സഊദിയിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സ്വദേശി യുവാക്കൾ അറസ്റ്റിൽ
റിയാദ്: സഊദിയിൽ ആട്ടിടയരായ ഇന്ത്യക്കാരെ ആക്രമിക്കുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് സ്വദേശി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ആടുകളെ കവർച്ച ചെയ്യുന്നതിനായി ഒരാളെ കൊലപ്പെടുത്തുകയും മറ്റൊരു ഇന്ത്യക്കാരനെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്ത കേസിൽ മുപ്പത് വയസ്സ് പ്രായമുള്ള രണ്ട് യുവാക്കളെയാണ് അൽഖസീമിൽ നിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തത്.
അൽഖസീം പ്രവിശ്യയിലെ ഒരു മരുഭൂ പ്രദേശത്തു വെച്ച് ഇന്ത്യക്കാരായ ഇടയന്മാരെ സംഘം ആക്രമിക്കുകയായിരുന്നു. ആടുകളെ മോഷ്ടിക്കാൻ വേണ്ടിയാണ് സംഘം ഇന്ത്യക്കാരനെ കൊലപ്പെടുത്തുകയും മറ്റൊരാളെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്തത്. ഇരുമ്പ് ദണ്ഡുകൾ ഉപയോഗിചെയിരുന്നു ആക്രമണം. കൃത്യത്തിന് ശേഷം ആകാശത്തേക്ക് നിറയൊഴിച്ച് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. 36 ആടുകളെ കവർന്ന ശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്.
സംഭവത്തെ കുറിച്ച് ജനുവരി 24 നാണ് സുരക്ഷാ വകുപ്പുകൾക്ക് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായ പ്രതികളുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ആഭ്യന്തര മന്ത്രാലയം പുറത്തുവിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."