കോൺഗ്രസിൻ്റെ വർഗീയതയും കോടിയേരിയുടെ മതേതരത്വവും
നവാസ് പൂനൂർ
കമ്യൂണിസത്തിന് വർഗീയമായി ചിന്തിക്കാനാവില്ലെന്നാണുവയ്പ്പ്. പലപ്പോഴും ഒറ്റപ്പെട്ട നിലയിൽ ചില കമ്യൂണിസ്റ്റുകാർ വർഗീയ കാർഡിറക്കി കളിക്കാറുണ്ടെങ്കിലും വർഗീയതയെ തടഞ്ഞുനിർത്തുന്നവരാണ് കമ്യൂണിസ്റ്റുകാർ എന്ന ധാരണ സമൂഹത്തിലെ പ്രബല വിഭാഗത്തിനുണ്ടായിരുന്നു. അത് തിരുത്താൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ ജയ്പൂർ പ്രസംഗത്തിൽ പിടിച്ചുകയറി കോൺഗ്രസിനെതിരേ രൂക്ഷവിമർശനം ചൊരിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയനും പിന്നാലെ കോടിയേരി ബാലകൃഷ്ണനും. മോദിക്ക് അമിത്ഷാ പോലെയാണ് പിണറായിക്ക് കോടിയേരി എന്ന് കോൺഗ്രസ് നേതാവ് കെ. മുരളിധരൻ പറഞ്ഞത് സത്യം. ഇത് നമുക്ക് പലപ്പോഴും ബോധ്യമായതാണ്. ആടിനെ പട്ടിയാക്കാൻ, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനുള്ള കമ്യൂണിസ്റ്റ് മിടുക്ക് പലപ്പോഴും കേരളം കണ്ടതാണ്. 'ഞാൻ ഹിന്ദുവാണ് ഹിന്ദുത്വവാദിയല്ല' എന്ന രാഹുലിന്റെ വർത്തമാനത്തിൽ എന്തബദ്ധമാണുള്ളത്? 'മഹാത്മജി ഹിന്ദുവായിരുന്നു, അദ്ദേഹത്തിന്റെ മാറിലേക്ക് നിറയൊഴിച്ച നാഥൂറാം ഗോഡ്‌സെ ഹിന്ദുത്വവാദിയായിരുന്നു' - ഇതോടെ വ്യക്തമല്ലേ രാഹുൽ പറഞ്ഞത്. 'ഇന്ത്യ ഹിന്ദുക്കളുടേതാണ്. ഹിന്ദുത്വവാദികളുടേതല്ല'- ഈ വാക്കുകളിൽ എവിടെയാണ് വർഗീയത?
മകൻ കുറ്റമുക്തനായതോടെ ആരോഗ്യം തിരിച്ചുപിടിച്ച കോടിയേരി കളത്തിലിറങ്ങിയത് നാലാളറിഞ്ഞല്ലേ പറ്റൂ. കോൺഗ്രസ് തലപ്പത്ത് മതന്യൂനപക്ഷങ്ങൾ തഴയപ്പെടുന്നു എന്ന പരിഹാസ്യമായ പ്രസ്താവനയാണ് കോടിയേരിയിൽ നിന്നുണ്ടായത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞപോലെ കോടിയേരി പാഷാണം വർക്കിയുടെ സ്വഭാവമാണ് കാണിക്കുന്നത്. കാലടി ഗോപിയുടെ ഏഴു രാത്രികൾ എന്ന നാടകത്തിലെ പാഷാണം വർക്കി ഹിന്ദു വീടുകളിൽ കൃഷ്ണന്റെ ചിത്രവും ക്രിസ്ത്യൻ വീടുകളിൽ യേശുവിന്റെ ചിത്രവുമാണ് കാണിക്കുക. മുസ്‌ലിം ലീഗിനെ വിമർശിക്കാൻ ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാൻ ശ്രമിച്ചു, ഇപ്പോൾ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാൻ കോൺഗ്രസിനെ വിമർശിക്കുന്നു. കോൺഗ്രസ് തലപ്പത്ത് ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ളവർ ഇല്ല എന്നാണ് കോടിയേരി സങ്കടപ്പെടുന്നത്. ന്യൂനപക്ഷ പിന്നോക്കവിഭാഗങ്ങൾക്ക് കോൺഗ്രസ് ഒരു പരിഗണനയും നൽകുന്നില്ലെന്നതാണ് അദ്ദേഹത്തിന്റെ പ്രയാസം. മുട്ടിന് താഴെ കാലില്ലാത്തവൻ കാലിന്റെ ചെറുവിരലിന് പരുക്ക് പറ്റിയവനെ നോക്കി മുടന്തൻ എന്ന് വിളിക്കുന്നത് പോലെ പരിഹാസ്യമല്ലേ ഇത്. ഇന്ത്യൻ ചരിത്രവും കേരള ചരിത്രവുമൊന്നും അറിയാത്ത ആളല്ല കോടിയേരി, അങ്ങനെയായിരുന്നെങ്കിൽ അതൊന്ന് പറഞ്ഞ് പഠിപ്പിക്കാമായിരുന്നു. ഉറങ്ങുന്നവനെയല്ലേ വിളിച്ചുണർത്താനാവൂ, ഉറക്കം നടിക്കുന്നവനെ എങ്ങനെ വിളിച്ചുണർത്തും.
ഇന്ത്യൻ നാഷനൽ കോൺഗ്രസ് രൂപീകരിക്കുന്നത് 1885 ലാണല്ലോ. മൂന്ന് വർഷം കഴിഞ്ഞപ്പോൾ എ.ഐ.സി.സിയുടെ പ്രസിഡന്റ് പദത്തിലെത്തിയത് ബദറുദ്ദീൻ ത്വയബ്ജിയായിരുന്നു. മഹാരാഷ്ട്രക്കാരനായ ഈ നേതാവിനെ കോടിയേരി കേട്ടിട്ട് പോലുമുണ്ടാവില്ല. അതിന് ശേഷവും അര ഡസനിലേറെപ്പേർ കോൺഗ്രസ് അധ്യക്ഷന്മാരായിട്ടുണ്ട്. റഹ്മത്തുള്ള സയാനി, സയ്യിദ് മുഹമ്മദ് ബഹാദൂർ, സയ്യിദ് ഹസൻ ഇമാം, ഹക്കീം അജ്മൽ ഖാൻ, മുഹമ്മദലി ജൗഹർ, അബുൽ കലാം ആസാദ്, എം.എ അൻസാരി തുടങ്ങിയവരെക്കുറിച്ചും സി.പി.എം പഠിക്കണം. രാഷ്ട്രപതിമാരായ ഡോ. സക്കീർ ഹുസൈനും ഫക്‌റുദ്ദീൻ അലി അഹമ്മദും മുസ്‌ലിംകളായിരുന്നില്ലേ. സിഖുകാരനായ ഡോ. സെയിൽ സിങ്ങും ദലിത് വിഭാഗത്തിൽ നിന്നുള്ള ഡോ. കെ.ആർ നാരായണനും ഇന്ത്യയുടെ പരമോന്നത പദവിയായ രാഷ്ട്രപതിയായില്ലേ. ഇന്ത്യൻ നാഷനൽ കോൺഗ്രസല്ലേ ഈ പ്രതിഭകളെ സംഭാവന ചെയ്തത്. ഡോ. മൻമോഹൻ സിങ്ങിനെ 10 വർഷം പ്രധാനമന്ത്രിയാക്കിയതും കോൺഗ്രസ് തന്നെ. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുസ്‌ലിം മുഖ്യമന്ത്രി അസമിലെ അൻവറാ തൈമൂറിനെ മുഖ്യമന്ത്രിയാക്കിയ കോൺഗ്രസാണ് ബിഹാറിൽ അബ്ദുൽ ഗഫൂറിനെയും മഹാരാഷ്ട്രയിൽ അബ്ദുറഹിമാൻ ആന്തുലെയെയും രാജസ്ഥാനിൽ ബർഖത്തുള്ള ഖാനെയും പോണ്ടിച്ചേരിയിൽ എം.ഒ.എച്ച് ഫാറൂഖിനെയും ഭരണ സാരഥ്യം ഏൽപ്പിച്ചത്. ഹൈക്കോടതികളിലും സുപ്രിംകോടതികളിലും മുസ്‌ലിം സമുദായത്തിൽനിന്ന് ഒട്ടേറെ ന്യായാധിപന്മാരെ കൊണ്ടുവന്ന കോൺഗ്രസ് സുപ്രിം കോടതിയിലെ പ്രഥമ മുസ്‌ലിം ചീഫ് ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുല്ലയെ പിന്നീട് ഉപരാഷ്ട്രപതിയുമാക്കി.
വളരെ വിലകുറഞ്ഞ മൂന്നാം തരം ആരോപണമാണ് കോടിയേരി ഉന്നയിച്ചത്. അതിന് മറുപടി പറയുകയല്ല, നമ്മുടെ കേരളീയ സംസ്‌കൃതി ഓർമപ്പെടുത്തുക മാത്രമാണ്. പാർട്ടി ഭാരവാഹിത്വങ്ങളിലൊ മറ്റ് സ്ഥാനമാനങ്ങളിലൊ സംവരണമില്ല, കൊള്ളാവുന്ന പാർട്ടി പ്രവർത്തകരെയാണ് സംഘടനയിലും പുറത്തും സ്ഥാനമാനങ്ങളിലെത്തിക്കുക. കമ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെ കാലമിത്രയും തുടർന്നുപോരുന്ന ഒരു രീതിയിതാണ്. എന്നിട്ടിപ്പോൾ സി.പി.എം പോലൊരു പാർട്ടി ഭാരവാഹിയിലനിന്ന് ഒരിക്കലും കേൾക്കാൻ പാടില്ലാത്ത വർത്തമാനം കേൾക്കേണ്ടി വന്നു. കഷ്ടം എന്നല്ലാതെ എന്തു പറയാൻ. അതുകൊണ്ട് മാത്രമാണ് ചില കാര്യങ്ങൾ ഓർമിപ്പിക്കുന്നത്.
1957ൽ ഐക്യ കേരളത്തിലെ പ്രഥമ കെ.പി.സി.സി പ്രസിഡന്റ് ആർ. ശങ്കറായിരുന്നു. 1961ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് പട്ടം താണുപിള്ള ഗവർണറായപ്പോൾ ആർ. ശങ്കർ മുഖ്യമന്ത്രിയായി. ആർ. ശങ്കർ ഈഴവനായിരുന്നു. സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ കോടിയേരി പരിതപിച്ചത് നമ്മൾ കേട്ടതാണ്. കോൺഗ്രസിനെ നയിക്കുന്നവരിൽ മതന്യൂനപക്ഷ വിഭാഗത്തിൽനിന്ന് ആരുമില്ലത്രെ. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമൊന്നും പിന്നോക്ക വിഭാഗത്തിൽ നിന്നുള്ളവരല്ല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഏത് വിഭാഗത്തിൽ പെടുമെന്നൊന്നും ചോദിക്കേണ്ട. അതവരുടെ പാർട്ടി കാര്യമാണ്. നമ്മളാരും ഇതുവരെ അവരുടെ മതമോ ജാതിയോ ചിന്തിച്ചിട്ടുപോലുമില്ല. പിന്നെന്തിനാണ് കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും ജാതകം കോടിയേരി തിരയുന്നത്? ഉത്തരം ലളിതം. അവരുടെ മനസിലാണ് ഇപ്പോൾ ജാതിചിന്തയുള്ളത്. കൊള്ളാമെന്ന് പാർട്ടിക്ക് തോന്നുന്നവരെയാണ് ഈ സ്ഥാനങ്ങളിലെത്തിക്കേണ്ടത്. ഇതിനർഥം മറ്റുള്ളവരാരും കൊള്ളാത്തവരാണെന്നല്ല. കൊള്ളാവുന്നവരാവണം സ്ഥാനമാനങ്ങൾ അലങ്കരിക്കേണ്ടതെന്ന് മാത്രം.
മുസ്‌ലിം സമുദായത്തിൽനിന്നുള്ളവരല്ല പാർട്ടി പ്രസിഡന്റും പ്രതിപക്ഷ നേതാവും എന്നതും സി.പി.എമ്മിന്റെ ദുഃഖമാണ്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, ഹസൻ കോയ മൊല്ല, പി.കെ മൊയ്തീൻ കുട്ടി, ടി.ഒ ബാവ, എം.എം ഹസൻ തുടങ്ങിയവരെയെല്ലാം കെ.പിസിസി പ്രസിഡന്റുമാറാക്കിയ പാർട്ടിയാണ് കോൺഗ്രസ്. ന്യൂനപക്ഷ സമുദായക്കാരനായ എ.കെ ആന്റണി മൂന്ന് തവണയും ഉമ്മൻ ചാണ്ടി രണ്ട് തവണയും മുഖ്യമന്ത്രിയായിട്ടുണ്ടെന്നതും കോടിയേരി മറന്നതാവും. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും തലപ്പത്ത് ന്യൂനപക്ഷക്കാർ എത്തിയാലും കുറ്റം, എത്തിയില്ലെങ്കിലും കുറ്റം.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് സി.പി.എമ്മിന്റെ വിമർശനം ഓർമ്മയുണ്ടോ. 'യു.ഡി.എഫിനെ നയിക്കുന്നത് കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും കുഞ്ഞാലിക്കുട്ടിയുമാണെന്ന്'. പിന്നീട് പറഞ്ഞു:'അമീറും ഹസനും കുഞ്ഞാലിക്കുട്ടിയുമാണ് യു.ഡി.എഫിനെ നയിക്കുന്നത്'. ഭൂരിപക്ഷ സമുദായത്തെ പ്രകോപിപ്പിക്കാനായിരുന്നു ഈ ആരോപണങ്ങൾ. രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യ, മതേതര പാർട്ടി ഈ ആരോപണങ്ങളെയൊക്കെ പുച്ഛിച്ചുതള്ളി. ഇപ്പോഴും ജനാധിപത്യ കേരളം കോടിയേരിയുടെ പ്രസ്താവന അവഗണിക്കുകയാണ്. അതുകൊണ്ടാണ് ആരും തിരിച്ച് സി.പി.എമ്മിനെക്കുറിച്ച് പറയാത്തത്. സി.പി.എമ്മിന്റെ ചരിത്രത്തിൽ ഒരു പാർട്ടി സെക്രട്ടറിയും മുസ്‌ലിം സമുദായത്തിൽ നിന്നായിട്ടില്ല, ഒരു മുഖ്യമന്ത്രിയും ഈ സമുദായത്തിൽനിന്ന് വന്നിട്ടില്ല. ഒരു ആരോപണമുന്നയിച്ച് നാം വിരൽ ചൂണ്ടുമ്പോൾ മറ്റ് വിരലുകളൊക്കെ നമ്മുടെ നേരെ ചൂണ്ടും എന്നതും ഒരു സത്യം.
മലയാളിസമൂഹം മൊത്തം വിവരദോഷികളാണെന്ന് ധരിക്കരുത്. അഴിമതിയിൽ മുങ്ങിക്കുളിക്കുന്ന, ക്രമസമാധാനത്തകർച്ച നേരിടുന്ന ഇടതുഭരണം, രണ്ടാംവരവിന്റെ ദുരന്തം പേറുന്ന പിണറായി മന്ത്രിസഭ, ജനവിരുദ്ധമായ സിൽവർ ലൈൻ പദ്ധതി- ഇതിൽ നിന്നൊക്കെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നറിയാത്തവരല്ല നമ്മൾ. സി.പി.എമ്മിനോടും കോടിയേരിയോടും ഒന്നേ പറയാനുള്ളൂ. വർഗീയക്കണ്ണുകൾ തുറക്കാതിരിക്കുക. ജാതിയുടെ, മതത്തിന്റെ, വർഗത്തിന്റെ, വർണത്തിന്റെ, വേഷത്തിന്റെ, ഭാഷയുടെ പേരിൽ ഇന്ത്യൻ ജനതയെ കുരുതികൊടുക്കാതിരിക്കുക. എങ്കിൽ മാത്രമേ കേരളത്തിൽ പിടിച്ചുനിൽക്കാനാവൂ. അല്ലെങ്കിൽ ബംഗാളും ത്രിപുരയും ആവർത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."