'ഭയക്കേണ്ടതില്ല, ഒന്നിനേയും ഒരാളേയും' ആക്രോശിച്ചടുത്തവര്‍ക്കു മുന്നില്‍ കയ്യുയര്‍ത്തി തക്ബീര്‍ മുഴക്കിയ ആ പെണ്‍കുട്ടി പറയുന്നു
മുസ്‌ക്കാന്‍- സഫര്‍ ആഫാഖ്
ചിത്രം കരീംഗ്രഫി
അക്രമാസക്തരായിരുന്നു അവര്‍. വല്ലാത്തൊരു ഭാവത്തോടെയാണ് തനിച്ചു നീങ്ങുന്ന ഹിജാബിട്ട ആ പെണ്‍കുട്ടിയിലേക്കവര്‍ ആഞ്ഞടുത്തത്. എന്നാല്‍ ഒട്ടും പതറാതെ ഒട്ടും ഭയക്കാതെ അവള്‍ ആകാശത്തേക്ക് മുഷ്ടി ഉയര്‍ത്തി ആഞ്ഞു വിളിച്ചു. അല്ലാഹു അക്ബര്‍. കാവിക്കൂട്ടം മുഴക്കിയ മുദ്രാവാക്യത്തിനുള്ള മറുപടിയായിരുന്നില്ല അവള്‍ക്കത്. തന്റെ നിലപാട് പ്രഖ്യാപനമായിരുന്നു. ഒരു പടപ്പിനു മുന്നിലും തലകുനിക്കില്ലെന്ന പ്രഖ്യാപനം.
അറിയില്ലേ ബീബി മുസ്‌ക്കാന്‍ എന്ന പെണ്‍കുട്ടിയെ. തെക്കന്‍ കര്‍ണാടകയിലെ മാണ്ഡ്യയിലുള്ള സാധാരണ കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടി. വിപ്ലവങ്ങളും വിപ്ലവ പ്രസംഗങ്ങളും പ്രതിഷേധങ്ങളും സമരച്ചൂടുകളും കണ്ട് വളര്‍ന്നവളായിരുന്നില്ല അവള്‍. ഒരു സാധാരണ പെണ്‍കുട്ടി. എല്ലവരേയും പോലെ പഠിക്കണമെന്നും ഉന്നതിയിലെത്തണമെന്നും കിനാവു കണ്ടവള്‍. എന്നാല്‍ അഭിഭാഷകയാവണം എന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്ന മുസ്‌ക്കാന് തന്റെ അവകാശങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്.
ആക്രോശിച്ച് പാഞ്ഞടുത്ത അക്രമാസക്തരായ വര്‍ഗീയവാദി ആണ്‍പറ്റത്തിനു മുന്നിലൂടെ തക്ബീര്‍ മുഴക്കി ആര്‍ജവത്തോടെ നടന്നുപോയ ആ പെണ്‍കുട്ടി ഇന്ന് ധീരതയുടെയും ചെറുത്തുനില്‍പ്പിന്റെയും പ്രതീകമാണ്. ഒരൊറ്റ മുസ്‌ക്കാന്‍ നിമിഷംകൊണ്ടാണ് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളിലെ വാര്‍ത്തതാരമായത്.
ആദ്യം താന്‍ ഒന്ന് പതറിയെന്ന് മുസ്‌ക്കാന്‍ പറയുന്നു. എന്നാല്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ച ആ നിമിഷം എനിക്ക് ധൈര്യം വന്നു. അല്ലാഹു അക്ബര്‍ ഞാന്‍ ഉറക്കെ മുഴക്കി- മുസ്‌ക്കാന്‍ പറയുന്നു. ഹിജാബ് ധരിക്കുന്നതിനെ അഭിമാനമായി കാണുന്നുവെന്ന് പറയുന്ന മുസ്‌ക്കാന്‍ നാം ആരേയും ഒന്നിനേയും ഭയക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടുന്നു. നാം മുന്നോട്ടു പോകണം. ഒന്നിച്ചു നില്‍ക്കണം. ഇന്‍ശാ അല്ലാഹ് നാം വിജയിക്കുക തന്നെ ചെയ്യും.
ആര്‍ട്ടിക്കിള്‍ 14ല്‍ മുസ്‌ക്കാനുമായി നടത്തി അഭിമുഖത്തില്‍ നിന്ന്
- അന്ന് കോളജില്‍ സംഭവിച്ചതെന്തെന്ന് ഓര്‍ത്തുപറയാമോ, ആള്‍ക്കൂട്ടത്തെ നേരിടുമ്പോള്‍ എന്തായിരുന്നു മനസ്സില്‍
ഹിജാബ് ഊരണമെന്നാവശ്യപ്പെട്ട് ആദ്യമവരെന്നെ ഗേറ്റില്‍ തടഞ്ഞുനിര്‍ത്തി, ബുര്‍ഖയുമിട്ട് അകത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും ബുര്‍ഖ മാറ്റാനാവില്ലെങ്കില്‍ വീട്ടിലേക്ക് തിരിച്ചുപോകാനും പറഞ്ഞു. അവര്‍ വളയാന്‍ നോക്കി. എന്നാല്‍ ഞാന്‍ ബൈക്ക് ഓടിച്ച് അകത്തേക്ക് കടന്നു. ക്ലാസിലേക്ക് നടക്കവേ അവര്‍ സംഘം ചേര്‍ന്നു വന്ന് ജയ് ശ്രീറാം വിളിച്ചു. ആക്രമണോത്സുകരായിരുന്നു അവര്‍. ആദ്യം ഒരല്‍പ്പം പകച്ചുപോയെങ്കിലും ദൈവനാമം എന്നെ ധൈര്യവതിയാക്കി ഞാന്‍ അല്ലാഹു അക്ബര്‍ എന്ന് ഉറക്കെപ്പറഞ്ഞു.
- അതിനുശേഷം എന്തു സംഭവിച്ചു, ആരെങ്കിലും സഹായവുമായി വന്നോ
എന്റെ പ്രിന്‍സിപ്പലും ലെക്ചറര്‍മാരും കോളജിലെ മറ്റെല്ലാവരും എന്നെ പിന്തുണച്ചു. പ്രിന്‍സിപ്പല്‍ അന്ന് ഹിജാബിനെക്കുറിച്ച് ഒരക്ഷരം പറഞ്ഞിരുന്നില്ല. എന്നെ തടഞ്ഞുവെക്കാന്‍ വന്നവരെല്ലാം പുറമെ നിന്നു വന്നവരാണ്. അവര്‍ കോളജിനകത്ത് ഒരു ഭീകരാന്തരീക്ഷം തന്നെ സൃഷ്ടിച്ചു.
- രാവിലെ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചിരുന്നോ
കോളജുകളില്‍ ഹിജാബിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ നടക്കുന്ന റിപ്പോര്‍ട്ടുകള്‍ കേട്ടിരുന്നു. സൂക്ഷിക്കാനും കോടതി വിധി വരുന്നതു വരെ ഹിജാബ് മാറ്റിവെക്കാനും പ്രിന്‍സിപ്പലും ഉപദേശിച്ചിരുന്നു. പക്ഷേ, എന്തിനു ഞങ്ങള്‍ ഹിജാബ് ഒഴിവാക്കണം അതെന്റെ മുന്‍ഗണനയാണ്. അതുകൊണ്ട് ശിരോവസ്ത്രം ധരിച്ചുതന്നെ കോളജിലേക്ക് പോയി. ഈ സംഭവം നടന്ന ശേഷം പ്രിന്‍സിപ്പലും അധ്യാപകരും എന്നെ പിന്തുണക്കുകയാണ് ചെയ്തത്.
- കോളജിലെ വിഡിയോ വൈറലായതോടെ നിങ്ങളൊരു പ്രതീകമായി, ആളുകള്‍ പിന്തുണയുമായി മുന്നോട്ടുവരുന്നുമുണ്ട്, ഇതിനെ എങ്ങിനെ നോക്കിക്കാണുന്നു
അതെന്റെ ആത്മവിശ്വാസത്തിന് കൂടുതല്‍ കരുത്തുപകര്‍ന്നു. അന്ന് വീട്ടിലേക്ക് വന്നപ്പോള്‍ അവിടെ നിറയെ ആളുകള്‍ കൂടിനില്‍ക്കുകയായിരുന്നു. അതുകണ്ട് ഞാനൊന്നു പേടിച്ചു. എന്നെ ഉപദ്രവിക്കാന്‍ വന്നവരാണോ എന്ന്. എന്നാല്‍ അവരെല്ലാം എന്നെ പിന്തുണക്കാന്‍ എത്തിയവരായിരുന്നു. എന്റെ ചിത്രം ഹിജാബിനുവേണ്ടിയുള്ള സമരങ്ങളുടെ അടയാളമായി. നിരവധി ആര്‍ട്ടുകളുമുണ്ടായി.
- നിങ്ങളെ സംബന്ധിച്ച് എന്താണ് ഹിജാബ്
ഹിജാബ് ധരിക്കുന്നത് എനിക്ക് ഇഷ്ടമാണ്. ഒരു മുസ്‌ലിം എന്ന നിലയില്‍ അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു.
- ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്നവരോട് എന്താണ് പറയാനുള്ളത്
അവര്‍ പിന്‍പറ്റേണ്ട സംസ്‌കാരത്തെക്കുറിച്ചൊന്നും നമ്മള്‍ ഗിരിപ്രഭാഷണം നടത്തുന്നില്ല. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവരുടെ സംസ്‌കാരവും വസ്ത്രരീതിയും പിന്‍പറ്റാനും മതവിശ്വാസം പരിപാലിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അവര്‍ അവരുടെ സംസ്‌കാരത്തില്‍ നിലകൊള്ളട്ടെ, ഞങ്ങള്‍ ഞങ്ങളുടെ സംസ്‌കാരത്തിലും. ഞങ്ങള്‍ അവരെ ചോദ്യം ചെയ്യാന്‍ പോകുന്നില്ല. ഞങ്ങളെപ്പറ്റി അവരും വിഷമിക്കേണ്ടതില്ല.
- ഹിജാബ് നിരോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ എന്തുചെയ്യും
ഞങ്ങള്‍ ഹിജാബ് മാറ്റില്ല, എന്തിനു അങ്ങളത് അഴിച്ചുമാറ്റണം
- ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി പൊരുതുന്ന കോളജ് വിദ്യാര്‍ഥിനികളോട് പറയാനുള്ളതെന്താണ്
ഒരാളെയും ഒന്നിനേയും നമ്മള്‍ ഭയപ്പെടരുതെന്നാണ് എന്റെ സന്ദേശം. നാം ഒന്നിനേയും ആരേയും ഭയപ്പെടേണ്ട ആവശ്യമില്ല. നാം മുന്നോട്ടുനീങ്ങുക. നാം ഒന്നിച്ചു നില്‍ക്കുക. ഒരുപറ്റം ആളുകള്‍ മാത്രമാണ് ഈ കുഴപ്പങ്ങളൊക്കെ ഉണ്ടാക്കുന്നത്. ദൈവം ഉദ്ദേശിച്ചാല്‍ എല്ലാം ശരിയാവും, നമ്മള്‍ വിജയിക്കുകതന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."