പാര്‍ട്ടി വിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.വി തോമസ്; ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തും
കൊച്ചി: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിന്ന കെ.വി തോമസ് അനുരഞ്ജനത്തിന് വഴങ്ങുന്നു. ഇന്നലെ വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഫോണില്‍ വിളിച്ചതോടെയാണ് തോമസ് നിലപാട് മയപ്പെടുത്തിയത്. സോണിയയുടെ നിര്‍ദ്ദേശമനുസരിച്ച് കെ.വി തോമസ് തിരുവനന്തപുരത്തെത്തി ഹൈക്കമാന്‍ഡ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച്ച നടത്തും.
സോണിയാ ഗാന്ധി പറഞ്ഞാല്‍ താന്‍ എന്തും അനുസരിക്കുമെന്നും ഇന്ന് തിരുവനന്തപുരത്ത് എത്തി കോണ്‍ഗ്രസ് നേതാക്കളെ കാണുമെന്നും കെ.വി തോമസ് ഇന്നലെ രാത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് വിടുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്ന വാര്‍ത്താസമ്മേളനം ഇന്നലെ വൈകിട്ട് റദ്ദാക്കിയതായി അറിയിപ്പ് വന്നതിനു പിന്നാലെയാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
സ്ഥാനമാനങ്ങള്‍ കിട്ടാത്തതിന്റെ പേരിലല്ല താന്‍ ഒഴിഞ്ഞു മാറിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നില്ല. അതിനിടെ പാര്‍ട്ടി നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്നും തോമസ് വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ നിന്നും അകന്ന കെ.വി തോമസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായ പ്രചാരണം. സി.പി.എം ജില്ലാ നേതൃത്വം കെ.വി തോമസിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."