മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കാസര്‍കോട്ടെത്തി
കാസര്‍കോട്: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിന്റെ തുടരന്വേഷണത്തിനു ക്രൈംബ്രാഞ്ച് സംഘം കാസര്‍കോട്ടെത്തി. ക്രൈംബ്രാഞ്ച് കോട്ടയം യൂനിറ്റിലെ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കാസര്‍കോട്ടെത്തിയത്.
പരാതിക്കാരനായ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിന്റെ മൊഴിയെടുക്കാന്‍ ഇന്നലെ ക്രൈംബ്രാഞ്ച് ഇയാളെ വിളിപ്പിച്ചു. കാസര്‍ക്കോട്ടെ ജില്ലാ പൊലിസ് മേധാവിയുടെ ഓഫിസില്‍ ഹാജരാകാനാണ് വിപിന്‍ലാലിന് നിര്‍ദേശം നല്‍കിയത്. നടിയെ അക്രമിച്ച കേസില്‍ പ്രതിയായ നടന് അനുകൂലമായി കോടതിയില്‍ മൊഴി നല്കണമെന്നാവശ്യപ്പെട്ടു വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കെ.ബി ഗണേഷ്കുമാര് എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറിയായിരുന്ന പ്രദീപ്കുമാര്‍ കോട്ടത്തലക്കെതിരേ ബേക്കല്‍ പൊലിസ് നേരത്തെ കേസെടുത്തിരുന്നു. റിമാന്‍ഡില്‍ കഴിയുന്നതിനിടെ പ്രതിക്കു കോടതി ജാമ്യം അനുവദിച്ചു. വിപിന്‍ലാലിനെ ഫോണില്‍ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച സിം കാര്‍ഡ് കണ്ടെത്താന്‍ പൊലിസിനു കഴിഞ്ഞിരുന്നില്ല. ഇതു കണ്ടെത്തുന്നതിനു കെ.ബി ഗണേഷ്കുമാര് എം.എല്‍.എയുടെ വീട്ടിലും പ്രദീപ്കുമാറിന്റെ വീട്ടിലും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. തമിഴ്നാട്ടിലും അന്വേഷണം നടത്തിയിരുന്നു.നടന് ദിലീപിന്റെയും കെ.ബി ഗണേഷ്കുമാറിന്റെയും നിര്‍ദേശപ്രകാരമാണ് പ്രദീപ് കുമാര്‍ തന്നെ ഭീഷണിപ്പെടുത്തിയതെന്നും ഇതുസംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നും വിപിന്‍ലാല്‍ നേരത്തെ പൊലിസിന് നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."