സ്വര്‍ണക്കടത്ത്: എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യു.എ.ഇ നയതന്ത്ര ചാനല്‍ മുഖേന സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷ് അടക്കം 20 പ്രതികള്‍ക്കെതിരേ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇ.ഡി, കസ്റ്റംസ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
സരിത് പി.എസ്, സ്വപ്ന സുരേഷ്, കെ.ടി റമീസ്, എ.എം ജലാല്‍, പി. മുഹമ്മദ് ഷാഫി, ഇ. സെയ്തലവി, പി.ടി അബ്ദു, റബിന്‍സ് ഹമീദ്, മുഹമ്മദലി ഇബ്രാഹിം, മുഹമ്മദലി, കെ.ടി ഷറഫുദ്ദീന്‍, എ. മുഹമ്മദ് ഷഫീഖ്, ഹംസത് അബ്ദുല്‍ സലാം, ടി.എം ഷംജു, ഹംജദ് അലി, സി.വി ജിഫ്‌സല്‍, പി. അബൂബക്കര്‍, വി.കെ മുഹമ്മദ് അബ്ദു ഷമീം, അബ്ദുല്‍ ഹമീദ്, ഷംസുദ്ദീന്‍ എന്നീ പ്രതികള്‍ക്കെതിരേ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ക്കെതിരേ യു.എ.പി.എ 16, 17, 18, 20 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
നേരത്തെ മാപ്പുസാക്ഷിയാക്കാന്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ സന്ദീപ് നായരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2019 നവംബര്‍ മുതല്‍ 2020 ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ 167 കിലോഗ്രാം സ്വര്‍ണം കടത്തിയെന്നാണ് കേസ്. യു.എ.ഇക്കു പുറമെ മറ്റു രാജ്യങ്ങളില്‍ നിന്നും സ്വര്‍ണം കടത്താന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നു. കേസിലെ എട്ടു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം നടക്കുകയാണെന്നും എന്‍.ഐ.എ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കുറ്റപത്രം നല്‍കിയെങ്കിലും കോടതി ഫയലില്‍ സ്വീകരിക്കാത്തതിനാല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."