ഏറ്റവും സത്യസന്ധമായ പാര്‍ട്ടിയെന്ന മോദിയുടെ സര്‍ട്ടിഫിക്കറ്റ് എ.എ.പിക്കുണ്ട്: കെജ്‌രിവാള്‍
പനാജി: സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും സത്യസന്ധതയുള്ള പാര്‍ട്ടിയാണ് ആം ആദ്മിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എ.എ.പിക്ക് ആ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഗോവയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും സത്യസന്ധമായ പാര്‍ട്ടി എന്ന സര്‍ട്ടിഫിക്കറ്റാണ് പ്രധാനമന്ത്രി മോദി ആം ആദ്മി പാര്‍ട്ടിക്ക് നല്‍കിയത്. മോദിജി സി ബി ഐയേയും പൊലീസിനേയും അഴിച്ചുവിട്ട് എന്റെയും മനീഷ് സിസോദിയയുടെയും മേല്‍ റെയ്ഡുകള്‍ നടത്തി. 21 പാര്‍ട്ടി എം എല്‍ എമാരെ അറസ്റ്റ് ചെയ്തു. 400 ഓളം ഫയലുകള്‍ പരിശോധിക്കാന്‍ ഒരു കമ്മീഷന്‍ രൂപീകരിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അഴിമതി രഹിത ഭരണം ഞങ്ങളുടെ ഡി എന്‍ എയില്‍ ഉണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീരദേശ സംസ്ഥാനത്തിനായി എഎപി 13 ഇന അജണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. അധികാരത്തിലെത്തിയാല്‍ ഗോവയില്‍ തൊഴിലില്ലായ്മയും അഴിമതിയും തുടച്ചുനീക്കുമെന്നും ഖനനം പുനരാരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.
ഗോവയിലെ പൊതുജനങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ആം ആദ്മി പാര്‍ട്ടിയെ ആണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബി ജെ പിയും കോണ്‍ഗ്രസും അല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ഒരു മാറ്റം വേണം', കെജ്രിവാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."