HOME
DETAILS

കാരണഭൂതകാലത്തെ മലയാള കവിത

  
backup
January 30 2022 | 05:01 AM

54625463-3-2022-janury-30

കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്‌
9846159481

സാഹിത്യത്തെ അതിന്റെ ചരിത്രം രചിച്ചവർ പല കാലങ്ങളുടെ കള്ളികളായി തിരിച്ചിട്ടുണ്ട്. സംഘകാലം, ചെന്തമിഴ് കാലം, മലയാണ്മക്കാലം, ക്ലാസിക്കൽ കാലം, ആധുനിക കാലം, ഉത്തരാധുനിക കാലം തുടങ്ങി പലവിധം. ഓരോ കാലത്തിന്റെയും രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക അവസ്ഥകളെ അക്കാലത്തെ സാഹിത്യം അടയാളപ്പെടുത്തുന്നുണ്ടെന്ന് സാഹിത്യത്തിൽ ഒരുപാട് ഗവേഷണം നടത്തിയ ഒരുപാട് വിവരമുള്ളവർ പറഞ്ഞിട്ടുമുണ്ട്. ഈ കാലഗണന ഏതെങ്കിലുമൊരു കാലത്തോടെ അവസാനിക്കുന്നില്ല. കാലം മാറുന്നതിനനുസരിച്ച് പുതിയ കാലഗണനകളും വരും. രാഷ്ട്രീയാവസ്ഥകൾ പ്രതിഫലിപ്പിക്കുന്നു എന്ന് പറയുന്നതിൽ പ്രധാനം രാജസ്തുതിയോ നാടുവാഴി സ്തുതിയോ ഒക്കെയാണ്. അത് എല്ലാ കാലത്തും അങ്ങനെയാണ്. ക്ലാസിക്കുകളായി നമ്മൾ കണക്കുകൂട്ടുന്ന പഴയകാല കൃതികളിൽ പലതിലും മുൻതൂക്കം രാജസ്തുതിക്കാണ്. അതങ്ങനെ നിലനിർത്തിക്കൊണ്ടുപോരാൻ അതതു കാലത്തെ ഭരണാധികാരികൾ ശ്രദ്ധിക്കാറുമുണ്ട്. അതിനായി അവർ പ്രയോഗിച്ചുപോന്ന സ്ഥിരം തന്ത്രങ്ങളുമുണ്ട്. ഇന്നത്തെപ്പോലെ അക്കാദമികൾ എന്ന സെറ്റപ്പോ മറ്റു പലതരം കമ്മിറ്റി അംഗത്വങ്ങളോ അവാർഡുകളോ ഒന്നുമില്ലായിരുന്നെങ്കിലും തങ്ങളെ പുകഴ്ത്താൻ സന്നദ്ധരായ എഴുത്തുകാരെയും കലാകാരൻമാരെയും കലാകാരികളെയുമൊക്കെ ഭരണാധികാരികൾ കൈയയച്ചു സഹായിച്ചിരുന്നു. അവരെ കൊട്ടാര പരിസരങ്ങളിൽ തന്നെ താമസിപ്പിച്ച് സുഖസൗകര്യങ്ങളോടെ തീറ്റിപ്പോറ്റൽ, പട്ട്, വള തുടങ്ങി പ്രലോഭനങ്ങൾ ഏറെയായിരുന്നു.


ഇത്തരം പ്രലോഭനങ്ങൾക്കു വഴങ്ങാൻ വിസമ്മതിക്കുന്നവർക്കു നേരെ പ്രയോഗിച്ചിരുന്നത് വാളായിരുന്നു. രാജാവിന് അഹിതകരമായ എന്തെങ്കിലും എഴുത്തിലോ മറ്റു കാലാരൂപങ്ങളിലോ അവതരിപ്പിച്ചാൽ ഉടലിൽ തല കാണില്ലെന്ന് ഉറപ്പാണ്. തലയില്ലാതെ എഴുതാനും വേദികളിൽ കയറി ആടാനും വലിയ ബദ്ധിമുട്ടായിരിക്കുമെന്ന് അറിയുന്നതിനാലാവാം പലരും മനസ്സില്ലാമനസ്സോടെ രാജസ്തുതി നടത്തിയിരുന്നു.
കാലം മാറിയാലും ഇത്തരം രീതികൾക്കൊന്നും വലിയ മാറ്റം വരാറില്ല. ജനാധിപത്യ ഭരണകാലത്തും ഇങ്ങനെ കുറെയാളുകളെ കൂടെ നിർത്താൻ ഭരണകൂടങ്ങൾ ശ്രദ്ധിക്കാറുണ്ട്. ജനാധിപത്യത്തിൽ പൗരർക്ക് ചില നിയമ സംരക്ഷണങ്ങളുള്ളതിനാൽ വാൾ പ്രയോഗം പോലുള്ള ചില പരിപാടികൾ അത്രയൊന്നും എളുപ്പമല്ലാതായി മാറിയിട്ടുണ്ട്. എന്നുകരുതി എതിർത്ത് എഴുതുകയോ പാടുകയോ ആടുകയോ ഒക്കെ ചെയ്യുന്നവരെ വെറുതെ വിടാറുമില്ല. അവർക്ക് വേണ്ടതു കൊടുക്കാൻ ഭരിക്കുന്ന പാർട്ടികളുടെ അണികളുണ്ട്. കൊലയോ ആക്രമണമോ തെറിയോ ഒക്കെയായി അവർ സമയവും തരവും നോക്കി ചെയ്യേണ്ടതു ചെയ്‌തോളും.


മലയാളസാഹിത്യം ഇപ്പോൾ 'കാരണഭൂതകാലം' എന്നൊരു പ്രത്യേകതരം കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ചില സാഹിത്യഗവേഷകരുടെ നിരീക്ഷണം. ഭരണാധികാരിയെ സകലതിനും കാരണഭൂതനായി അവതരിപ്പിക്കുകയെന്ന സാഹിത്യ സങ്കേതമാണ് ഇപ്പോൾ മലയാളസാഹിത്യത്തിൽ പ്രാമുഖ്യം നേടിയിരിക്കുന്നത്. ഇതിന്റെ മികച്ചൊരു പ്രയോഗമാണ് ഭരണകക്ഷിയുടെ തലസ്ഥാന ജില്ലാ സമ്മേളനത്തിന് കൊഴുപ്പുകൂട്ടാൻ അവതരിപ്പിച്ച മെഗാ തിരുവാതിരയിൽ കണ്ടത്. ആ തിരുവാതിരകളിപ്പാട്ടിലെ 'ഈ കേരളം ഭരിച്ചിടും പിണറായി വിജയൻ സഖാവിന് നൂറുകോടി അഭിവാദ്യങ്ങൾ', 'ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി സഖാവ് തന്നെ' തുടങ്ങിയ വരികളുടെ സാഹിത്യഭംഗി ഇന്നല്ലെങ്കിൽ നാളെ മലയാള സാഹിത്യ ചരിത്രത്തിൽ ഗവേഷണം നടത്തുന്നവർ കണ്ടെത്തുമെന്ന് ഉറപ്പാണ്.


എന്നാൽ ഏതു കാലത്തുമുണ്ടാകുമല്ലോ സകലതിനും കാരണഭൂതരായ ഭരണാധികാരികളെ എതിർക്കുന്ന ചില ഭൂതങ്ങൾ. അവരിൽ ചിലർ എന്തെങ്കിലും കാരണം കണ്ടെത്തി കാരണഭൂതരെ എതിർത്ത് എഴുതുകയും ആടുകയും പാടുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കും. അതിവേഗമുള്ള വികസനത്തിന് തടസ്സമുണ്ടാക്കുന്ന അവരെ നേരിടേണ്ടിവരും. അതും നാടിന്റെ ആവശ്യമാണല്ലോ.


കെ റെയിലിനെതിരേ ഒരുപാട് കവിതകൾ വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. അതൊക്കെ എഴുതുന്നവരെ എടുത്തുചാടി തല്ലാനോ കൊല്ലാനോ പോകുന്നത് ഇക്കാലത്ത് അത്ര പന്തിയല്ല. അതുകൊണ്ട് അവരെ നേരിടുന്ന ചുമതല സൈബർ പോരാളികൾ എന്ന് ചിലർ വിളിക്കുന്ന പോരാളി ഷാജിമാരെയാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. സാഹിത്യം വഴിയുള്ള വിമർശനങ്ങളെ ഒരു പ്രത്യേക തരം സാഹിത്യം കൊണ്ടു നേരിടുകയാണ് അവരുടെ രീതി. ആ സാഹിത്യത്തിൽ പലർക്കും തെറിയെന്നു തോന്നുന്ന ചില സാഹിത്യപ്രയോഗങ്ങളുമുണ്ടാകും. ചുരുളി പോലുള്ള സിനിമകൾ ഇറങ്ങുന്ന ഇക്കാലത്ത് അതൊന്നും യഥാർഥത്തിൽ തെറികളല്ലെന്നതാണ് യാഥാർഥ്യം.


പോരാളി ഷാജിമാർ മഷിയിട്ടു നോക്കിയപ്പോൾ കൂട്ടത്തിൽ സാമാന്യം പ്രശസ്തനായൊരു കവിയുടെ കെ റെയിൽ വിരുദ്ധ കവിത കണ്ടു. ഓരോ മനുഷ്യനെയും നേരിടേണ്ടത് ഓരോ രീതിയിലാണല്ലോ. അതുകൊണ്ട് സൈബർ തെറിയുടെ രീതി ഇത്തിരി മയപ്പെടുത്തി. അദ്ദേഹത്തിന്റെ പേര് റഫീഖ് അഹമ്മദ് എന്നു കണ്ടപ്പോൾ ആക്രമണത്തിന് മറ്റൊരു സൗകര്യവും കണ്ടെത്തി. എതിർക്കുന്നവർ അറബി പേരുള്ളവരാണെങ്കിൽ അവരെ മുസ്‌ലിം തീവ്രവാദികളായും ഹിന്ദു പേരുള്ളവരാണെങ്കിൽ സംഘികളായും പ്രഖ്യാപിച്ച് നേരിടുന്ന ഒരു നാട്ടുനടപ്പുണ്ടല്ലോ ഇപ്പോൾ. അതുകൊണ്ട് റഫീഖ് അഹമ്മദിനെ മുസ്‌ലിം തീവ്രവാദിയാക്കിക്കൊണ്ട് സൈബർ പോരാളികൾ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റുകളിട്ടു.
ഇതിന്റെ പേരിൽ ചില ബൂർഷ്വാ ആവിഷ്‌കാരസ്വാതന്ത്ര്യവാദികൾ ബഹളമുണ്ടാക്കുന്നുണ്ട്. അതൊന്നും മുഖവിലയ്‌ക്കെടുക്കാൻ പ്രസ്ഥാനത്തിനു മനസ്സില്ല. വിപ്ലവത്തെ സംരക്ഷിക്കാൻ ബൂർഷ്വാ എഴുത്തുകാരെയും നേരിടേണ്ടിവരും.
ഇതുതന്നെയല്ലേ ആശാനും പറഞ്ഞത്


ചട്ടങ്ങളെ മാറ്റണമെന്നും അല്ലെങ്കിൽ അവ നിങ്ങളെത്തന്നെ മാറ്റിക്കളയുമെന്നും മഹാകവി കുമാരനാശാൻ പാടിയത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. മലയാളികൾ വ്യാപകമായി ഏറെക്കാലം ആ കവിത പാടിനടന്നു എന്നല്ലാതെ അതിന്റെ ഗുട്ടൻസ് പലർക്കും പൂർണമായി പിടികിട്ടിയിരുന്നില്ല. കാലഹരണപ്പെട്ട ചട്ടങ്ങൾ മാറ്റണമെന്ന് മനസിലായെങ്കിലും അങ്ങനെ ചെയ്തില്ലെങ്കിൽ അതെങ്ങനെ നമ്മളെ മാറ്റുമെന്ന് ഒരുമാതിരി ആളുകൾക്കൊന്നും തിരിഞ്ഞിരുന്നില്ല.
മഹദ് വ്യക്തികൾ പറയുന്നത് പലപ്പോഴും പറയുന്ന കാലത്ത് നാട്ടുകാർക്ക് മനസ്സിലാകാറില്ല. കാലമേറെ കഴിഞ്ഞായിരിക്കും അതറിയുക. അതുപോലെ അന്ന് ആശാൻ പറഞ്ഞത് കേരളീയരിൽ പലർക്കും മനസ്സിലാകുന്നത് അദ്ദേഹം അതെഴുതി ഒരു നൂറ്റാണ്ട് പിന്നിട്ട് 2022ൽ എത്തിയപ്പോഴാണ്. ഇവിടെ ലോകായുക്ത എന്നൊരു സംവിധാനമുണ്ട്. 1999ൽ നായനാർ സർക്കാരിന്റെ കാലത്ത് നിയമസഭ പാസാക്കിയ നിയമമനുസരിച്ചാണ് അതു പ്രവർത്തിക്കുന്നത്. അക്കാലത്ത് നായനാർക്കും കൂട്ടർക്കും മടിയിൽ കനമില്ലാത്തതുകൊണ്ടാവാം അതിൽ ചില കടുത്ത വ്യവസ്ഥകൾ ചേർത്തു. മുഖ്യമന്ത്രിയോ മന്ത്രിമാരോ എന്തെങ്കിലും അഴിമതിയോ സ്വജനപക്ഷപാതമോ ഒക്കെ നടത്തിയെന്ന പരാതിയിൽ കുറ്റക്കാരാണെന്ന് ലോകായുക്ത കണ്ടെത്തി സ്ഥാനത്തു തുടരാൻ അർഹതയില്ലെന്ന് വിധിച്ചാൽ അവർ സ്ഥാനമൊഴിയേണ്ടിവരുമെന്ന്. പിന്നാലെ വരുന്നവർക്ക് മടിയിൽ കനമുണ്ടാകാൻ സാധ്യതയുണ്ടെന്ന് നായനാരും ടീമും കരുതിക്കാണില്ല. ആശാന്റെ ക്രാന്തദർശിത്വം നായനാർക്ക് ഉണ്ടാവണമെന്ന് നമ്മൾ ശാഠ്യം പിടിച്ചിട്ടു കാര്യമില്ലല്ലോ.
എന്തായാലും നായനാരുടെ പിൻഗാമികൾക്ക് ലോകായുക്ത നിയമം കുരിശായിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന കെ.ടി ജലീലിന് സ്ഥാനമൊഴിയേണ്ടിവന്നത് ലോകായുക്ത വിധി മൂലമാണ്. ഇപ്പോൾ ലോകായുക്തയ്ക്ക് മുന്നിൽ മുഖ്യമന്ത്രിക്കും ഒരു മന്ത്രിക്കുമെതിരായ പരാതികളുണ്ട്. അതിലെങ്ങാനും എതിർവിധി വന്നാൽ അവർ സ്ഥാനമൊഴിയേണ്ടിവരും. അതായത് ലോകായുക്ത ചട്ടങ്ങൾ അവരെ അധികാരത്തിൽനിന്ന് മാറ്റിക്കളയും. അങ്ങനെ വരുമ്പോൾ ചട്ടങ്ങൾ മാറ്റുന്നതാണ് നല്ലത്. അതിനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ. ആശാൻ പറഞ്ഞത് അവർ അക്ഷരംപ്രതി പാലിക്കുന്നു.


ഇതൊന്നും കോൺഗ്രസുകാർക്കും ലീഗുകാർക്കും മനസ്സിലാവില്ല. ഗന്ധമില്ലാത്തവർക്കെന്ത് ഗന്ധകപ്പുക എന്ന് ചോദിച്ചതുപോലെ അവർക്കെന്ത് ആശാൻ. അതുകൊണ്ടാണ് അവർ ലോകായുക്ത നിയമ ഭേദഗതിയെ എതിർക്കുന്നത്. നാളെ അവർ അധികാരത്തിൽ വന്നാൽ അവർക്കും ഈ നിയമത്തിന്റെ പിടിവീഴുമെന്ന് ഓർക്കാതെയാണ് ഈ കോലാഹലം. പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു എന്ന വാർത്ത വരാറുണ്ടല്ലോ. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ബത്തകളും വർധിപ്പിക്കാനുള്ള ബിൽ നിയമസഭയിൽ വരുമ്പോൾ അവർ ഒറ്റക്കെട്ടായി അതു പാസാക്കാറുണ്ട്. അതുപോലെ പൊതുതാൽപര്യമുണ്ടാകേണ്ട വിഷയമല്ലേ ഇതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  12 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  12 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  12 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  12 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  12 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  12 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  12 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  12 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  12 days ago