എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷം: പ്രൗഢഗംഭീരം, കരുത്ത് പ്രകടമാക്കി പരേഡ്
ന്യൂഡല്‍ഹി: കൊവിഡ് മൂന്നാംതരംഗത്തിനിടെ ജാഗ്രത കൈവിടാതെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരമര്‍പ്പിച്ചതോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ റിപ്പബ്ലിക്ദിനാഘോഷത്തിന്റെ മുഖ്യ ആകര്‍ഷണമായ പരേഡ് തുടങ്ങി. സൈനിക ശക്തി വിളിച്ചോതുന്ന പരേഡില്‍ രാഷ്ടപതി സല്യൂട്ട് സ്വീകരിക്കും.
25 നിശ്ചലദൃശ്യങ്ങള്‍ ഇത്തവണ പരേഡിലുണ്ടാകും. ഇതുകൂടാതെ ഇന്ത്യന്‍ വ്യോമസേനയുടെ 75 വിമാനങ്ങളുടെ ഗ്രാന്‍ഡ് ഫ്‌ലൈ പാസ്റ്റ്, മത്സര പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത 480 നര്‍ത്തകരുടെ പ്രകടനങ്ങള്‍ എന്നിവ പരേഡിലെ പ്രധാന ആകര്‍ഷണങ്ങളാകും.
ഇത്തവണ വിശിഷ്ടാതിഥിയില്ല. ലഫ്റ്റനന്റ് ജനറല്‍ വിജയ് കുമാര്‍ മിശ്രയാണ് പരേഡ് കമാന്‍ഡര്‍. 24,000 പേര്‍ക്കാണ് പരേഡ് കാണാന്‍ അനുമതിയുള്ളത്. കാണികളുടെ സൗകര്യം കണക്കിലെടുത്ത് ആദ്യമായി പത്ത് വലിയ എല്‍.ഇ.ഡി സ്‌ക്രീനുകളും സ്ഥാപിക്കുന്നുണ്ട്.
സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിവാദ്യം സ്വീകരിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പൊതുജനങ്ങള്‍ക്ക് ചടങ്ങുകളില്‍ പ്രവേശനമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."