മൂന്നാം തരംഗത്തെ ഒന്നിച്ചുനിന്ന് മറികടക്കാം
പിണറായി വിജയൻ
രാജ്യത്ത് ആദ്യത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചപ്പോൾ തന്നെ പ്രതിസന്ധി അതിജീവിക്കുന്നതിന് ഉണർന്നുപ്രവർത്തിച്ച സംസ്ഥാനമാണ് കേരളം. ഏറ്റവും തുടക്കത്തിൽ ശാസ്ത്രീയമായ കൊവിഡ് പ്രതിരോധ നടപടികൾ കൊണ്ടുവരാനും സുസജ്ജമായ ആരോഗ്യ സംവിധാനങ്ങളും മറ്റു ക്രമീകരണങ്ങളും ഏർപ്പെടുത്താനും നമുക്ക് സാധിച്ചു. ലോകത്ത് വിവിധയിടങ്ങളിൽ കൊവിഡ് വ്യാപകമായി ജീവനെടുക്കുന്ന ഘട്ടത്തിലും ഇവിടെ മരണനിരക്ക് കുറച്ചു നിർത്താനായത് ക്രിയാത്മകമായ ഈ ഇടപെടൽ മൂലമാണ്. ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനത്തോടെ ഇന്ന് നാം കൊവിഡിന്റെ മൂന്നാംതരംഗത്തെ നേരിടുകയാണ്. ആദ്യ രണ്ടു ഘട്ടങ്ങളിലും സമ്പൂർണ ലോക്ക്ഡൗണിലേക്ക് സംസ്ഥാനത്തിന് പോകേണ്ടിവന്നു. അന്ന്, പൂർണമായ അടച്ചുപൂട്ടൽ ജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് നമുക്കറിയാം. അത്തരമൊരു നടപടിയിലേയ്ക്ക് കടക്കേണ്ട സാഹചര്യം ഈ ഘട്ടത്തിൽ ഇവിടെ ഇതുവരെ സംജാതമായിട്ടില്ല എന്നത് ആശ്വാസകരമാണ്.
കൊവിഡ് ബാധിതരുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുക എന്നതാണ് ആദ്യഘട്ടം മുതൽ തന്നെ കേരളം സ്വീകരിച്ചുവരുന്ന നയം. നിലവിൽ പൂർണമായ അടച്ചുപൂട്ടലിലേക്ക് പോകുന്നതിനു പകരം മേഖലാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ തിരിച്ചാണ് നിയന്ത്രണങ്ങൾ. സമ്പൂർണ അടച്ചിടൽ ജനങ്ങളുടെ ജീവിതത്തേയും ജീവിതോപാധിയേയും സാരമായി ബാധിക്കും. സംസ്ഥാനമാകെ അടച്ച് പൂട്ടിയാൽ ജനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകും. കടകൾ അടച്ചിട്ടാൽ വ്യാപാരികളെ ബാധിക്കും. വാഹനങ്ങൾ നിരത്തിലിറങ്ങാതെയിരുന്നാൽ അത് എല്ലാവരേയും ബാധിക്കും. അതിനാൽ തന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയമായ തന്ത്രമാണ് കേരളം ആവിഷ്‌കരിച്ചിരിക്കുന്നത്. സാമൂഹികമായി ആർജിച്ച രോഗപ്രതിരോധശേഷിയും വാക്‌സിനേഷന്റെ തോതും ആരോഗ്യസംവിധാനങ്ങളുടെ ലഭ്യതയും ഒക്കെ കണക്കിലെടുത്ത് വ്യത്യസ്തമായ സാമൂഹ്യ നിയന്ത്രണ രീതികളാണ് ഓരോ പ്രദേശത്തും നടപ്പാക്കുന്നത്. പലയിടത്തും സാമൂഹിക ജീവിതം പൂർണമായും സ്വതന്ത്രമാക്കുന്നത് വരെ കാണാൻ സാധിച്ചിട്ടുണ്ട്. ഇവയെല്ലാം വിശദമായി പരിശോധിച്ചാണ് കേരളം ഇപ്പോഴത്തെ പ്രതിരോധമാർഗം സ്വീകരിച്ചിരിക്കുന്നത്. സമാനമായ രീതി തന്നെയാണ് ഇക്കാര്യത്തിൽ സാഹചര്യങ്ങൾക്കനുസൃതമായി ഭാവിയിലും പിന്തുടരുക. അതു വിജയിക്കണമെങ്കിൽ ജനങ്ങളുടെ പൂർണ പിന്തുണ അനിവാര്യമാണ്.
ഇപ്പോഴത്തെ സ്ഥിതിയിൽ കൊവിഡ് ബാധിക്കുന്നവർ വീടുകളിൽതന്നെ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകും. രോഗം കടുക്കുന്ന സ്ഥിതിയുണ്ടായാൽ ആശുപത്രി സേവനം തേടണം. മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവരും പ്രായാധിക്യമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. പനി നിയന്ത്രണവിധേയമാകാതിരുന്നാലും ഡോക്ടറുടെ അഭിപ്രായം തേടണം. കൊവിഡ് ബാധിതർക്കുള്ള ഗാർഹിക പരിചരണത്തിനും ക്വാറന്റൈനും പുതിയ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. വീടുകളിൽ കഴിയുമ്പോൾ ഓക്‌സിജന്റെ അളവും ശരീരോഷ്മാവും കൃത്യമായി നിരീക്ഷിക്കണം. കുടുംബാംഗങ്ങളിൽ നിന്ന് അകലം പാലിക്കുകയും വായുസഞ്ചാരമുള്ള മുറിയിൽ കഴിയുകയും വേണം. രോഗിയെ വീടുകളിൽ പരിപാലിക്കുന്നവരും രോഗം പകരാതിരിക്കാൻ ശ്രദ്ധിക്കണം. ഇവർ എൻ 95 മാസ്‌കോ ഡബിൾ മാസ്‌കോ ഉപയോഗിക്കണം. ഇ സഞ്ജീവനി പോലെയുള്ള ടെലി കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തണം.
പത്തിലധികം ആളുകൾക്ക് കൊവിഡ് ബാധിച്ചാൽ ആ പ്രദേശം ലാർജ് ക്ലസ്റ്ററാകും. അത്തരത്തിൽ അഞ്ചു ക്ലസ്റ്ററുകളിലധികം ഉണ്ടെങ്കിൽ പ്രാദേശിക ആരോഗ്യ അധികൃതരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനം അല്ലെങ്കിൽ ഓഫിസ് അഞ്ചു ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിക്കാവുന്നതാണ്. സാധ്യമാകുന്നിടത്തെല്ലാം സ്ഥാപനങ്ങളും ഓഫിസുകളും തുറന്ന് പ്രവർത്തിക്കണമെന്നാണ് സർക്കാർ സമീപനം.
കൊവിഡ് പ്രതിരോധം എല്ലാവരും കൈകോർത്ത് നടത്തേണ്ട ഒന്നാണ്. ആരോഗ്യപ്രവർത്തകരും പൊലിസടക്കമുള്ള സേനകളും സന്നദ്ധപ്രവർത്തകരും അവിശ്രമം പ്രവർത്തിച്ച് കൊണ്ടിരിക്കയാണ്. ജനങ്ങളുടെ സാധാരണജീവിതത്തിനും നാടിന്റെ പുരോഗതിയ്ക്കും പരുക്കേൽക്കാതിരിക്കാനുള്ള ജാഗ്രതയാണ് ഈ കൂട്ടായ്മക്ക് അടിസ്ഥാനം. നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം മുടങ്ങാതെ തുടരേണ്ടതുണ്ട്. വീടുകളിൽ അടുപ്പ് പുകയേണ്ടതുണ്ട്. പുതിയ കാലത്ത് ഏറ്റെടുക്കാനുള്ള വെല്ലുവിളി പുതിയ തരത്തിലുള്ളതാണെന്നു തിരിച്ചറിഞ്ഞു എല്ലാവരും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അണിചേരുകയും സ്വയംകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."