കർണാടകയിലെ ഹിജാബ് നിരോധനം കോളജിൽ കാവിക്കൊടി നാട്ടി; സംഘർഷം, നിരോധനാജ്ഞ
ബംഗളൂരു
കർണാടകയിൽ മുസ് ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ച് പഠിക്കാനെത്തുന്നത് വിലക്കിയ സർക്കാർ നടപടിക്കെതിരായ ഹരജി ഹൈക്കോടതി പരിഗണിക്കവേ, സംസ്ഥാന വ്യാപകമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സംഘ്പരിവാർ സംഘടനകൾ. ഇന്നലെ കർണാടകയിലെ വിവിധയിടങ്ങളിൽ കാവി ഷാൾ ധരിച്ചെത്തിയ വിദ്യാർഥികളും മറ്റുള്ളവരും സംഘർഷം സൃഷ്ടിക്കുകയായിരുന്നു.
ഉഡുപ്പിയിലെ മഹാത്മാഗാന്ധി മെമ്മോറിയൽ കോളജിൽ സംഘടിച്ചെത്തിയ അക്രമികൾ അഴിഞ്ഞാടി. കല്ലേറുണ്ടായതോടെ പൊലിസ് ആകാശത്തേയ്ക്കു വെടിവച്ചു. ശിവമോഗയിൽ സർക്കാർ കോളജ് കോംപൗണ്ടിലെ കൊടിമരത്തിൽ കാവി ഷാൾ ധരിച്ചെത്തിയവർ കാവിക്കൊടി നാട്ടി. പൊലിസും കോളജ് അധികൃതരും നോക്കിനിൽക്കേയാണ് നൂറുകണക്കിന് കാവി ഷാൾ ധാരികൾ കാവിക്കൊടി നാട്ടിയത്. ജയ് ശ്രീറാം വിളിച്ചായിരുന്നു കൊടി ഉയർത്തൽ.
ശിവമോഗ, ഹരിഹാര, ദേവൻഗിരി, മാണ്ഡ്യ അടക്കമുള്ള മറ്റു പ്രദേശങ്ങളിലും ജയ് ശ്രീറാം വിളിച്ചും പ്രകോപന മുദ്രാവാക്യങ്ങൾ ഉയർത്തിയും പ്രകടനങ്ങൾ നടന്നു. വിവിധ കോളജുകളിൽ കല്ലേറും മറ്റ് അതിക്രമങ്ങളും റിപ്പോർട്ട് ചെയ്തു. ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ കാവി ഷാൾ ധരിച്ചെത്തിയ അക്രമികൾ തടയുകയും തിരിച്ചയക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മാണ്ഡ്യയിൽ ഒരു കോളജിലേക്ക് ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ കാവി ഷാൾ ധരിച്ചെത്തിയ എ.ബി.വി.പിക്കാർ ജയ് ശ്രീറാം വിളിച്ച് തടയുന്നതും വിദ്യാർഥിനിയെ പിന്തുടർന്ന് ശല്യം ചെയ്യുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കല്ലേറും മറ്റ് ആക്രമണങ്ങളും തുടർന്നതോടെ പലയിടത്തും പൊലിസ് ലാത്തിച്ചാർജും കണ്ണീർവാതകപ്രയോഗവും നടത്തി. വ്യാപകമായ ആക്രമണങ്ങളെ തുടർന്ന് ശിവമോഗയിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."