കൊവിഡിനേക്കാള്‍ നമ്മള്‍ പേടിക്കേണ്ടത്
റോഡപകടങ്ങളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത് ഇന്ത്യയിലാണെന്ന വേള്‍ഡ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അധികാരികളും പൊതുസമൂഹവും കണ്ണു തുറന്നു കാണേണ്ടതാണ്. ലോകത്താകെയുള്ള വാഹനങ്ങളില്‍ ഒരു ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. എന്നാല്‍ ലോകത്തുണ്ടാകുന്ന റോഡപകട മരണങ്ങളില്‍ 11 ശതമാനവും ഇന്ത്യയിലാണ്. ഓരോ വര്‍ഷവും 4.5 ലക്ഷം റോഡപകടങ്ങളുണ്ടാകുമ്പോള്‍ 1.5 ലക്ഷം പേരാണ് മരിക്കുന്നത്. ഓരോ മണിക്കൂറിലും ഇന്ത്യയില്‍ 53 റോഡപകടങ്ങളുണ്ടാകുകയും ഓരോ നാലു മിനിറ്റിലും ഒരാള്‍ വീതം ഇതുമൂലം മരിക്കുകയും ചെയ്യുന്നുവെന്നാണ് വേള്‍ഡ് ബാങ്കിന്റെ റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 13 ലക്ഷം പേര്‍ മരിക്കുകയും 50 ലക്ഷം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ അപകടങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടം 5.96 ലക്ഷം കോടിയാണെന്നും അത് ജി.ഡി.പിയുടെ 3.14 ശതമാനമാണെന്നും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. കൊവിഡിനേക്കാള്‍ വലിയ ദുരന്തമാണിതെന്ന് നമ്മള്‍ കാണാതിരിക്കരുത്.
സമൂഹത്തിലെ പ്രമുഖര്‍ അപകടത്തില്‍പെടുമ്പോഴോ അല്ലെങ്കില്‍ ഒരപകടത്തില്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകുമ്പോഴോ മാത്രമാണ് റോഡപകടങ്ങളെക്കുറിച്ചുള്ള ആലോചനയിലേക്ക് സമൂഹമനസ് ഉണരുന്നത്. നമുക്കു മുന്നില്‍ സംഭവിക്കുന്ന അപകടങ്ങള്‍ കുറച്ചു നാളേക്ക് നമ്മെ ജാഗ്രതയുള്ളവരാക്കും. മറവി റോഡിലെ സ്വാഭാവികതയിലേക്ക് നമ്മെ വീണ്ടുമെത്തിക്കും. നിതാന്ത ജാഗ്രതയിലേക്ക് ഓരോരുത്തരുടെയും റോഡ് ഗതാഗത ബോധം ഉണര്‍ന്നുനില്‍ക്കേണ്ടതിലേക്കാണ് ലോകബാങ്ക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
എന്താണ് ഇന്ത്യയിലെ റോഡുകളെ കുരുതിക്കളമാക്കുന്നതെന്ന് നാമോരോരുത്തരും ചിന്തിക്കേണ്ടതാണ്. ആരാണ് ഇതിനുത്തവാദികള്‍? ട്രാഫിക് നിയമങ്ങളോട് കണ്ണടക്കല്‍, നിരത്തില്‍ ഇറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിലുള്ള ക്രമാതീത വര്‍ധന, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, അമിത വേഗതയും അശ്രദ്ധവും അലക്ഷ്യവുമായ വാഹനമോടിക്കലുമാണ് റോഡപകടത്തിന്റെ പൊതുവായ പ്രധാന കാരണങ്ങള്‍. വാഹനങ്ങളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നു എന്നതും റോഡിന്റെ വിസ്തീര്‍ണം കൂടുന്നില്ല എന്നതും വസ്തുതയാണ്. എന്നാല്‍ ഇതൊക്കെ റോഡപകടങ്ങള്‍ക്കുള്ള ന്യായീകരണമായി കാണാന്‍ കഴിയില്ല. അമിതവേഗമാണ് റോഡപകടങ്ങളുടെ ഏറ്റവും വലിയ കാരണമെന്നു കാണാതിരുന്നു കൂടാ.
റോഡിന്റെ ശോച്യാവസ്ഥ അപകടസാധ്യത കൂട്ടുന്നുവെന്നതില്‍ വസ്തുതയുണ്ട്. എന്നാല്‍ അഞ്ചുശതമാനം അപകടങ്ങളേ റോഡിന്റെ ശോചനീയാവസ്ഥമൂലം ഉണ്ടാകുന്നുള്ളൂ. കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിക്കുന്ന ബസുകള്‍ മുന്‍പിലോടുന്ന വാഹനത്തെ മറികടക്കാനും വരുമാനം വര്‍ധിപ്പിക്കാനും അമിത താല്‍പ്പര്യം കാണിക്കുന്നതുമൂലം സംഭവിക്കുന്ന റോഡപകടങ്ങള്‍ പതിവാണ്.
റോഡ് സുരക്ഷാനിയമങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ കടുത്ത അനാസ്ഥയും ആധുനിക സാങ്കേതികവിദ്യയുടെ സഹകരണത്തോടെ നൂതനമാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ച് റോഡ് സുരക്ഷ ശക്തമാക്കുന്നതിലുള്ള വീഴ്ചയും അപകട കാരണമാണ്. നമ്മുടെ റോഡുകളിലെ പെരുമാറ്റം പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതാണോയെന്ന് ആലോചിക്കണം. ഗതാഗതം ഒരു സംസ്‌കാരമാണെന്ന ബോധ്യത്തില്‍നിന്നു വേണം ഇതിനായുള്ള തിരുത്തല്‍ നടപടികള്‍ ആരംഭിക്കേണ്ടത്. അധികാരികള്‍ക്കു മാത്രമല്ല ഇതിന്റെ ഉത്തരവാദിത്വമെന്ന ബോധ്യം ഓരോ പൗരനുമുണ്ടാകണം. റോഡുകളിലെ ക്ഷമയും മാന്യമായ പെരുമാറ്റവും അപകടങ്ങളുടെ എണ്ണം കുറയ്ക്കും.
റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ 76.2 ശതമാനവും 18 മുതല്‍ 45 വയസുവരെ പ്രായമുള്ളവരാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ റോഡപകടനിരക്ക് ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളെക്കാള്‍ മൂന്നിരട്ടി കൂടുതലാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടും പറയുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഇന്ത്യയുമുള്‍പ്പെടും. റോഡപകടത്തിലെ ഇരകളില്‍ പകുതിയിലധികവും സാധാരണക്കാരായ തൊഴിലാളികളോ പാവപ്പെട്ടവരോ ആണെന്നു കൂടി റിപ്പോര്‍ട്ട് പറയുന്നുണ്ട്. റോഡുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇത്തരത്തില്‍ സാധാരണ ജോലി ചെയ്യുന്ന തൊഴിലാളികളാണ്. മരണം മാത്രമല്ല, അപകടങ്ങളുണ്ടാക്കുന്ന പരുക്കും ഇരകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. അപകടങ്ങള്‍ക്കിരയാകുന്ന വ്യക്തിക്കും അവരുടെ കുടുംബത്തിനുമുണ്ടാക്കുന്ന ആഘാതം പൊതുവായ അളവുകോല്‍വച്ച് കണക്കാക്കാനാവാത്തതാണ്.
അപകടങ്ങളില്‍ ഇരുചക്രവാഹനങ്ങളാണ് മുന്നില്‍. 18- 25 വയസുള്ള യുവാക്കളാണ് മരിക്കുന്നവരില്‍ ഏറിയപങ്കും. വാഹനം ഓടിക്കുന്നവരും യാത്രക്കാരും മാത്രമല്ല, കാല്‍നടയാത്രക്കാരും റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നുണ്ട്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്നവരുണ്ട്. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടുതന്നെ റോഡ് മുറിച്ചുകടക്കുന്ന കാല്‍നട യാത്രക്കാരുമുണ്ട്. റോഡില്‍ പാലിക്കേണ്ട സംസ്‌കാരമെന്നത് വാഹനമോടിക്കുന്നവര്‍ക്ക് മാത്രമുള്ളതായിരിക്കരുത്.
അശ്രദ്ധയാണ് റോഡപകടങ്ങള്‍ക്ക് മൂലകാരണമായി വരുന്നതെന്നതും മറന്നുകൂടാ. കൊവിഡിനെ പ്രതിരോധിക്കാന്‍ നമ്മള്‍ സ്വീകരിച്ച മുന്‍കരുതല്‍ പോലെ ഒാരോവ്യക്തിയും വ്യക്തമായ ബോധ്യത്തോടെ പെരുമാറുകയും സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുത്ത് ചെയ്യേണ്ടതുമാണ് റോഡ് സുരക്ഷ. റോഡില്‍ പിടഞ്ഞു വീഴുന്നത് നമ്മുടെ കുഞ്ഞുങ്ങളാണെന്ന ബോധ്യം ഒരോരുത്തര്‍ക്കുമുണ്ടാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."