സി.പി.എം കാസർകോട് ജില്ലാ സമ്മേളനത്തിൽ 185 പേർ ; തീരുമാനം 50 പേരിലധികം പാടില്ലെന്ന ഉത്തരവ് നിലനിൽക്കെ
സ്വന്തം ലേഖകൻ
കാസർകോട്
കൊവിഡ് കേസുകൾ ഉയരുമ്പോഴും 185 പേരെ പങ്കെടുപ്പിച്ച് കാസർകോട് ജില്ലാ സമ്മേളനം നടത്താൻ സി.പി.എം തീരുമാനം. ഒരു പരിപാടിയിലും 50 പേരിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കരുതെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് നിലനിൽക്കെയാണിത്.
500 പേരെ ഉൾക്കൊള്ളാനാവുന്ന പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നതെന്നും അവിടെ 185 പേർ മാത്രമേ ഉണ്ടാകൂ എന്നും ജില്ലാസെക്രട്ടറി എം.വി ബാലകൃഷ്ണൻ അറിയിച്ചു. സാമൂഹ്യ അകലം പാലിച്ചും മാസ്‌ക് ധരിച്ചുമാണ് സമ്മേളനം. എല്ലാവർക്കും അണുനാശിനിയും നൽകുമെന്നു സംഘാടകർ അറിയിച്ചു. ഇത്രയും പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്തുമ്പോൾ തെറ്റായ സന്ദേശം സമൂഹത്തിനു നൽകില്ലേ എന്ന ചോദ്യത്തിന് മുൻവിധി വേണ്ടെന്നും പ്രോട്ടോക്കോൾ പ്രകാരം പരിപാടി നടക്കുമെന്നുമായിരുന്നു നേതാക്കളുടെ മറുപടി.
മടിക്കൈ അമ്പലത്തുകരയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ 21 മുതൽ 23 വരെയാണ് സമ്മേളനം. എല്ലാ തരത്തിലുമുള്ള സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, മത, സാമുദായിക പൊതുപരിപാടികളിലും വിവാഹ, മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി 50 പേരായി പരിമിതപ്പെടുത്തി കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിറക്കിയിരുന്നു. ജില്ലയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 500 കടന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയാനും നിയന്ത്രിക്കാനുമായി സർക്കാരിന്റെ കർശന നിർദേശങ്ങളുടെ ഭാഗമായാണ് ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നായിരുന്നു കലക്ടർ അറിയിച്ചത്.
ജില്ലയിൽ കഴിഞ്ഞദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശരാശരി 23 ശതമാനമാണ്. അതിനാൽ ദുരന്ത നിവാരണ നിയമത്തിലെ സെക് ഷൻ 26, 30, 34 പ്രകാരമാണ് കലക്ടർ നിയന്ത്രണമേർപ്പെടുത്തിയത്. ക്ലസ്റ്ററുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 15 ദിവസം അടച്ചിടേണ്ടതാതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കൊവിഡ് വ്യാപനമുണ്ടായതിനെ തുടർന്ന് ജില്ലാ സമ്മേളന അനുബന്ധ സെമിനാറുകൾ മാറ്റിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."