വാട്‌സ്ആപ്പിന് അപായ സിഗ്നല്‍, നേട്ടമുണ്ടാക്കി സിഗ്നല്‍, ടെലഗ്രാം, ...
കാലിഫോര്‍ണിയ: സ്വകാര്യതാ നയം പരിഷ്‌കരിക്കുന്നതായി ഉപയോക്താക്കളെ അറിയിച്ചതിനു പിന്നാലെ പുലിവാലുപിടിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. വ്യക്തിഗത വിവരങ്ങളടക്കം ഫേസ്ബുക്കുമായി പങ്കുവയ്ക്കുമെന്നതടക്കമുള്ള പുതിയ നിബന്ധനകള്‍ വന്നതോടെ, വാട്‌സ്ആപ്പില്‍നിന്ന് ആളുകളുടെ കൊഴിഞ്ഞുപോക്കാണ്. അവസരം മുതലാക്കി സിഗ്നല്‍, ടെലഗ്രാം തുടങ്ങിയ മറ്റ് ആപ്പുകള്‍ രംഗത്തിറങ്ങുകയും ചെയ്തതോടെ, പുതിയ സ്വകാര്യതാ നയങ്ങളെ പ്രതിരോധിക്കാനിറങ്ങിയിരിക്കുകയാണ് വാട്‌സ്ആപ്പ്.
വാട്‌സ്ആപ്പിനു വലിയ തോതില്‍ ഉപയോക്താക്കളുള്ള ഇന്ത്യയില്‍ പുതിയ സ്വകാര്യതാ നയങ്ങളെ തുടര്‍ന്നുണ്ടായ കൂടുമാറ്റം ഒഴിവാക്കാന്‍ ദേശീയ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വന്‍തുക മുടക്കി കമ്പനി പരസ്യം നല്‍കിയിരുന്നു. വാട്‌സ്ആപ്പ് നിങ്ങളുടെ സ്വകാര്യതയെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ഫുള്‍പേജ് പരസ്യത്തില്‍ പുതിയ സ്വകാര്യതാ നയം വിശദീകരിക്കുന്നുമുണ്ട്. എന്നാല്‍, ഇതിനു ശേഷവും ആഗോളതലത്തില്‍തന്നെ വാട്‌സ്ആപ്പില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണ്.
ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അയക്കുന്ന സ്വകാര്യ, ഗ്രൂപ്പ് സന്ദേശങ്ങളെ പുതിയ നയം ബാധിക്കില്ലെന്നും ബിസിനസ് അക്കൗണ്ടുകളെയാണ് ബാധിക്കുകയെന്നുമാണ് കമ്പനി വിശദീകരിക്കുന്നത്. സന്ദേശങ്ങളോ വോയ്‌സുകളോ വാട്‌സ്ആപ്പ് കേള്‍ക്കില്ല. കോണ്ടാക്ട് വിവരങ്ങള്‍ പങ്കുവയ്ക്കില്ല. ഇവ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ മുഖേന സംരക്ഷിക്കും. ലോക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കില്ലെന്നും പരസ്യത്തില്‍ കമ്പനി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഉപയോക്താക്കള്‍ക്കു നല്‍കിയ അപ്‌ഡേഷന്‍ സന്ദേശത്തിനു വിരുദ്ധമായ ഉറപ്പുകളാണ് പരസ്യത്തില്‍ കമ്പനി നല്‍കുന്നതെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്.
യൂറോപ്പിനു ബാധകമല്ല!
കാലിഫോര്‍ണിയ: വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു ബാധകമല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വ്യക്തിഗത വിവരങ്ങളടക്കം ഫേസ്ബുക്കിനു കൈമാറുമെന്ന അറിയിപ്പുണ്ടായപ്പോള്‍, യൂറോപ്പില്‍ ഇതുണ്ടാകില്ലെന്നാണ് അവിടെ വാട്‌സ്ആപ്പ് വ്യക്തമാക്കുന്നത്.
യൂറോപ്പിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കു പഴയ സ്വകാര്യതാ നയങ്ങള്‍ തുടരുമെന്നും യൂറോപ്പിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവയ്ക്കില്ലെന്നും വ്യക്തമാക്കി വാട്‌സ്ആപ്പിന്റെ യൂറോപ്യന്‍ പോളിസി ഡയരക്ടര്‍ നിയാം സ്വീനി രംഗത്തെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പില്‍ ഇത്തരം സ്വകാര്യതാ നയങ്ങളെ തടയുന്ന നിയമങ്ങളുള്ളതാണ് കാരണം. ഇതോടെ, ഇന്ത്യയിലും ഇത്തരം ഇടങ്ങളിലെ സ്വകാര്യതാ സംരക്ഷണത്തിനായി നിയമം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
നേട്ടമുണ്ടാക്കി സിഗ്നല്‍, ടെലഗ്രാം, ...
വാഷിങ്ടണ്‍: വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം വിവാദമായതോടെ നേട്ടമുണ്ടാക്കി സിഗ്നല്‍, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍. വാട്‌സ്ആപ്പിന്റെ സമാന ഉപയോഗമുള്ള സിഗ്നല്‍ കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്തതോടെ, കൂടുതല്‍ സര്‍വറുകള്‍ സ്ഥാപിക്കുമെന്നും സ്വകാര്യതാ നയത്തില്‍ വിട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കി സ്ഥാപകന്‍ ബ്രയാന്‍ ആക്ടണ്‍ രംഗത്തെത്തി.
ഇന്ത്യയില്‍ മാത്രം 2.3 മില്യനിലേറെ ഉപയോക്താക്കളുള്ള ആപ്പായി സിഗ്നല്‍ മാറിക്കഴിഞ്ഞു. പരസ്യതാല്‍പര്യങ്ങളില്ലാതെ, സംഭാവനകള്‍ മാത്രം സ്വീകരിച്ചുള്ള പ്രവര്‍ത്തനം തുടരുമെന്നാണ് സിഗ്നല്‍ വ്യക്തമാക്കുന്നത്. ആഗോളതലത്തില്‍ ഈയാഴ്ച ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനും സിഗ്നലാണ്. സമാന ഉപയോഗമുള്ള ടെലഗ്രാമിനും കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതില്‍ ഉപയോക്താക്കള്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കിടെ മാത്രം ടെലഗ്രാമിന് ദശലക്ഷക്കണക്കിനു പുതിയ ഉപയോക്താക്കളുണ്ടായെന്നാണ് വിവരം. മൊത്തം ഉപയോക്താക്കളുടെ എണ്ണം 500 ദശലക്ഷം പിന്നിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."