ഫലസ്തീന്‍ ജനതയുടെ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഹോളിവുഡ് നടി എമ്മ വാട്‌സണ്‍
വെസ്റ്റ്ബാങ്ക്: ഫലസ്തീന്‍ ജനതയുടെ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിഖ്യാത ഹോളിവുഡ് നടി എമ്മ വാട്‌സണ്‍. ഐക്യദാര്‍ഢ്യം ഒരു ക്രിയയാണ് എന്ന തലക്കെട്ടോടെ ബ്രിട്ടീഷ് ആസ്‌ത്രേലിയന്‍ എഴുത്തുകാരി സാറ അഹ്മദിന്റെ വാക്കുകളാണ് എമ്മ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇസ്‌റാഈലില്‍ നിന്ന് എതിര്‍പ്പുകളുണ്ടായിട്ടും ഇന്‍സ്റ്റഗ്രാമിലെ തന്റെ കുറിപ്പ് പിന്‍വലിക്കാന്‍ നടി തയ്യാറായിട്ടില്ല.
'ഐക്യദാര്‍ഢ്യം കൊണ്ട് നമ്മുടെ പോരാട്ടങ്ങള്‍ സമാന പോരാട്ടങ്ങളാണ്, അല്ലെങ്കില്‍ നമ്മുടെ വേദന സമാന വേദനയാണ്, നമ്മുടെ പ്രതീക്ഷ സമാന ഭാവിക്കു വേണ്ടിയാണ് എന്ന് അനുമാനിക്കാനാകില്ല. പ്രതിബദ്ധതയും കഠിനാധ്വാനവും അംഗീകാരവും ഐക്യദാര്‍ഢ്യത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. നമുക്ക് അതേ വികാരമോ, അതേ ജീവിതമോ, അതേ ശരീരമോ ഇല്ലെങ്കില്‍പ്പോലും നമ്മള്‍ പൊതുനിലപാടില്‍ ജീവിക്കുന്നു' എന്ന വാക്കുകളാണ് വാട്‌സണ്‍ കുറിച്ചത്. 13 ലക്ഷം ലൈക്കാണ് ഈ പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഒരു ലക്ഷത്തിലേറെ പേര്‍ കമന്റും ചെയ്തു. ഇന്‍സ്റ്റയില്‍ 64.3 ദശലക്ഷം പേരാണ് ഹാരിപോര്‍ട്ടര്‍ നായികയെ പിന്തുടരുന്നത്.
പോസ്റ്റിനു പിന്നാലെ എമ്മയെ വിമര്‍ശിച്ച് ഇസ്‌റാഈലിലെ വലതുപക്ഷ കക്ഷിയായ ലികുഡ് പാര്‍ട്ടി നേതാവും യുഎന്നിലെ ഇസ്‌റാഈല്‍ മുന്‍ അംബാസഡറുമായ ഡാന്നി ഡനന്‍ രംഗത്തെത്തി. വാട്‌സണ്‍ സെമിറ്റിക് വിരുദ്ധത പരത്തുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
യുഎന്നില്‍ ഇസ്‌റാഈലിന്റെ നിലവിലെ പ്രതിനിധി ഗിലാഡ് എന്‍ഡനും എമ്മയ്‌ക്കെതിരെ സംസാരിച്ചു. 'കല്‍പ്പിത കഥകള്‍ ഹാരിപോര്‍ട്ടറില്‍ നടക്കും. യാഥാര്‍ഥ ലോകത്ത് നടപ്പില്ല. അങ്ങനെയൊരു അത്ഭുതം നടക്കണമെങ്കില്‍ ഹമാസിനെയും ഫലസ്തീന്‍ അതോറിറ്റിയെയും നിഷ്‌കാസനം ചെയ്യണം. അതിനെ ഞാന്‍ പിന്തുണയ്ക്കുന്നു' എന്നാണ് അദ്ദേഹം ട്വിറ്ററില്‍ എഴുതിയത്.
ഹാരി പോര്‍ട്ടര്‍ സിനിമയില്‍ ഹെര്‍മിയോണ്‍ ഗ്രേഞ്ചറെ അവതരിപ്പിച്ച എമ്മ വാട്‌സണ്‍ 2014 മുതല്‍ യുഎന്‍ വുമണ്‍ ഗുഡ്‌വില്‍ അംബാസഡറാണ്. 2001 മുതല്‍ 2010 വരെ ഇവര്‍ ഏഴ് ഹാരിപോട്ടര്‍ ചിത്രങ്ങളില്‍ ഡാനിയേല്‍ റാഡ് ക്ലിഫിനും റൂപെര്‍ട്ട് ഗ്രിനിനും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഇത് ആദ്യമായല്ല നടി തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ രാഷ്ട്രീയം പങ്കുവയ്ക്കുന്നത്. ഗ്ലാസ്‌ഗോ പരിസ്ഥി ഉച്ചകോടിയില്‍ ഇവര്‍ തന്റെ അക്കൗണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് താല്‍ക്കാലികമായി കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."