HOME
DETAILS
MAL
സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മൂന്നുമാസം മാത്രം ബാക്കിനില്‍ക്കെ കെല്‍ട്രോണിലും എഫ്.ഐ.ടിയിലും അനധികൃത സ്ഥിരപ്പെടുത്തല്‍
backup
January 12 2021 | 04:01 AM
തൊടുപുഴ: സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മൂന്നുമാസം മാത്രം ബാക്കിനില്‍ക്കെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ വ്യാപകമായി സ്ഥിരപ്പെടുത്തുന്നു.
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ 296 പേരെയും ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡില്‍ (എഫ്.ഐ.ടി) മൂന്നുപേരെയും സ്ഥിരപ്പെടുത്താനാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. പി.എസ്.സി മുഖേന നിയമനം നടത്തേണ്ട പല തസ്തികകളിലും ഭരണസ്വാധീനം ഉപയോഗിച്ച് താല്‍ക്കാലിക നിയമനത്തില്‍ കയറിക്കൂടുകയും പിന്നീട് ഭരണം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സ്ഥിരപ്പെടുകയുമാണ് ചെയ്യുന്നത്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ അറിയിച്ച് സീനിയോരിറ്റി ലിസ്റ്റ് വാങ്ങി എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവ നടത്തി 179 ദിവസത്തേക്ക് മാത്രമേ താല്‍ക്കാലിക നിയമനം നടത്താവൂവെന്നാണ് ചട്ടം. പി.എസ്.സിക്ക് വിട്ട തസ്തികയാണെങ്കില്‍ എന്‍.ഒ.സിയും നിര്‍ബന്ധമാണ്. ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയിരിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ 3,000 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്ന സുപ്രിംകോടതി വിധിന്യായം നിലനില്‍ക്കുന്നുണ്ട്.
കെല്‍ട്രോണിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും 296 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് കഴിഞ്ഞ മൂന്നിനാണ് ഉത്തരവിറക്കിയത്. ഇതില്‍ എക്‌സിക്യൂട്ടീവ് തസ്തികയില്‍ 14, സൂപ്പര്‍വൈസറി തസ്തികയില്‍ 66, വര്‍ക്കര്‍മാര്‍ 174, ഡെയ്‌ലി വേജ് 42 എന്നിവരെയാണ് സ്ഥിരപ്പെടുത്തിയത്. ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂറിലെ മൂന്ന് ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ എഫ്.ഐ.ടി മാനേജിങ് ഡയരക്ടര്‍ക്ക് അനുമതിനല്‍കി വ്യവസായ വകുപ്പ് സെക്രട്ടറി കഴിഞ്ഞ ഏഴിന് ഉത്തരവിറക്കി. വ്യവസായ വകുപ്പിനു കീഴിലുള്ള 44 പൊതുമേഖലാ സ്ഥാപനങ്ങളിലും വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലുമായി പിന്‍വാതില്‍ നിയമനം തകൃതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."