നവജാതശിശുവിനെ തട്ടികൊണ്ടുപോയ സംഭവം: സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു
ആർപ്പൂക്കര
മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭഗത്തിൽനിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സുരക്ഷാ ജീവനക്കാരിയെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.
സംഭവത്തെ തുടർന്ന് ആശുപത്രിതല അന്വേഷണത്തിന് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ജീവനക്കാരിക്ക് ജാഗ്രതകുറവുണ്ടായി എന്നാണ് സമിതിയുടെ കണ്ടെത്തൽ. ഗൈനക്കോളജിയിലേക്ക് പ്രവേശിച്ച മുഴുവൻ ആളുകളെയും പരിശോധന നടത്തിയാണ് അകത്തേയ്ക്ക് പ്രവേശിപ്പിച്ചതെങ്കിലും കുഞ്ഞിനെ തട്ടിയെടുത്ത നീതുവിനെ ജീവനക്കാരി പരിശോധിച്ചില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നു വ്യക്തമായി.
ഡോക്ടർ വേഷം ധരിച്ചെത്തിയതിനാലാണ് നീതുവിനെ കടത്തിവിട്ടതെന്നാണ് സമിതിയുടെ നിഗമനം. ഇതൊഴിച്ചാൽ മറ്റൊരു വീഴ്ചയും ഇവരുടെ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ആർ.എം.ഒ ഡോ. ആർ.പി രഞ്ചിൻ്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ്, നേഴ്‌സിങ് ഓഫിസർ സുജാത എന്നിവരാണ് സമിതിയംഗങ്ങൾ. ഈ സമിതിക്ക് പുറമെ പ്രിൻസിപ്പാൾ ഡോ. കെ.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയും ഇക്കാര്യത്തിൽ അന്വേഷണം നടത്തിയിരുന്നു. ഇരു സമിതികളും മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയരക്ടർ ഡോ. തോമസ് മാത്യുവിന് റിപ്പോർട്ടുകൾ കൈമാറി. പ്രാഥമിക നടപടിയുടെ ഭാഗമായാണ് സസ്പെൻഷനെന്ന് ഡോ. തോമസ് മാത്യു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."