ഇനി നീക്കം 'മാഡ'ത്തെ പൂട്ടാൻ
സ്വന്തം ലേഖകൻ
കൊച്ചി
നടിയെ ആക്രമിച്ച കേസിലെ വി.ഐ.പി ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനു പിന്നാലെ 'മാഡ'ത്തെ പൂട്ടാനും ക്രൈംബ്രാഞ്ച് നീക്കങ്ങൾ ആരംഭിച്ചു. പുറത്തുവന്ന ദിലീപിന്റെ ശബ്ദരേഖയിൽ ഒരു സ്ത്രീയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ബാലചന്ദ്ര കുമാർ റെക്കോർഡ് ചെയ്ത ദിലീപും ബന്ധുക്കളും തമ്മിലുള്ള സംഭാഷണത്തിലാണ് സ്ത്രീയെപ്പറ്റി പറയുന്നത്. തനിക്ക് വളരെ അടുപ്പമുള്ള ഒരു സ്ത്രീയെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നാണ് ദിലീപ് പറയുന്നത്. കേസിലെ മുഖ്യപ്രതി പൾസർ സുനി ആദ്യം മാഡത്തെക്കുറിച്ച് പറഞ്ഞിരുന്നു. സംഭവത്തിന് പിന്നിൽ മാഡമാണെന്ന് പൾസർ സുനി ആദ്യം വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇത് സുനി തിരുത്തിപ്പറയുകയും ചെയ്തിരുന്നു.
വി.ഐ.പി ദൃശ്യങ്ങളുമായി എത്തിയ സമയത്ത് ഒരു നടിയും ദിലീപിന്റെ വീട്ടിലെത്തിയിരുന്നെന്ന് ബാലചന്ദ്ര കുമാർ പറഞ്ഞിരുന്നു. നടി തന്റെ സഹോദരന്റെ വിവാഹത്തിന് ക്ഷണിക്കാൻ വേണ്ടിയായിരുന്നു അവിടെ വന്നതെന്നായിരുന്നു സംവിധായകൻ പറഞ്ഞത്. ഈ നടിയാണോ പൾസർ സുനി പറഞ്ഞ മാഡം എന്ന കാര്യവും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
അതിനിടെ കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ സുനിയെ ജയിലിൽ സന്ദർശിച്ചു. മാനസികമായി ബുദ്ധിമുട്ടിലാണ് അവൻ. ഞാൻ ഒരിക്കലും എന്റെ മോനെ ഇങ്ങനെ കണ്ടിട്ടില്ല. കേസിനെക്കുറിച്ച് ഒന്നും ചോദിക്കല്ലേ അമ്മേ, ഞാൻ പറഞ്ഞാലും ഒരു കാര്യവും ഇല്ല. ഇത് തന്നെ പുറത്ത് വരട്ടെ എന്നും സുനി പറഞ്ഞതായി അമ്മ പറഞ്ഞു. കുറ്റകൃത്യത്തിൽ ദിലീപിന്റെ പേര് പറഞ്ഞതുകൊണ്ടാണ് ഇത്രയധികം പ്രശ്‌നങ്ങളുണ്ടായതെന്ന് സുനി പറഞ്ഞതായും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്തില്ല. ആലുവ മജിസ്‌ട്രേറ്റിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവച്ചത്. അതിനിടെ പൾസർ സുനിയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. വിയ്യൂർ ജയിലിൽ കഴിയുന്ന സുനിയെ കോടതിയുടെ അനുമതി ലഭിച്ചാൽ ഉടൻ ചോദ്യം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."