HOME
DETAILS
MAL
ഭരണം പിടിക്കാനുറച്ച് കോണ്‍ഗ്രസ്; കേന്ദ്ര നേതാക്കളുടെ സംഘം എത്തുന്നു
backup
January 20 2021 | 19:01 PM
തിരുവനന്തപുരം: കേരളത്തില്‍ ഭരണം പിടിക്കാന്‍ ഉറപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പു തന്ത്രങ്ങളാവിഷ്‌ക്കരിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നാളെ കേരളത്തിലെത്തും. തിരുവനന്തപുരത്തെത്തുന്ന സംഘം വൈകിട്ട് യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തും. 23ന് കെ.പി.സി.സി ഭാരവാഹി യോഗത്തിലും ഇവര്‍ പങ്കെടുക്കും. ഉമ്മന്‍ ചാണ്ടിയുടെ ചുമതലയില്‍ പുതുതായി നിയോഗിച്ച പ്രചാരണ സമിതിയുടെ ആദ്യ യോഗവും അന്ന് ചേര്‍ന്നേക്കും. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറും യോഗങ്ങളില്‍ പങ്കെടുക്കും. മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കുന്ന കാര്യത്തിലും കെ.സുധാകരന് അധ്യക്ഷന്റെ ചുമതല നല്‍കുന്നതിലും പ്രത്യേക സംഘം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുന്‍ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫെലേറോ, മുന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര എന്നിവരാണ് നാളെ കേരളത്തിലെത്തുന്നത്. ഉമ്മന്‍ ചാണ്ടിയെ യു.ഡി.എഫിന്റെ അമരക്കാരനായി നിശ്ചയിച്ച ശേഷമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പ്രത്യേക സംഘം കേരളത്തിലേക്ക് വരുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് നല്‍കുക എന്നതും കേരള നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലൂടെ പ്രത്യേക സംഘം ലക്ഷ്യമിടുന്നുണ്ട്.
കെ.പി.സി.സി പ്രസിഡന്റാകാന്‍
താല്‍പര്യമുണ്ടെന്ന് സുധാകരന്‍
കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്റാകാന്‍ താല്‍പര്യമുണ്ടെന്നു വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. കെ.പി.സി.സി പ്രസിഡന്റാകുന്ന തരത്തില്‍ ഒരറിയിപ്പും തനിക്കു ലഭിച്ചിട്ടില്ല. എന്നാല്‍ നേതൃത്വം ഇങ്ങനെയൊരാവശ്യം മുന്നോട്ടുവച്ചാല്‍ യാതൊരു മടിയുമില്ലാതെ ഏറ്റെടുക്കും. കഴിഞ്ഞ 15നു ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തണമെന്നു ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്നു മകന്റെ വിവാഹ തിരക്കിനാല്‍ പോകാന്‍ കഴിഞ്ഞില്ല. 23നു തിരുവനന്തപുരത്ത് കാണണമെന്നു കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റാകുന്നതു സംബന്ധിച്ച് ആധികാരികമായ ഒരറിയിപ്പും ലഭിക്കാതെ മറ്റൊന്നും ഇക്കാര്യത്തില്‍ പറയാനില്ല. നേതൃപദവിയിലിരിക്കുമ്പോള്‍ യുവാക്കള്‍ക്ക് ആത്മവിശ്വാസമുണ്ടാക്കുന്ന പ്രചാരണ ശൈലിയാണു സ്വീകരിച്ചത്. ആ രീതി തന്നെ ഇനിയും തുടരും. ദേശീയ നേതൃത്വവുമായി പലവിധ ചര്‍ച്ചകള്‍ നേരത്തെ നടത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പിന്റെ നായകസ്ഥാനത്തേക്കു വന്നതു കേരളത്തിലെ കോണ്‍ഗ്രസിലെ ഐക്യത്തിന്റെ കാലമാണ് ഓര്‍മിപ്പിക്കുന്നത്. രമേശ് ചെന്നിത്തലയെ മാറ്റി നിര്‍ത്തിയിട്ടില്ല. തെരഞ്ഞെടുപ്പിനെ നേരിടുന്നതു മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിട്ടല്ല. മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തല യോഗ്യനാണ്. ഇനി ഗ്രൂപ്പിനെ കുറിച്ചു ചിന്തിക്കില്ല. എല്ലാവരും ഗ്രൂപ്പിനതീതരായാണു തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."