വൃക്കരോഗികളുടെ മരുന്നിന് അമിതവില ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് എം.പിയുടെ കത്ത്
മഞ്ചേരി
വൃക്കരോഗികൾക്കുള്ള മരുന്ന് വിൽപനയിലൂടെ നടക്കുന്ന കൊള്ളക്കെതിരേ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് എം.പിയുടെ കത്ത്. ഇ.ടി മുഹമ്മദ് ബഷീർ എം.പിയാണ് കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ചുമതല കൂടി വഹിക്കുന്ന കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യക്ക് കത്തയച്ചത്.
വൃക്ക തകരാറിലായി ഡയാലിസിസിന് വിധേയമാകുന്ന രോഗികൾക്ക് രക്തത്തിലെ ഹീമോഗ്ലോബിൻ വർധിപ്പിക്കാൻ ഉപയോഗിക്കുന്ന എറിത്രോപോയിറ്റീൻ ഇഞ്ചക്ഷൻ അമിതലാഭം എടുത്താണ് രാജ്യത്ത് വിൽപന നടത്തുന്നത്.
ഇത് സംബന്ധിച്ച് ഇന്നലെ സുപ്രഭാതം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് എം.പി വിഷയത്തിൽ ഇടപെട്ടത്. വൃക്ക രോഗികള്‍ക്കുള്ള മരുന്ന് വില്‍പനയിലൂടെ വന്‍കൊള്ളയാണ് നടക്കുന്നതെന്നും ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൃക്ക തകരാറിലായി ഡയാലിസിസിന് വിധേയമാകുന്ന രോഗികള്‍ക്ക് രക്തത്തിലെ ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന എറിത്രോപോയിറ്റീന്‍ ഇഞ്ചക്ഷന്‍ വില്‍പ്പന നടത്തുന്നത് ആറിരട്ടി ലാഭം എടുത്താണ്.
220 രൂപയ്ക്കാണ് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ഈ ഇഞ്ചക്ഷന്‍ ലഭിക്കുന്നത്. എന്നാല്‍ ഇതില്‍ രേഖപ്പെടുത്തിയ പരമാവധി വില്‍പന വില 1,307 രൂപയാണ്. ഇതിലൂടെയാണ് വന്‍തോതിലുള്ള തട്ടിപ്പ് നടത്തുന്നത്. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ലഭിക്കുന്ന വിലയേക്കാള്‍ 1,087 രൂപ അധികമായി നല്‍കിയാല്‍ മാത്രമേ സാധാരണക്കാരായ രോഗികള്‍ക്ക് മരുന്ന് ലഭ്യമാകുന്നുള്ളു.
നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍.പി.പി.എ) യാണ് മരുന്നുകളുടെ പരമാവധി വില്‍പന വില നിര്‍ണയിക്കേണ്ടത്.
എന്നാല്‍ അതോറിറ്റിയെ നോക്കുകുത്തിയാക്കിയാണ് മരുന്ന് കമ്പനികള്‍ തോന്നിയ വിലയ്ക്ക് മരുന്നുകള്‍ വിറ്റഴിക്കുന്നത്.
ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് ഡയാലിസിസിന് വിധേയമാകുന്ന രോഗികള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഇഞ്ചക്ഷനും അമിതലാഭത്തില്‍ വില്‍ക്കുന്നത് നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും എം.പി കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."