ഇരുനൂറിലേറെ കര്‍ഷകര്‍ മരിച്ചുവീണപ്പോള്‍ സെലിബ്രിറ്റികള്ക്കെന്തേ നാവനങ്ങാതിരുന്നതെന്ന് കെ.കെ രാഗേഷ് എം.പി
തിരുവനന്തപുരം: കര്‍ഷക സമരം രണ്ടു മാസത്തിലേറെ തുടരുന്നതിനിടെ ഇരുനൂറിലേറെ കര്‍ഷകര്‍ മരിച്ചുവീണപ്പോള്‍ സെലിബ്രിറ്റികള്‍ എവിടെയായിരുന്നുവെന്നും അന്നെന്തേ ഇവരുടെ നാവനങ്ങാതിരുന്നതെന്നും നട്ടെല്ല് നിവരാതിരുന്നതെന്നും സി.പി.എം എം.പി കെ. കെ രാഗേഷ്. ഫേസ് ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്റുല്ക്കറടക്കം ചലച്ചിത്രതാരങ്ങള്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നിലയുറപ്പിച്ച് കാംപയിനുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് കുറിപ്പ്.
വിശ്വമാനവികതയില്‍ വിശ്വാസമര്‍പ്പിച്ച കലാകാരന്മാരും ചിന്തകരും ലോകമെങ്ങും പ്രതിഷേധസ്വരമുയര്‍ത്താന്‍ തുടങ്ങിയപ്പോള്‍ 'രാജ്യസ്നേഹം' അടക്കിനിര്‍ത്താനാവാതെ ചില 'ദൈവങ്ങള്‍' പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുന്നു. കൂടുതല്‍ പേര് ആ വഴിക്ക് ഇനിയും വരുമെന്ന് തന്നെ വിശ്വസിക്കുന്നു. 'ഗോദിമീഡിയ'യെ എങ്ങനെയാണോ സമരത്തിലുള്ള കര്‍ഷകര്‍ അവഗണിക്കുന്നത്, അതുപോലെ തന്നെ ഇത്തരം ജല്പനങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയാണ്. കാരണം, ഈ സമരം സിംഹാസനങ്ങള്‍ കീഴടക്കാനുള്ളതല്ല, ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി മാത്രമാണെന്നും രാഗേഷ് കുറിപ്പില്‍ വ്യക്തമാക്കുന്നു.
കുറിപ്പിന്റെ പൂര്‍ണ രൂപം
പാദസേവകര്‍ ക്രീസിലിറങ്ങുമ്പോള്‍
രണ്ടരമാസത്തോളമായി ഇന്ത്യയിലെ കര്‍ഷകര്‍ ഭരണകൂടത്തിന്റെ കോര്‍പ്പറേറ്റ് അനുകൂല നിയമങ്ങള്‍ക്കെതിരെ തെരുവില്‍ സമരത്തിലാണ്. തികച്ചും സമാധാനപൂര്‍ണ്ണമായ പ്രതിഷേധം. ഇരുന്നൂറിലധികം പേര് സമരമുഖത്ത് മരിച്ചുവീണു. നിരവധി പേരുടെ ആത്മാഹുതികള്‍ സമരത്തെ ആളിക്കത്തിച്ചു. ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം ഒരു തരിമ്പുപോലും പുറകോട്ടില്ലാതെ തലങ്ങും വിലങ്ങും സമരത്തെ അടിച്ചമര്‍ത്തുകയായിരുന്നു. വൃദ്ധരായ കര്‍ഷകരെപ്പോലും അതിക്രൂരമായി നേരിട്ടു. വലിയകിടങ്ങുകളും മുള്ളുവേലികളും ബാരിക്കേഡുകളും ഇരുമ്പാണികളും കൊണ്ട് ശത്രുസൈന്യത്തെയെന്നപോലെയാണ് കര്‍ഷകസമരത്തെ ഭരണകൂടം നേരിടുന്നത്.
അപ്പോഴൊന്നും സെലിബ്രിറ്റികള്‍ക്ക് നാവനങ്ങിയില്ല. നട്ടെല്ല് നിവര്‍ന്നില്ല. ഒടുവില്‍ സമാനതകളില്ലാത്ത അടിച്ചമര്‍ത്തലുകള്‍ ലോകത്തിന് മുന്നില്‍ വാര്‍ത്തയായപ്പോള്‍, ജനാധിപത്യത്തില്‍ പ്രതീക്ഷയുള്ള, വിശ്വമാനവികതയില്‍ വിശ്വാസമര്‍പ്പിച്ച കലാകാരന്മാരും ചിന്തകരും ലോകമെങ്ങും പ്രതിഷേധസ്വരമുയര്‍ത്താന്‍ തുടങ്ങിയപ്പോള്‍ 'രാജ്യസ്നേഹം' അടക്കിനിര്‍ത്താനാവാതെ ചില 'ദൈവങ്ങള്‍' പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുന്നു. കൂടുതല്‍ പേര് ആ വഴിക്ക് ഇനിയും വരുമെന്ന് തന്നെ വിശ്വസിക്കുന്നു. 'ഗോദിമീഡിയ'യെ എങ്ങിനെയാണോ സമരത്തിലുള്ള കര്‍ഷകര്‍ അവഗണിക്കുന്നത്, അതുപോലെ തന്നെ ഇത്തരം ജല്പനങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയാണ്. കാരണം, ഈ സമരം സിംഹാസനങ്ങള്‍ കീഴടക്കാനുള്ളതല്ല, ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."