വൈറ്റില മേല്‍പ്പാലത്തിലൂടെ വാഹനം കടത്തിവിട്ട കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍
കൊച്ചി: വൈറ്റില മേല്‍പ്പാലത്തിലൂടെ വാഹനം കടത്തിവിട്ട കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. വി ഫോര്‍ കൊച്ചിയുടെ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇന്നലെ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
ഉദ്ഘാടനത്തിന് മുന്‍പ് വൈറ്റില മേല്‍പ്പാലത്തിന്റെ ബാരിക്കേഡ് അനധികൃതമായി നീക്കി വാഹനം കടത്തിവിട്ട കേസില്‍ പുതുതായി രണ്ട് കേസുകള്‍ കൂടി മരട് പൊലിസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് മൂന്ന് പേരെ പൊലിസ് പിടികൂടിയത്. തമ്മനം സ്വദേശി ആന്റണി ആല്‍വിന്‍, കളമശേരി സ്വദേശി സാജന്‍, മട്ടാഞ്ചേരി സ്വദേശി ശക്കീര്‍ അലി എന്നിവരാണ് പ്രതികള്‍. മൂന്ന് പേരും വി ഫോര്‍ കൊച്ചിയുടെ പ്രവര്‍ത്തകരാണ്. ഇവര്‍ക്കെതിരെ നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തിലേക്ക് വാഹനം കയറ്റിവിട്ടതിനും പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതിനുമാണ് കേസെടുത്തത്.
കേസില്‍ ഇന്നലെ ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ നിപുണ്‍ ചെറിയാന്‍ ഉള്‍പ്പെടെ നാല് പേരെ പിടികൂടിയിരുന്നു. റോഡ് മാര്‍ക്കിങ്, വാക്വം പമ്പ്, ലൈറ്റ്, വയറിങ് എന്നിവ നശിപ്പിച്ചതടക്കം ഒന്നര ലക്ഷത്തിന്റെ നാശനഷ്ടം ഉണ്ടാക്കി എന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ പരാതിയിലുള്ളത്. ഇതിന്റെ വിശദമായ കണക്ക് പൊലിസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."