ശുപാര്‍ശ കണക്കിലെടുത്താണ് സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് ഡയരക്ടര്‍ ജനറല്‍ ഡോ. എം.ആര്‍ രാഘവവാര്യര്‍ ചെയര്‍മാനായി സര്‍ക്കാര്‍ ഒന്‍പതംഗ വിദഗ്ധ സമിതി രൂപീകരിച്ചത്.
രണ്ട് കൂറ്റന്‍ പാറകള്‍ക്കു മുകളില്‍ മറ്റൊരു പാറ അമര്‍ന്ന് രൂപപ്പെട്ടതാണ് എടക്കല്‍ ഗുഹ. 1894ല്‍ മലബാര്‍ പൊലിസ് സൂപ്രണ്ടും നരവംശശാസ്ത്രത്തില്‍ തല്‍പരനുമായിരുന്ന ഫോസറ്റാണ് ഗുഹയെയും അതിന്റെ ചരിത്ര പ്രാധാന്യത്തെയും സംബന്ധിച്ച വിവരം ആദ്യമായി പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത്. എടക്കലിനു ലോക പൈതൃക പദവി നേടിയെടുക്കുന്നതിന് 2010ല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് തുടങ്ങിവച്ച നീക്കങ്ങളും എങ്ങുമെത്തിയിട്ടില്ല.
സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ ഓഫിസര്‍ ഗുഹയുടെയും രചനകളുടെയും ശാസ്ത്രീയ സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് സംസ്‌കാരിക വകുപ്പിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എങ്കിലും യുനസ്‌കോയില്‍ ശക്തമായി ഇടപെടുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ ശുഷ്‌കാന്തി കാട്ടിയിട്ടില്ല.
ഇതെല്ലാം ചൂണ്ടിക്കാട്ടി എടക്കല്‍ ഗുഹയുടെ ശാസ്ത്രീയ സംരക്ഷണത്തിന് പരിസ്ഥിതി പ്രവര്‍ത്തകരും ചരിത്രകാരന്‍മാരും അധികാരകേന്ദ്രങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ് സര്‍ക്കാര്‍ പഠനത്തിന് വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവിറക്കിയത്. എന്നാല്‍ മാസം നാല് പിന്നിട്ടിട്ടും പഠനം മാത്രം തുടങ്ങിയിട്ടില്ലെന്ന് മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."