മ്യാന്മറിലെ അട്ടിമറിയും സൂചിയുടെ ജനാധിപത്യ വിരുദ്ധതയും
മ്യാന്മറിന്റെ ചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുന്ന വ്യക്തിത്വമാണ് ഓങ് സാന്‍ സൂചിയുടേത്. ദീര്‍ഘകാലം പട്ടാള ഭരണത്തിന് കീഴിലകപ്പെട്ട മ്യാന്മര്‍ ജനതയുടെ ജനാധിപത്യ പ്രതീക്ഷയായിരുന്നു സൂചി എന്ന നേതാവിലൂടെ ലോകം കണ്ടത്. സമാധാനത്തിന്റെ നൊബേല്‍ ലഭിച്ച സൂചി ഒടുവില്‍ ജനാധിപത്യ സര്‍ക്കാരിന്റെ തലപ്പത്തെത്തിയതോടെ തികഞ്ഞ സ്വേച്ഛാധിപതിയായത് പെട്ടെന്നാണ്. ജനാധിപത്യത്തെ കളങ്കപ്പെടുത്തിയ ഭരണാധികാരിയെന്ന പേരിന് സൂചി അര്‍ഹയായത് ചുരുങ്ങിയ കാലയളവു കൊണ്ടാണ്. അവരിലുണ്ടായിരുന്ന എല്ലാ പ്രതീക്ഷകളും മ്യാന്മര്‍ ജനതയും ലോകവും അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങളായി. ഒടുവില്‍ അവരുടെ സര്‍ക്കാരിനെ അട്ടിമറിച്ച് മ്യാന്മറില്‍ പട്ടാളം ഭരണം കൈക്കലാക്കിയിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.
പട്ടാള ഭരണമാണോ ജനാധിപത്യത്തേക്കാള്‍ നല്ലത് എന്ന ചിന്ത മ്യാന്മറിലെ ജനങ്ങള്‍ക്ക് തോന്നിത്തുടങ്ങിയെങ്കില്‍ അത് സൂചിയുടെ ഭരണ വീഴ്ചയായി കണക്കാക്കാം. സൂചി ആ രാജ്യത്തെ ജനങ്ങളെ അത്തരത്തില്‍ പാകപ്പെടുത്തിയെന്ന് വേണം പറയാന്‍. മ്യാന്മര്‍ എന്ന കൊച്ചു രാജ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് തടസമായി നിന്നത് അവിടത്തെ ഭരണനേതൃത്വം തന്നെയാണ്. ഏഷ്യന്‍ രാജ്യങ്ങളിലെ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗമായി മ്യാന്മറുകാര്‍ മാറി. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ എന്ന വിഭാഗത്തിന്റെ കഷ്ടതകളും കണ്ണീരും വേദനയും മ്യാന്മറില്‍ മാറ്റമില്ലാതെ തുടര്‍ന്നു. പട്ടാള ഭരണക്കാലത്ത് ബുദ്ധതീവ്രവാദികളുടെ ആക്രമണത്തിന് ഇരയായ റോഹിംഗ്യകള്‍ സൂചിയുടെ ഭരണത്തിലും ആട്ടിപ്പായിക്കപ്പെട്ടു. റോഹിംഗ്യന്‍ പ്രശ്‌നം ഇന്നും ലോകത്തിന് മുന്നില്‍ ചോദ്യചിഹ്നമായി തുടരുകയാണ്. മ്യാന്മറിന്റെ ലേഡി എന്നറിയപ്പെടുന്ന സൂചി മനുഷ്യാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും വക്താവെന്നാണ് അറിയപ്പെട്ടിരുന്നത്. ക്രൂര സൈനിക മേധാവികള്‍ക്കു കീഴില്‍ പോരാടിയ ധീരവനിത തന്നെയായിരുന്നു സൂചി. അതിനായി രണ്ട് പതിറ്റാണ്ടു കാലത്തോളം അവര്‍ക്ക് വീട്ടുതടങ്കലില്‍ കഴിയേണ്ടി വന്നു. ഏഷ്യയുടെ നെല്‍സണ്‍ മണ്ടേല എന്നും അവര്‍ അറിയപ്പെട്ടു. 2015 ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച സൂചി മ്യാന്മറിന്റെ നേതാവായി അധികാരത്തിലെത്തി. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ലോകം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു അത്. ദീര്‍ഘകാലത്തെ പട്ടാള ഭരണത്തിനു ശേഷം ജനാധിപത്യം പൂവണിഞ്ഞു. സൂചിയുടെ മേല്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് മങ്ങലേല്‍ക്കുന്നതായി പിന്നീടിങ്ങോട്ടുള്ള സംഭവങ്ങള്‍.
റോഹിംഗ്യര്‍ക്ക് നേരെയുള്ള സൈനിക ആക്രമണങ്ങളും ബുദ്ധതീവ്രവാദികളുടെ പീഡനവും അവസാനിപ്പിക്കാനോ അതില്‍ ഇടപെടാനോ സൂചിക്ക് കഴിഞ്ഞില്ല. പതിറ്റാണ്ടുകളായി തുടര്‍ന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും അവര്‍ക്കായില്ല. മാധ്യമങ്ങള്‍ക്ക് പോലും സ്വാതന്ത്ര്യം ലഭിച്ചില്ല. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയെന്ന പോലെയായി മ്യാന്മര്‍. സൂചിക്ക് ലോകരാജ്യങ്ങള്‍ നല്‍കിയ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും തിരിച്ചെടുത്തു. സൂചി പ്രസ്താവനകൊണ്ടുപോലും അക്രമങ്ങളെയും മറ്റും എതിര്‍ത്തില്ല എന്നത് ശ്രദ്ധേയമാണ്. അധികാരം നേടിയ ശേഷം അവരുടെ തനിനിറം പുറത്തുവന്നു.
ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം നടക്കുമ്പോള്‍ തന്നെ മ്യാന്മറിലും ബ്രിട്ടീഷുകാര്‍ അധികാരത്തിലെത്തിയിരുന്നു. 1945 ലാണ് സൂചി ജനിക്കുന്നത്. ബ്രിട്ടനിലായിരുന്നു ഉപരിപഠനം. പിന്നീട് അവിടെ സ്ഥിരതാമസമാക്കിയെങ്കിലും 1988 ല്‍ യാങ്കോണില്‍ തിരിച്ചെത്തി. മ്യാന്മര്‍ രാഷ്ട്രീയ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്ന സമയമായിരുന്നു അത്. വിദ്യാര്‍ഥികളും ബുദ്ധ സന്ന്യാസിമാരും രംഗത്തിറങ്ങി ജനാധിപത്യ മുദ്രാവാക്യം മുഴക്കിയ സാഹചര്യം. അന്ന് ഏകാധിപതിയായ ജനറല്‍ വിന്നിനെതിരേ കലാപക്കൊടി ഉയര്‍ത്തിയ സൂചി പിന്നീട് ജനാധിപത്യ പോരാട്ട നായികയായി. 1990 മെയ് മാസത്തിലാണ് സൈനിക സര്‍ക്കാര്‍ ജനകീയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതില്‍ സൂചിയുടെ എന്‍.എല്‍.ഡി പാര്‍ട്ടി വിജയിച്ചു. ഇതിനിടെ 1991 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അവര്‍ക്ക് ലഭിച്ചു. എന്നാല്‍ വീണ്ടും വീട്ടുതടങ്കലിലായിരുന്നു സൂചി. 2010 ലാണ് അവസാനമായി വീട്ടുതടങ്കലില്‍ നിന്ന് മോചിതയാകുന്നത്. 2012 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് അവര്‍ എം.പിയാകുന്നത്. മ്യാന്മറിന്റെ സ്റ്റേറ്റ് കൗണ്‍സിലര്‍ ആയതിനു ശേഷവും റോഹിംഗ്യന്‍ വിഷയത്തില്‍ അവര്‍ നിലപാട് തിരുത്തിയില്ല. 2017 ല്‍ സൈന്യം നൂറുകണക്കിന് റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ കത്തിക്കുകയും ജനങ്ങളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. റോഹിംഗ്യന്‍ വനിതകള്‍ കൂട്ടബലാത്സംഗത്തിനും ഇരയായി. സൂചി ഇതേക്കുറിച്ച് ഒന്നും മിണ്ടിയില്ല. റോഹിംഗ്യക്കാര്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു. സൈന്യം നടത്തുന്ന അക്രമങ്ങള്‍, ബലാത്സംഗം, കൊലപാതകം, വംശഹത്യ എന്നിവയൊന്നും തടയാന്‍ സൂചിക്കായില്ല. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ മാനവികതയ്‌ക്കെതിരേയുള്ള കുറ്റകൃത്യങ്ങളില്‍ മ്യാന്മറിനെതിരേ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
സൈനികരുടെ അതിക്രമങ്ങളെയും ക്രൂരതയെയും അനുകൂലിച്ച സൂചിയുടെ നിലപാടിനെ ദലൈലാമ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അപലപിച്ചു. പ്രസിഡന്റിന്റെ അനുമതിയോടെ ഭരണം നടത്താന്‍ ഭരണഘടന സൈന്യത്തിന് അനുമതി നല്‍കുന്നുണ്ടെങ്കിലും ഇപ്പോള്‍ സമ്പൂര്‍ണ പട്ടാള അട്ടിമറിയാണ് നടന്നത്. സൂചി തടവിലുമാക്കപ്പെട്ടു. നേരത്തെ പട്ടാള അട്ടിമറി നടക്കുമെന്ന സൂചന സൈന്യം നല്‍കിയിരുന്നു. ഇതിനിടെ നടന്ന അട്ടിമറിയോട് ഇന്ത്യയുള്‍പ്പെടെ ലോക രാജ്യങ്ങള്‍ കരുതലോടെയാണ് പ്രതികരിക്കുന്നതും. സമാധാന നൊബേല്‍ ജേതാവില്‍ നിന്ന് സൂചിയുടെ ഇപ്പോഴത്തെ സാഹചര്യത്തിലേക്കുള്ള മാറ്റം ഭരണാധികാരികള്‍ക്ക് നല്‍കുന്ന പാഠം ചെറുതല്ല.
മ്യാന്മറിന്റെ രാഷ്ട്രീയ ഭാവി എന്താകും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ 50 വര്‍ഷമായി നടന്ന അസ്ഥിര ഭരണക്രമം ആ രാജ്യത്തിന്റെ പുരോഗതി ഇല്ലാതാക്കി. മ്യാന്‍മറിന് ഇപ്പോഴും ജനാധിപത്യ പ്രതീക്ഷയുണ്ട്. സൂചിയല്ലെങ്കില്‍ പിന്നെ ആര് എന്ന ചോദ്യവും അവശേഷിക്കുന്നു. പട്ടാള അട്ടിമറിക്ക് ശേഷം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മ്യാന്‍മറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്ന സൂചന നല്‍കിയിട്ടുണ്ട്. മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മിന്തിനെയും സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂചിയെയും തടവിലാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടിലാണ് യു.എസ്. ഇക്കാര്യത്തില്‍ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുല്ലിവനുമായി ബൈഡന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. സൂചിയുമായും മ്യാന്‍മറുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ചൈനയും അട്ടിമറിക്കെതിരേ രംഗത്തുണ്ട്. രാജ്യത്ത് സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തണമെന്നാണ് ചൈന യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ അറിയിച്ചത്. മ്യാന്‍മറുമായി 9 ബില്യണ്‍ യു.എസ് ഡോളറിന്റെ ചൈന - മ്യാന്‍മര്‍ വ്യാവസായിക ഇടനാഴി പദ്ധതി മുന്നിലുള്ളത് ചൈന സജീവമായി പരിഗണിക്കുന്നുണ്ട്. മറ്റു ലോക രാഷ്ട്രങ്ങളും ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പട്ടാളഭരണം മുന്നോട്ടുകൊണ്ടുപോകുന്നതും എളുപ്പമാകില്ല. മ്യാന്‍മറിന്റെ ഭാവി ഏതുരീതിയില്‍ മുന്നോട്ടുപോകുമെന്ന കാര്യത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദം നിര്‍ണായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."