സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 57; പ്രഖ്യാപനം ബജറ്റിൽ
അൻസാർ മുഹമ്മദ്
കൊച്ചി
സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 57 ആക്കാൻ ആലോചന. മാർച്ചിലെ ബജറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ തീരുമാനം പ്രഖ്യാപിക്കും.
നിലവിൽ 56 വയസാണ് വിരമിക്കൽ പ്രായം. ഖജനാവ് കാലിയായിരിക്കെ പെൻഷൻ പ്രായം ഒരു വർഷം കൂടി കൂട്ടിയാൽ അധിക സാമ്പത്തിക ബാധ്യത ഒഴിവാകുമെന്ന കണക്കുകൂട്ടലിലാണ് ധനവകുപ്പ്. വിരമിക്കൽ പ്രായം വർധിപ്പിച്ചാൽ, ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള സേവന ആനുകൂല്യങ്ങൾ ഒരു വർഷത്തേക്ക് മാറ്റിവയ്ക്കാമെന്നും മുന്നിൽ കണ്ടാണ് പെൻഷൻ പ്രായം കൂട്ടാമെന്ന നിലപാടിൽ സർക്കാർ എത്തിയത്.
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56 വയസിൽനിന്ന് 57 ആക്കി വർധിപ്പിക്കണമെന്ന് 11ാം ശമ്പള പരിഷ്‌കരണ കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.
കൂടാതെ വിഷയത്തിൽ സി.പി.എം പിന്തുണ കൂടി ലഭിച്ചതിനെ തുടർന്നാണ് വിരമിക്കൽ പ്രായം 57 ആക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടു പോകുന്നതെന്നാണ് വിവരം.
ഒരു വർഷം ഏകദേശം 20,000ത്തിലധികം സർക്കാർ ജീവനക്കാരാണ് വിരമിക്കുന്നത്.
ഇവരുടെ ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാൻ ഏതാണ്ട് 4,000 കോടി രൂപയോളം വേണ്ടി വരും. നിലവിൽ കടമെടുത്താണ് ശമ്പളവും പെൻഷനും നൽകുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പെൻഷൻ പ്രായം 58 ആക്കാൻ നീക്കം ഉണ്ടയെങ്കിലും യുവജന സംഘടനകളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."