സഊദി ആഗോള നിക്ഷേപ സംഗമം നാലാം എഡിഷന് ഉജ്ജ്വല തുടക്കം
റിയാദ്: സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ നടക്കുന്ന സഊദി ആഗോള നിക്ഷേപ സംഗമത്തിന്റെ നാലാം എഡിഷന് തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യവസായ പ്രമുഖരും ബഹുമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന സംഗമത്തിൽ നിക്ഷേപ കാര്യത്തിൽ ലോകത്തിന് വീണ്ടും വിസ്‌മയം തീർക്കാനൊരുങ്ങുകയാണ് സഊദി.
ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര കോൺഫ്രൻസ് സെന്ററിൽ ചേർന്ന സംഗമം സഊദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഗവർണർ യാസിർ അൽ റുമൈയാന്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്. കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, എട്ട് തവണ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ജെമൈക്കൻ താരം ഉസൈൻ ബോൾട്ട്, ഇറ്റലി മുൻ പ്രധാനമന്ത്രി മാറ്റിയോ റെൻസി, മുൻ ആസ്‌ത്രേലിയൻ പ്രധാനമന്ത്രി കെവിൻ റൂഡ് തുടങ്ങിയവരാണ് മറ്റു പ്രമുഖ പ്രഭാഷകർ. ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മാഹീന്ദ്രയുമുണ്ട്.
ലോകത്തെ വൻകിട സംരംഭകരും നിക്ഷേപകരും പങ്കെടുക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയും പങ്കെടുക്കുന്നുണ്ട്. 140 പേർ പങ്കെടുക്കുന്ന നിക്ഷേപ സംഗമത്തിൽ 60 പ്രഭാഷകരും സംരംഭകരും ഉച്ചകോടിയിൽ നേരിട്ടെത്തും. ബാക്കിയുള്ള 80 പേർ ഓൺലൈനിലാകും പങ്കെടുക്കുക. ഇവർക്കായി ന്യൂയോർക്, പാരിസ്, ബെയ്ജിങ്, മുംബൈ എന്നിവിടങ്ങളിൽ പ്രത്യേക ഓൺലൈൻ ഹബ്ബുകൾ ഒരുക്കിയിട്ടുണ്ട്.
സഊദിയിലെ നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്ന കിരീടാവകാശിയുടെ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവിന് 2017 ലാണ് കിരീടാവകാശി തുടക്കം കുറിച്ചത്. കഴിഞ്ഞ വർഷാവസാനം നടക്കേണ്ട സമ്മേളനത്തിന്‍റെ നാലാം എഡിഷൻ കൊവിഡ് നിയന്ത്രണങ്ങൾ കാരണം നീട്ടി വെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."