ഒരു ഹിന്ദുസ്ഥാനി മുസ്‌ലിം ആയതില്‍ അഭിമാനിക്കുന്നു: ഗുലാംനബി; കേരളത്തില്‍ നിന്നുള്ള എം.പിയായേക്കും
ന്യൂഡല്‍ഹി: ഒരു ഹിന്ദുസ്ഥാനി മുസ്‌ലിം ആയതില്‍ അഭിമാനിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാപ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദ്. രാജ്യസഭയില്‍ തന്റെ വിടവാങ്ങല്‍ പ്രസംഗം നടത്തുന്നതിനിടെ പാകിസ്താനിലെ വര്‍ത്തമാന സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഗുലാംനബിയുടെ പരാമര്‍ശം. ഇന്ത്യയാണ് സ്വര്‍ഗമെന്ന് എപ്പോഴും തോന്നിയിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷമാണ് ഞാന്‍ ജനിച്ചത്. പാകിസ്താനിലേക്ക് ഒരിക്കലും പോകാത്തത് ഭാഗ്യമെന്നു കരുതുന്നു. പാകിസ്താനിലെ ഇന്നത്തെ അവസ്ഥ നോക്കുമ്പള്‍ ഒരു ഹിന്ദുസ്ഥാനി മുസ്‌ലിം ആയതില്‍ എനിക്ക് അഭിമാനമുണ്ട്. അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ മുസ്ലിം സമൂഹം ആഭ്യന്തര സംഘര്‍ഷങ്ങളില്‍പ്പെട്ട് ഉഴലുമ്പോള്‍ ഇന്ത്യന്‍ മുസ്ലിംകള്‍ യോജിച്ചു ജീവിക്കുന്നു. അതു തുടരുകയും ചെയ്യും. ഈ ലോകത്തെക്കുറിച്ച് ഒരു മുസ്ലിമിന് അഭിമാനം തോന്നണമെങ്കില്‍ അതു ഇന്ത്യന്‍ മുസ്ലിംകള്‍ക്കായിരിക്കണം. വര്‍ഷങ്ങളായി നാം കാണുന്നതാണ് അഫ്ഗാനിലെയും ഇറാഖിലെയും മുസ്ലിംകള്‍ എങ്ങനെയാണ് നശിപ്പിക്കപ്പെടുന്നത് എന്ന്. അവിടെ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല. മുസ്‌ലിംകള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നത്. ആസാദ് പറഞ്ഞു.
വ്യക്തിപരമായി തനിക്കെതിരേ രാജ്യസഭയില്‍ ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിട്ടില്ലെന്നു പറഞ്ഞ് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞാണ് ഗുലാം നബി പ്രസംഗം അവസാനിപ്പിച്ചത്. രാജ്യത്തെ വിഘടനവാദവും തീവ്രവാദവും അവസാനിക്കട്ടെയെന്ന് ദൈവത്തോടു പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗുലാംനബി ജമ്മുകശ്മിര്‍ ഭരിക്കുമ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി, അന്നത്തെ സംഭവങ്ങള്‍ അനുസ്മരിക്കുന്നതിനിടെ വികാരാധീതനായി. എനിക്ക് ഗുലാം നബി ആസാദിനെ വര്‍ഷങ്ങളായി അറിയാം. ഞങ്ങള്‍ ഇരുവരും ഒരേ കാലത്ത് മുഖ്യമന്ത്രിമാരായിരുന്നവരാണ്. മുഖ്യമന്ത്രിയാകുന്നതിന് മുന്‍പേ ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അക്കാലത്ത് കശ്മിരിലുണ്ടായ ഭീകരാക്രമണത്തെ കുറിച്ചും അതില്‍ ഗുജറാത്തികള്‍ കുടുങ്ങിപ്പോയ വിവരവും ആദ്യം അറിയിച്ചത് ഗുലാംനബി ആയിരുന്നു. ആക്രമണത്തില്‍ കുടുങ്ങിയ ഗുജറാത്ത് സ്വദേശികളെ രക്ഷിക്കാന്‍ ആസാദും പ്രണബ് മുഖര്‍ജിയും എടുത്ത ശ്രമം മറക്കില്ല. ആ രാത്രി ഗുലാം നബി വിളിച്ചു. സ്വന്തം കുടുംബാംഗങ്ങളുടെ വിഷയത്തില്‍ ഇടപെടുന്നത് പോലെയായിരുന്നു അദ്ദേഹം ഇടപെട്ടത്. മോദി പറഞ്ഞു. ഇതിനിടെ മോദിയുടെ ശബ്ദം ഇടറുകയും ചെയ്തു.
പാര്‍ലമെന്റില്‍ ഗുലാം നബി ആസാദും മോദിയും തൊട്ടടുത്ത സീറ്റുകളിലാണ് ഇരിക്കുന്നത്.
അതേ സമയം കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ഇന്നലെ രാജ്യസഭയില്‍ നിന്ന് പടിയിറങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദ് കേരളത്തില്‍ നിന്ന് വീണ്ടും എം.പിയാവുമെന്ന് റിപ്പോര്‍ട്ട്. ഏപ്രിലില്‍ കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ ഗുലാംനബിയെ പരിഗണിക്കുമെന്ന് ഉന്നത കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള പി.വി അബ്ദുല്‍ വഹാബ്, വയലാര്‍ രവി, കെ.കെ രാഗേഷ് എന്നിവരുടെ കാലാവധി ഏപ്രിലില്‍ അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗുലാംനബിയെ പരിഗണിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."