അലിഗഡ് പ്രസ്ഥാനവും ഉര്‍ദുവും
ഡോ.കെ.പി ശംസുദ്ദീന്‍, തിരൂര്‍ക്കാട്
ട്ടിഷ് ആധിപത്യം കാലുറപ്പിക്കാന്‍ തുടങ്ങിയതോടെ 18ാം നൂറ്റാണ്ടിന്റെ അവസാനം തൊട്ട് ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാംസ്‌കാരികമായ വളര്‍ച്ചക്ക് ഭംഗം നേരിട്ടു. 1707ല്‍ ഔറന്‍ഗ്‌സേബ് ചക്രവര്‍ത്തിയുടെ മരണശേഷം മുഗള്‍ സാമ്രാജ്യത്തിന്റെ അസ്തിത്വം ദുര്‍ബലപ്പെട്ടു വരുകയായിരുന്നു. പില്‍ക്കാലത്തെ 150 വര്‍ഷത്തെ മുഗള്‍ഭരണം പേരിനു മാത്രമായിരുന്നു. കാര്യങ്ങളെല്ലാം ഈസ്റ്റിന്ത്യാ കമ്പനിയുടെ കൈകളിലായിരുന്നു. ഈ കാലത്താണ് ശാഹ് വലിയുല്ലാ ദഹ്‌ലവിയുടെ ആഗമനം. ചിന്നിച്ചിതറിക്കിടന്നിരുന്ന സമുദായത്തെ ഏകോപിപ്പിച്ച് മതമാര്‍ഗത്തിലേക്ക് ആനയിക്കുക എന്നതായിരുന്നു അദ്ദേഹം നിര്‍വഹിച്ച ദൗത്യം. അദ്ദേഹത്തിന് ശേഷം പുത്രന്‍ ശാഹ് അബ്ദുല്‍ അസീസ് ഇതിന്റെ തുടര്‍ച്ച സാധ്യമാക്കാന്‍ പ്രയത്‌നിച്ചു. മതപരമെന്നതിലുപരി രാഷ്ട്രീയപരമായ ഉത്ഥാനത്തിനായും അവര്‍ സമൂഹത്തിന് നേതൃത്വം നല്‍കി.
1800ല്‍ ബ്രിട്ടിഷുകാര്‍ കല്‍ക്കത്തയില്‍ സ്ഥാപിച്ച ഫോര്‍ട്ട് വില്യം കോളജ് ഇന്ത്യയിലെ സാധാരണക്കാരായ ഭൂരിഭാഗം ജനങ്ങളും മതഭേദമന്യേ സംസാരിച്ചിരുന്ന ഉര്‍ദു ഭാഷയെ മുസ്‌ലിം മുദ്രയടിച്ചും ഹിന്ദിയെ ഹിന്ദു ഭാഷയായും അവതരിപ്പിച്ചു. ഒരു ഭാഷയ്ക്ക് രണ്ട് ലിപി നിര്‍മിച്ചെടുത്താണ് വര്‍ഗീയതയെ അവര്‍ തന്ത്രപൂര്‍വം കൊണ്ടുവന്നത്.
ബ്രിട്ടിഷുകാരുടെ മുഖ്യശത്രു മുസ്‌ലിം ഭരണാധികാരികളായിരുന്നു. മുസ്‌ലിംകളുടെ ഭരണസ്വാധീനം ക്രമാനുഗതമായി തകര്‍ക്കുന്നതില്‍ ബ്രിട്ടനും ഈസ്റ്റിന്ത്യാ കമ്പനിയും വിജയിച്ചുവരുന്നതിനിടെയായിരുന്നു 1857ല്‍ മീററ്റില്‍ ബ്രിട്ടിഷ് വിരുദ്ധ പോരാട്ടം നടക്കുന്നത്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ മുഖ്യ സമരമായി വിശേഷിപ്പിക്കപ്പെട്ട വിപ്ലവം ഡല്‍ഹിയെ കലാപ കലുഷിതമാക്കി. ഇതോടെ മുഗള്‍ ഭരണത്തെ സമ്പൂര്‍ണമായി തകര്‍ത്തെറിഞ്ഞ് ബ്രിട്ടിഷ് ആധിപത്യം സമഗ്രമായി പിടിമുറുക്കി. ഏറ്റവും വലിയ നഷ്ടം നേരിടേണ്ടിവന്ന സമൂഹം മുസ്‌ലിംകളായിരുന്നു.
അലിഗഡ് പ്രസ്ഥാനം
അതിജീവനത്തിന്റെ സാധ്യതകളിലേക്ക് സമുദായത്തെ ആത്മവിശ്വാസത്തോടെ കൈപിടിച്ചുയര്‍ത്താന്‍ ശാഹ് ദഹ്‌ലവിമാരുടെ നവോത്ഥാന ചിന്തകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പ്രയത്‌നിച്ച സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്നു സര്‍ സയ്യിദ് അഹമ്മദ് ഖാന്‍. ബ്രിട്ടിഷുകാരും മുസ്‌ലിംകളും തമ്മിലുള്ള ശത്രുത ലഘൂകരിച്ചും അവര്‍ക്കിടയില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഭിത്തി ഭേദിച്ചും മാത്രമേ സമുദായത്തിന്റെ കണ്ണീരൊപ്പാനുള്ള പരിശ്രമങ്ങള്‍ സാര്‍ത്ഥകമാകൂ എന്നായിരുന്നു സര്‍ സയ്യിദിന്റെ നിലപാട്. വൈദേശിക ഭരണകൂടത്തോടുള്ള സായുധസമരം ആത്മഹത്യാപരമാണെന്നും ആധുനിക വിദ്യാഭ്യാസം ആര്‍ജിച്ച് ഭരണരംഗത്തേക്ക് ഉയര്‍ത്തപ്പെടുകയാണ് മോചനമാര്‍ഗമെന്നും സര്‍ സയ്യിദ് സമുദായത്തെ ബോധവല്‍ക്കരിച്ചു.
മതവിദ്യാഭ്യാസത്തോടൊപ്പം തന്നെ ശാസ്ത്രവിഷയങ്ങളും അനിവാര്യമാണെന്ന ചിന്ത അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്നു. പാശ്ചാത്യ ലോകവുമായി ബന്ധം സ്ഥാപിച്ച് സമുദായത്തിന്റെ വളര്‍ച്ച സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി. ഇംഗ്ലിഷ് ഭാഷയ്‌ക്കൊപ്പം ഉര്‍ദുഭാഷയെ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും ഉര്‍ദുവിന് ഭരണരംഗങ്ങളില്‍ അര്‍ഹമായ സ്ഥാനം ലഭിക്കണമെന്നും സര്‍ സയ്യിദ് സമര്‍ത്ഥിച്ചു. വിദേശ വിജ്ഞാനീയങ്ങള്‍ ഉര്‍ദു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ദൗത്യപൂര്‍ത്തീകരണത്തിനായി അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിക്കുകയായിരുന്നു. ഈ ദൗത്യത്തിന്റെ പേരാണ് 'അലിഗഡ് പ്രസ്ഥാനം'.
അലിഗഡ് പ്രസ്ഥാനം (അലിഗഡ് തഹ്‌രീക്) ഉര്‍ദു ഭാഷാ സാഹിത്യത്തിന് ഒരു പുതിയ മുഖമാണ് നല്‍കിയത്. ഉര്‍ദു ഗദ്യസാഹിത്യ രംഗത്താണ് അലിഗഡ് പ്രസ്ഥാനത്തിന്റെ മുഖ്യ സംഭാവന. ആധുനിക വിദ്യാഭ്യാസത്തിലൂടെയും അതുവഴി ഭാഷാ സാഹിത്യത്തിന്റെ വളര്‍ച്ചയിലൂടെയും മാത്രമേ ജനതയുടെ സാമ്പത്തിക സാംസ്‌കാരിക വളര്‍ച്ച സാധ്യമാകൂ എന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കള്‍ മുന്നോട്ടുവെച്ച ആശയം.
അലിഗഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗസറ്റ്
ഉര്‍ദു ഭാഷാ സാഹിത്യം അലിഗഡ് പ്രസ്ഥാനത്തോട് കടപ്പെട്ടിരിക്കുന്നു. ഉര്‍ദു സാഹിത്യത്തിന് സര്‍ സയ്യിദ് പുതിയ ദിശ നല്‍കി. പ്രസ്ഥാനത്തിന്റെ സന്ദേശ പ്രചാരണത്തിനായി 'അലിഗഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗസറ്റ്' എന്ന പേരില്‍ 1866ല്‍ മാര്‍ച്ച് 30ന് ഉര്‍ദുവില്‍ ഒരു ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചു. ഇതില്‍ ഇംഗ്ലിഷ് ഭാഷയ്ക്കും ഒരു ഭാഗമുണ്ടായിരുന്നു. ലിഥോഗ്രാഫിക് അച്ചടിയില്‍ താല്‍പര്യമില്ലാത്തതിനാല്‍ ഇംഗ്ലിഷ് പോലെ ടൈപ്പ് ചെയ്ത മാതൃകയില്‍ അച്ചടിക്കണമെന്നായിരുന്നു സര്‍ സയ്യിദിന്റെ ആഗ്രഹം. ഇതിനായി ഇംഗ്ലണ്ടില്‍ നിന്ന് പ്രത്യേക അച്ചടിയന്ത്രം കൊണ്ടുവന്നു. നവോത്ഥാന ചിന്തയെ ഉണര്‍ത്തുന്ന വാര്‍ത്തകളും ലോകവിശേഷങ്ങളും പൊതുവാര്‍ത്തകളും കൊണ്ട് സമ്പന്നമായിരുന്നു 'അലിഗഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗസറ്റ്'. ഇന്നത്തെ കേരളമുള്‍പ്പെടുന്ന പ്രദേശത്തു നിന്നുള്ള ഒട്ടേറെ വാര്‍ത്തകള്‍ ഇതില്‍ ഇടംപിടിച്ചിരുന്നു.
കേരള വാര്‍ത്തകള്‍!
1881 ഡിസംബര്‍ 13ലെ പത്രത്തില്‍ തിരുവിതാംകൂര്‍ രാജാവ് മദിരാശിയില്‍ എത്തിയത് സംബന്ധിച്ചും 1882 ജനുവരി 14ന് ഇറങ്ങിയ പത്രത്തില്‍ കൊച്ചിയുടെ അതിര്‍ത്തി തര്‍ക്കത്തെ കുറിച്ചും വാര്‍ത്തകളുണ്ടായിരുന്നു. 1882 സെപ്തംബര്‍ 5ന് ഇറങ്ങിയ പത്രത്തില്‍ സെപ്തംബര്‍ ഒന്നിന് തിരുവിതാംകൂര്‍ മഹാരാജാവ് കേരളവര്‍മ മരണപ്പെട്ട വാര്‍ത്തയും 1883 ഫെബ്രുവരിയില്‍ ഇറങ്ങിയ പത്രത്തില്‍ ഫെബ്രുവരി ഒന്നിന് തിരുവിതാംകൂര്‍ മഹാരാജാവിന് 'സിതാരേ ഹിന്ദ്' (ഇന്ത്യയുടെ നക്ഷത്രം) പദവി കൊടുത്ത വാര്‍ത്തയും പ്രസിദ്ധീകരിച്ചിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവ് 1885 ഓഗസ്റ്റ് 18ന് സ്ഥാനമേറ്റെടുത്ത വാര്‍ത്ത ഓഗസ്റ്റ് 22ന്റെ പത്രത്തിലുണ്ടായിരുന്നു. 1882 ഫെബ്രുവരിയില്‍ തിരുവിതാംകൂര്‍ രാജാവ് ബനാറസില്‍ പോയതും വൈസ്രോയ് ബഹാദൂറിനെ കണ്ടതും വാര്‍ത്തയായി. തിരുവിതാംകൂര്‍ രാജാവ് സ്‌കോളര്‍ഷിപ്പ് ആരംഭിച്ച വാര്‍ത്ത 1884 ജൂണ്‍ 14 ലക്കത്തിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള ധാരാളം വാര്‍ത്തകള്‍ ഇന്നത്തെ കേരളം ഉള്‍പ്പെടുന്ന ഭൂപ്രദേശത്ത് നിന്നുള്ളവ ഉര്‍ദു പത്രമായ അലിഗഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഉര്‍ദു ആനുകാലികങ്ങള്‍
അലിഗഡ് പ്രസ്ഥാനത്തിന്റെ തന്നെ ഭാഗമായി സര്‍ സയ്യിദ് അഹമ്മദ്ഖാന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ഉര്‍ദു മാസികയായിരുന്നു 'തഹ്‌സീബുല്‍ അഖ്‌ലാഖ്'. 1870 ഡിസംബര്‍ 24നായിരുന്നു ഇതിന്റെ തുടക്കം. 1894 ജൂലൈയില്‍ ശിബിലി നുഅ്മാനിയുടെ പത്രാധിപത്യത്തില്‍ 'മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജ് മാഗസിന്‍' എന്ന നാമത്തിലുള്ള ഉര്‍ദു മാസിക ആരംഭിച്ചു. ഇപ്രകാരം ധാരാളം ഉര്‍ദു ആനുകാലികങ്ങളായിരുന്നു അലിഗഡില്‍ നിന്ന് പുറത്തിറങ്ങിയിരുന്നത്.
അലിഗഡില്‍ നിന്നിറങ്ങിയിരുന്ന ഉര്‍ദു പ്രസിദ്ധീകരണങ്ങളില്‍ അരങ്ങിലും അണിയറയിലുമായി ധാരാളം അമുസ്‌ലിംകളും ഉണ്ടായിരുന്നു. 1869 ഓഗസ്റ്റില്‍ ആരംഭിച്ച മുന്‍ഷി പ്യാരെ ലാലിന്റെ 'മംഗള്‍ സമാചാര്‍', 1887ല്‍ ആരംഭിച്ച ലാലാ കുന്തന്‍ലാല്‍ ശററിന്റെ ആഫ്താബെ മഹ്ശര്‍, ജനുവരി ഒന്നു മുതല്‍ പ്രസിദ്ധീകരണം തുടങ്ങിയ ഛീനിലാലിന്റെ 'സര്‍വര്‍ ഖൈസരി', 1887ല്‍ ആരംഭിച്ച ബന്‍വരിലാല്‍ വക്കീലിന്റെ 'ശോര്‍ അനാദില്‍' തുടങ്ങിയ ആനുകാലികങ്ങള്‍ ഇക്കൂട്ടത്തില്‍ പ്രശസ്തമായവയാണ്.
അലിഗഡ് പ്രസ്ഥാനത്തിന്റെ എല്ലാമെല്ലാമായ സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ ആധുനിക ഉര്‍ദുഭാഷയുടെ തുടക്കക്കാരന്‍ കൂടിയായിരുന്നു. ഉര്‍ദു ഭാഷാ സാഹിത്യത്തിന് ഒരു നവമുഖം നല്‍കാനായതുകൊണ്ട് കൂടിയാണ് സര്‍ സയ്യിദിന്റെ അലിഗഡ് പ്രസ്ഥാനം ഊര്‍ജസ്വലമായി മുന്നോട്ടുപോയത്. 1857ന് മുമ്പ് തന്നെ അലിഗഡ് ഉര്‍ദുഭാഷാ സാഹിത്യത്തിന് വളക്കൂറുള്ള മണ്ണായിരുന്നു. ഉര്‍ദുഭാഷയ്ക്ക് ആധുനിക മുഖം നല്‍കിയതിന്റെ ഭാഗമായായിരുന്നു 'ഉര്‍ദൂ ഖവായിദ്' എന്ന പേരില്‍ 1840ല്‍ ഒരു വ്യാകരണ മാഗസിന്‍ പ്രസിദ്ധീകരിച്ചത്. സര്‍ സയ്യിദിന്റെ ജ്യേഷ്ഠ സഹോദരന്‍ സയ്യിദ് മുഹമ്മദ്ഖാന്‍ പത്രാധിപരായി 1836ല്‍ 'സയ്യിദുല്‍ അഖ്ബാര്‍' എന്ന പേരില്‍ ഒരു ഉര്‍ദു പത്രം പ്രസിദ്ധീകരണമാരംഭിച്ചിരുന്നു. സര്‍ സയ്യിദിന്റെ സര്‍ഗസപര്യ ആരംഭിച്ചത് ഇതിലൂടെയായിരുന്നു.
സര്‍ സയ്യിദിന്റെ ഗദ്യസാഹിത്യവും ചരിത്രാന്വേഷണവുമായിരുന്നു അലിഗഡ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സംഭാവന. ആസാര്‍ അല്‍ സനദീദ്, താരീഖ് ഫിറോസ് ശാഹി, സീറത്ത് ഫരീദിയാ തുടങ്ങിയ കൃതികള്‍ ശ്രദ്ധേയമാണ്. 1857ലെ ബ്രിട്ടിഷ് വിരുദ്ധ വിപ്ലവത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ അന്വേഷിച്ച് ഗവേഷണ പ്രാധാന്യത്തോടെ സര്‍ സയ്യിദ് രചിച്ച കൃതിയാണ് 'അസ്ബാബ് ബഗവതെ ഹിന്ദ്'. വിപ്ലവത്തിന് കാരണം ബ്രിട്ടിഷ് ഗവണ്‍മെന്റിന്റെ തെറ്റായ ചില സമീപനങ്ങളാണെന്ന് കണ്ടെത്തി സമര്‍ഥിക്കുന്ന ഈ ഗ്രന്ഥം ഉര്‍ദുവിലും ഇംഗ്ലിഷിലും പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതിന്റെ പകര്‍പ്പുകളെല്ലാം ഇംഗ്ലണ്ടിലേക്ക് അയച്ചുകൊടുത്തിട്ടുണ്ടായിരുന്നു. മറ്റൊരു കൃതിയാണ് 'താരീഖ് സര്‍കശി ജില്ല ബിജ്‌നൗര്‍'. ബിജ്‌നൗറില്‍ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമാണ് ഇതില്‍.
വില്യം ഹണ്ടര്‍ക്ക് സര്‍ സയ്യിദിന്റെ മറുപടി
ബ്രിട്ടിഷുകാര്‍ക്കിടയില്‍ മുസ്‌ലിം സമുദായത്തെ താറടിച്ചുകാണിക്കാന്‍ മുസ്‌ലിംകളെ ജിഹാദികളും മതതീവ്രവാദികളുമായി അവതരിപ്പിച്ച് 1871ല്‍ ബംഗാളിലെ ബ്രിട്ടിഷ് ഓഫിസര്‍ വില്യം ഹണ്ടര്‍ ഐ.സി.എസ് 'ഔര്‍ ഇന്ത്യന്‍ മുസല്‍മാന്‍സ്' (നമ്മുടെ ഇന്ത്യന്‍ മുസ്‌ലിംകള്‍) എന്ന പേരില്‍ ഒരു ഗ്രന്ഥം രചിച്ചത് കോളിളക്കം സൃഷ്ടിച്ചിരുന്നു. 'ഡോ. ഹണ്ടര്‍ കി ഗലത്ത് ഫഹ്‌മിയോ ക ഇസാലാ' (ഡോ. ഹണ്ടറിന്റെ തെറ്റിദ്ധാരണകള്‍ക്ക് തിരുത്ത്) എന്ന പേരില്‍ ഇതിനെതിരായി സര്‍ സയ്യിദ് രചിച്ച മറുപടി ഗ്രന്ഥം വിപ്ലവകരമായിരുന്നു. ഉര്‍ദുവിലും ഇംഗ്ലിഷിലും ഇത് പ്രസിദ്ധീകരിച്ചു.
പ്രമുഖ എഴുത്തുകാര്‍
അലിഗഡ് പ്രസ്ഥാനത്തിന് ബീജാവാപം നല്‍കിയ സര്‍ സയ്യിദിന്റെ ഉര്‍ദുഭാഷാ സാഹിത്യത്തിനുള്ള സംഭാവനകളും അലിഗഡ് പ്രസ്ഥാനത്തിന്റെ ഉര്‍ദു സാഹിത്യത്തിനുള്ള സംഭാവനകളും വിവരണാതീതമാണ്. ശിബ്‌ലി നുഅ്്മാനി, മൗലാന അല്‍ത്താഫ് ഹുസൈന്‍ ഹാലി എന്നിവരുടെ രചനകള്‍ ഈ രംഗത്ത് വിലപ്പെട്ടവയാണ്. ഹാലിയുടെ കൃതികളായ മദ്ദോ ജസര്‍ ഇസ്‌ലാം, ഹായാത്തെ ജാവേദ് യാദ്ഗാറെ ഗാലിബ് എന്നിവയെല്ലാം ആഗോളതലത്തില്‍ പ്രശസ്തി നേടിയവയാണ്. ഒട്ടേറെ എഴുത്തുകാരെ സാഹിത്യ രംഗത്തേക്ക് സമര്‍പ്പിച്ച മണ്ണാണ് അലിഗഡിന്റെ ഭൂമി. മൗലാന നസീര്‍ അഹമ്മദ്, നവാബ് മുഹ്‌സിനുല്‍ മുല്‍ക്, സയ്യിദ് മെഹ്ദി അലിഖാന്‍, നവാബ് വിഖാറുല്‍ മുല്‍ക്, നവാബ് മൗലവി ചിരാഗ് അലിഖാന്‍, മൗലവി സകാഉല്ല തുടങ്ങിയവര്‍ ഉര്‍ദു സാഹിത്യത്തിന് സംഭാവനകളര്‍പ്പിച്ച പ്രമുഖരാണ്. അലിഗഡ് പ്രസ്ഥാനത്തോട് പ്രത്യക്ഷ ബന്ധം പുലര്‍ത്താത്തിയില്ലെങ്കിലും അതിന്റെ സന്ദേശത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന എഴുത്തുകാരായിരുന്നു മുഹമ്മദ് ഹുസൈന്‍ ആസാദ്, അബ്ദുല്‍ ഹലീം ശറര്‍, ഇസ്മയില്‍ മീറഠി എന്നിവര്‍.
അലിഗഡിന്റെ പ്രചോദനമാണ് കേരളത്തില്‍ സ്ഥാപിതമായ കോഴിക്കോട് ഫാറൂഖ് കോളജും കണ്ണൂര്‍ തളിപ്പറമ്പിലെ സര്‍ സയ്യിദ് കോളജും. 1936ല്‍ മലപ്പുറത്ത് സ്ഥാപിതമായ മുസ്‌ലിം ഹൈസ്‌കൂള്‍ മലബാറിന്റെ അലിഗഡ് എന്ന പേരിലാണറിയപ്പെട്ടത്. ഇവിടങ്ങളിലെല്ലാം ഉര്‍ദു ഭാഷയ്ക്ക് പ്രത്യേക പരിഗണനയുണ്ടായിരുന്നു. ഇന്നും ഇവിടെ ഉര്‍ദു പഠിക്കാനുള്ള സൗകര്യമുണ്ട്.
അസഹിഷ്ണുത അലിഗഡിനോടും
ചരിത്രത്തിലെ പ്രത്യേക കാലഘട്ടം തമസ്‌കരിക്കപ്പെടുന്ന പുതിയ കാലത്ത് അലിഗഡ് പ്രസ്ഥാനവും ഇരയാക്കപ്പെടുമെന്ന് ഉറപ്പാണ്. അലിഗഡ് എന്ന സ്ഥലനാമം മാറ്റാന്‍ വരെ ശ്രമം നടക്കുന്നു. അലിഗഡ് യൂനിവേഴ്‌സിറ്റിയുടെ ന്യൂനപക്ഷ പരിരക്ഷ എടുത്തുകളയാന്‍ നീക്കം നടക്കുന്നു. അലിഗഡ് യൂനിവേഴ്‌സിറ്റിയുടെ ലോഗോ സംബന്ധിച്ച വിവാദവും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നതാണ്. 'മുസ്‌ലിം യൂനിവേഴിസിറ്റി അലിഗഡ്' എന്ന് ഉര്‍ദുവിലും ഇംഗ്ലിഷിലും എഴുതിയതിനു പുറമെ 'അല്ലമല്‍ ഇന്‍സാന മാലം യഅ്‌ലം' എന്ന ഖുര്‍ആന്‍ വചനമാണ് അലിഗഡ് യൂനിവേഴ്‌സിറ്റി ലോഗോയില്‍ രേഖപ്പെടുത്തിയിരുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് ഇതിലെ ഖുര്‍ആന്‍ വചനം അപ്രത്യക്ഷമായത് ദൃശ്യമാധ്യമങ്ങളിലടക്കം ചൂടേറിയ ചര്‍ച്ചയായി. വലിയ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഒരു സര്‍ക്കുലര്‍ ഇറക്കി. അതില്‍ പറയുന്നതിങ്ങനെയാണ്, 'ഖുര്‍ആന്‍ വചനമുള്ള ലോഗോ സര്‍ട്ടിഫിക്കറ്റുകളിലും മറ്റും ഉപയോഗിക്കാമെങ്കിലും പരീക്ഷ പേപ്പര്‍, നോട്ടിസുകള്‍ എന്നിങ്ങനെ ഉപയോഗശേഷം വലിച്ചെറിയുകയോ നശിപ്പിക്കുകയോ ചെയ്യുന്നവയില്‍ ഉപയോഗിക്കരുത്.'
ഓറിയന്റേഷന്‍ കോഴ്‌സ്
2010 ഏപ്രില്‍ ആദ്യ വാരം കേരളത്തിലെ ഉര്‍ദു അധ്യാപകര്‍ക്കായി അലിഗഡ് മുസ്‌ലിം സര്‍വകലാശാല 10 ദിവസം നീണ്ടുനില്‍ക്കുന്ന ഓറിയന്റേഷന്‍ കോഴ്‌സ് സംഘടിപ്പിച്ചിരുന്നു. നാല്‍തോളം അധ്യാപകര്‍ പങ്കെടുത്ത ഈ കോഴ്‌സ് അലിഗഢ് യൂനിവേഴ്‌സിറ്റിയെയും അതിന്റെ ചരിത്രത്തെയും കേരളവുമായി അടുപ്പിക്കാനും കേരളത്തിലെ ഉര്‍ദു ലോകത്തിന്റെ വൈപുല്യം അറിയിക്കാനും അലിഗഢ് പ്രസ്ഥാനം ഉര്‍ദു ഭാഷാ സാഹിത്യത്തിന് നല്‍കിയ സംഭാവനകളെ വിലയിരുത്താനും അവസരം നല്‍കുകയുണ്ടായി. ഇന്ത്യയിലെ അറിയപ്പെടുന്ന ഉര്‍ദു കവികളെ ക്ഷണിച്ച് കൊണ്ടു വന്ന് കേരളത്തില്‍ നിന്നെത്തിയ അധ്യാപകര്‍ക്കായി മുശാഇറ (കവിയരങ്ങ്) സംഘടിപ്പിച്ചിരുന്നു. അലിഗഢ് സര്‍വകലാശാലയിലെ ഉര്‍ദു വിഭാഗം അധ്യാപകനും ജ്ഞാനപീഠ അവാര്‍ഡ് ജേതാവുമായ ശഹര്‍യാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."