യോഗിക്കെതിരെ ഗൊരഖ്പൂരില്‍ നിന്നും മത്സരിക്കാന്‍ ചന്ദ്രശേഖര്‍ ആസാദ്
ലഖ്നൗ: യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഗൊരഖ്പൂരില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനം ആസാദ് സമാജ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ ആസാദ് തന്നെയാണ് പ്രഖ്യാപിച്ചത്.
'യുപി നിയമസഭയില്‍ ഇടം നേടുക എന്നത് എനിക്ക് പ്രധാനമല്ല. യോഗി ആദിത്യനാഥ് നിയമസഭയില്‍ എത്താതിരിക്കുക എന്നതാണ് എനിക്ക് പ്രധാനം. അതിനാല്‍ അദ്ദേഹം എവിടെ മത്സരിച്ചാലും ഞാന്‍ മത്സരിക്കും,' അദ്ദേഹം കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.
യുപി തെരഞ്ഞെടുപ്പില്‍ ആസാദ് സമാജ് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയ ശേഷമായിരുന്നു പ്രഖ്യാപനം. സീറ്റ് വിഹിത ചര്‍ച്ചകള്‍ പൊളിഞ്ഞതിനെ തുടര്‍ന്ന് അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയുമായി തന്റെ പാര്‍ട്ടി സഖ്യത്തിനില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
യോഗി ആദിത്യനാഥ് ആദ്യമായാണ് ഗൊരഖ്പൂരില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തുടര്‍ച്ചയായി യോഗി ലോക്‌സഭയിലെത്തിയത് ഗൊരഖ്പൂരില്‍ നിന്നാണ്. ഇത്തവണ നിയമസഭയിലേക്ക് യോഗി ആദിത്യനാഥ് അയോധ്യയില്‍? നിന്നോ മഥുരയില്‍ നിന്നോ മത്സരിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ സുരക്ഷിത മണ്ഡലമായ ഗൊരഖ്പൂര്‍ തന്നെ യോഗി തെരഞ്ഞെടുക്കുകയായിരുന്നു.
34കാരനായ ചന്ദ്രശേഖര്‍ ആസാദും ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ നിന്ന് മത്സരിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദലിത് വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ താന്‍ പിന്മാറുകയാണെന്നും എസ്പി-ബിഎസ്പി സഖ്യത്തെ പിന്തുണക്കുമെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."