രാജ്യദ്രോഹക്കേസുകള്‍ രാഷ്ട്രീയായുധമാവുമ്പോള്‍
'നിങ്ങള്‍ ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാല്‍ അത് നിങ്ങള്‍ക്ക് നേടിത്തരാന്‍ ഈ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തും' എന്ന് പറഞ്ഞത് പൗലോ കൊയ്‌ലോയാണ്. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തിലേക്ക് പൗലോ കൊയ്‌ലോയുടെ ചിന്തയെ ഇങ്ങനെ വിവര്‍ത്തനം ചെയ്യാം 'ഭരണകൂടം ആഗ്രഹിക്കുന്നത് നടപ്പാക്കാനായി പൊലിസും അന്വേഷണ ഏജന്‍സികളും മാധ്യമങ്ങളും മറ്റുസംവിധാനങ്ങളും ഗൂഢാലോന നടത്തിക്കൊണ്ടിരിക്കും'. കര്‍ഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയാ കാംപയിനില്‍ പങ്കുചേര്‍ന്നതിന്റെ പേരില്‍ പ്രതികരണശേഷിയുള്ള യുവതലമുറകളിലെ ഓരോരുത്തരായി മിക്കദിവസവും ജയിലിലടയ്ക്കപ്പെടുകയും, അവരെ തുറുങ്കിലടയ്ക്കാനായി പാകത്തില്‍ പൊലിസും അന്വേഷണ ഏജന്‍സികളും മാധ്യമങ്ങളും 'തെളിവുകള്‍' സൃഷ്ടിക്കുകയും ചെയ്യുന്ന സമയത്ത് ഈ 'വിവര്‍ത്തന'ത്തിന് പ്രസക്തി കൂടുകയാണ്.
2014ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷമാണ് രാജ്യദ്രോഹക്കേസുകള്‍ ചുമത്തുന്നത് വ്യാപകമായത്. ഭീകരപ്രവര്‍ത്തനം, സായുധാക്രമണം, രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുക പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കായിരുന്നു മുന്‍പ് രാജ്യദ്രോഹക്കേസ് ചുമത്തിയിരുന്നത്. ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് കനയ്യകുമാറും ഉമര്‍ഖാലിദും ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി നേതാക്കളെ ലക്ഷ്യംവച്ച് തുടങ്ങിയ രാജ്യദ്രോഹക്കേസിന്റെ പേരിലുള്ള വോട്ടയാടലുകള്‍ ഇപ്പോള്‍ കര്‍ഷകസമരങ്ങളുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ പങ്കുവയ്ക്കുന്നതിന്റെ പേരില്‍ വരെ എത്തിനില്‍ക്കുന്നു. സര്‍ക്കാര്‍ വിമര്‍ശനങ്ങളും സംഘ്പരിവര്‍ നേതാക്കള്‍ക്കെതിരായ അഭിപ്രായപ്രകടനങ്ങളും വരെ ഗുരുതരമായ കുറ്റകൃത്യങ്ങളെന്ന പോലെയാണ് ഭരണകൂടം നേരിടുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് നേരെയുള്ള വിമര്‍ശനം ഹിന്ദുക്കള്‍ക്ക് നേരെയുള്ള പരിഹാസ്യമായി ചിത്രീകരിച്ച് മതനിന്ദാ കുറ്റം ചുമത്തി യുവ കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയെ അറസ്റ്റു ചെയ്തത് കഴിഞ്ഞമാസമാണ്. മുനവര്‍ ഫാറൂഖി അമിത്ഷായെ പരാമര്‍ശിച്ചില്ലെങ്കിലും 'വിമര്‍ശിക്കാന്‍ സാധ്യതയുണ്ട്' എന്നായിരുന്നു പൊലിസിന്റെ ഭാഷ്യം. ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. കര്‍ഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് പരിസ്ഥിതി പ്രവര്‍ത്തക ദിശ രവി(21)യെ അറസ്റ്റു ചെയ്തത്. ഇതേ കേസില്‍ മലയാളിയായ ആക്ടിവിസ്റ്റും അഭിഭാഷകയുമായ നികിത ജേക്കബ്, എന്‍ജിനീയറായ ശാന്തനു എന്നിവര്‍ക്കെതിരേ ഡല്‍ഹി പൊലിസ് ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. ഇരുവര്‍ക്കും കോടതി ഇടക്കാല സംരക്ഷണം നല്‍കിയിരിക്കുകയാണ്.
ആരാണ് ദിശ?
സ്‌കൂള്‍ കാലത്തേ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരരായിരുന്ന ദിശ രണ്ടുമൂന്ന് വര്‍ഷം മുമ്പാണ് യുവ സ്വീഡിഷ് പരിസ്ഥിതിപ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗിനെ കാണുന്നത്. യു.എന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ ഗ്രേറ്റ നടത്തിയ പ്രസംഗത്തിലും അവരുടെ പ്രവര്‍ത്തനങ്ങളിലും ദിശ പ്രചോദിതയായി. തന്നേക്കാള്‍ പ്രായക്കുറവുള്ള ഗ്രേറ്റക്ക് ലോകത്തെ പ്രചോദിക്കാമെങ്കില്‍ എന്തുകൊണ്ട് തനിക്ക് പറ്റില്ലെന്ന ചോദ്യമാണ് ദിശയെ ഈ രംഗത്ത് സജീവമാക്കിയത്. വൈകാതെ ഗ്രേറ്റയുമായി ദിശ അടുത്തു. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് 'ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍' (വെള്ളിയാഴ്ചകള്‍ ഭാവിക്ക് വേണ്ടി) എന്ന ഗ്രേറ്റയുടെ കൂട്ടായ്മയ്ക്ക് ബംഗളൂരുവില്‍ ദിശ രവി തുടക്കമിട്ടത്. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിലൂടെ ബംഗളൂരുവിന് പുറമെ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും 'ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍ ഇന്ത്യ' ചാപ്റ്ററുകള്‍ രൂപീകരിച്ചു.
പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഗവേഷണം, പൊതുസ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍, ജാഗ്രതാ സദസുകള്‍, പോസ്റ്റര്‍ പ്രചാരണം തുടങ്ങിയവയാണ് സംഘടന നടത്തുന്നത്. കരട് ഇ.ഐ.എ വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനു ഇമെയിലുകളാണ് ദിശ രവിയും സംഘവും കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിലേക്ക് അയച്ചിരുന്നത്. 'ശല്യം' വര്‍ധിച്ചതോടെ സംഘടനയുടെ വെബ്‌സൈറ്റ് തടഞ്ഞുവച്ചു. കഴിഞ്ഞവര്‍ഷം ദിശയെയും സുഹൃത്തുക്കളെയും പൊലിസ് ചോദ്യംചെയ്തു. യു.എ.പി.എ ചുമത്തുമെന്ന ഭീഷണിയും ഉയര്‍ന്നു. ഇതിന് പിന്നാലെയുണ്ടായ കര്‍ഷകപ്രക്ഷോഭത്തിനും ദിശ പിന്തുണ പ്രഖ്യാപിച്ചു. കര്‍ഷകപ്രക്ഷോഭത്തിന് അനുകൂലമായ സമൂഹമാധ്യമ പ്രചാരണത്തിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ചുള്ള മാര്‍ഗരേഖ (ടൂള്‍കിറ്റ്) ട്വിറ്ററില്‍ ഗ്രേറ്റ തന്‍ബെര്‍ഗ് പോസ്റ്റ് ചെയ്തിരുന്നു. ദിശ ഇത് എഡിറ്റ് ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണു കേസ്.
നികിതാ ജേക്കബ്
കര്‍ഷക പ്രക്ഷോഭം സംബന്ധിച്ച സൂം മീറ്റിങ്ങില്‍ ദിശ രവി ഉള്‍പ്പെടെയുള്ള 70 ഓളം പേര്‍ക്കൊപ്പം പങ്കെടുത്തതാണ് ഏഴുവര്‍ഷത്തോളം അഭിഭാഷകരംഗത്ത് പരിചയമുള്ള നികിതയ്‌ക്കെതിരായ കേസ്. ഡല്‍ഹി പൊലിസ് കേസെടുത്തതിന് ശേഷം നികിതയുടെ സമൂഹമാധ്യമ പ്രൊഫൈലുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി അടുത്തിടെ നികിത പരാതിപ്പെട്ടിരുന്നതായി സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുംബൈയിലെ അവരുടെ വീട്ടിലെത്തിയ ഡല്‍ഹി പൊലിസ് ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും എടുത്തുകൊണ്ടുപോയിരുന്നു.
ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്ന് പൊലിസ് പറയുന്ന പോയറ്റിക് ജസ്റ്റിസ് മേധാവി എം.ഒ ധലിവാള്‍ ഉള്‍പ്പെടെ പങ്കെടുത്ത സൂം യോഗത്തില്‍ താനും ദിശ രവിയും പങ്കെടുത്തിരുന്നുവെന്ന് നികിത ജേക്കബിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്. ഏങ്കെിലും വിധത്തിലുള്ള മത, രാഷ്ട്രീയ, സാമ്പത്തിക താല്‍പ്പര്യത്തോടെയല്ല ഇത്തരം വേദികളില്‍ പങ്കെടുത്തതെന്നും നികിത അറിയിച്ചിട്ടുണ്ട്.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
ദിശയുടെ കേസില്‍ പൊലിസ് നഗ്നമായ നിയമലംഘനം നടത്തിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ദിശയെ ഡല്‍ഹിയില്‍ എത്തിച്ചതും അഭിഭാഷകരുടെ സഹായം ലഭ്യമാക്കാതെ കോടതിയില്‍ ഹാജരാക്കുകയും അഞ്ചുദിവസത്തെ കസ്റ്റഡി ചോദിച്ചുവാങ്ങുകയും ചെയ്ത പൊലിസ് കാണിച്ച 'അതി ധൃതി'യാണ് ചോദ്യംചെയ്യപ്പെടുന്നത്. ദിശയുടെ അറസ്റ്റില്‍ എന്തുകൊണ്ട് ട്രാന്‍സിറ്റ് ഓര്‍ഡറിന് ശ്രമിച്ചില്ല, ഗൂഗിള്‍ ഡോക്യുമെന്റ് ആയ ടൂള്‍ കിറ്റ് എഡിറ്റ് ചെയ്തു എന്ന 'കുറ്റ'ത്തിന് അറസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടോ, കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എന്തുകൊണ്ടാണ് അഭിഭാഷകരുടെ സഹായം ഉറപ്പാക്കാതിരുന്നത്, എന്തുകൊണ്ട് മജിസ്‌ട്രേറ്റ് അഞ്ചുദിവസത്തെ പൊലിസ് കസ്റ്റഡി വിട്ടുകൊടുത്തു, അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസിലെ ട്വീറ്റുകള്‍ എന്തുകൊണ്ടാണ് പൊലിസ് പുറത്തുവിടുകയും ചില വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ പൊലിസ് മറുപടി നല്‍കേണ്ടിവരും.
'ടൂള്‍ കിറ്റ്' ഒരു മാരക കിറ്റല്ല
ടൂള്‍ കിറ്റ് എന്നത് ആയുധമോ മറ്റോ ആണെന്ന് തെറ്റിദ്ധരിച്ചുവച്ച നിരവധി പേരുണ്ടെന്നും അത്തരത്തില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ദിശയുടെ കേസിനെ കുറിച്ചുള്ള നിരീക്ഷണത്തില്‍ 'ദി വയര്‍' എഴുതിയിരുന്നു. കര്‍ഷകപ്രക്ഷോഭം പോലുള്ള ജനകീയവിഷയങ്ങളില്‍ സോഷ്യല്‍മീഡിയ മുഖേന പ്രചാരണത്തിനായി ഉപയോഗിക്കുന്ന ആക്ടിവിസ്റ്റുകളുടെ തന്ത്രമാണ് ടൂള്‍ കിറ്റ്. പ്രചാരണതന്ത്രങ്ങളും സമരരീതികളും ആവും അതില്‍ ഉണ്ടാവുക. കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ടതും അതിനായി അവര്‍ ചെയ്യേണ്ടതുമായ വിവരങ്ങളാണ് പ്രധാനമായും ഗ്രേറ്റ ട്വിറ്ററില്‍ പങ്കുവച്ച ടൂള്‍ കിറ്റില്‍ ഉണ്ടായിരുന്നത്. ഗൂഗിള്‍ ഫയല്‍ ആയിട്ടായിരുന്നു ഗ്രേറ്റ അത് പങ്കുവച്ചത്. ഉടന്‍ നീക്കുകയുംചെയ്തു. പിന്നീട് ഇത് എഡിറ്റ് ചെയ്താണ് ദിശ രവി പങ്കുവച്ചത്.
കര്‍ഷക സമരത്തിന് അനുകൂലമായി രാജ്യാന്തരതലത്തില്‍ വലിയതോതില്‍ സ്വീകാര്യത ലഭിച്ചുവരുന്നതിനിടെയാണ് സമരത്തെ അനുകൂലിക്കുന്നവരെ അറസ്റ്റു ചെയ്യുന്നത്. വരുംദിവസങ്ങളിലും പൊലിസ് കൂടുതല്‍ പേരെ ലക്ഷ്യമിട്ടേക്കും. ഇവര്‍ക്കെതിരേ അര്‍ബണ്‍ നക്‌സല്‍, ഖാലിസ്ഥാന്‍ വാദം, രാജ്യദ്രോഹം, ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള ചാപ്പകളും ചുമത്തും. പൊലിസിന്റെ ഭാഷ്യങ്ങള്‍ അപ്പടി മാധ്യമങ്ങളും ഏറ്റുപിടിക്കും. അതിന് ഉദാഹരണമാണ് അറസ്റ്റിലായവരെ ഖാലിസ്ഥാന്‍വാദികളുമായി ബന്ധപ്പെടുത്തിയുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. വാര്‍ത്താ ഏജന്‍സിയുടെ ലേഖകര്‍ക്ക് പൊലിസ് പറഞ്ഞുകൊടുത്ത 'വിവരങ്ങള്‍' അവര്‍ പ്രസിദ്ധീകരിച്ചു. വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് പിന്നീട് മറ്റു മാധ്യമങ്ങളും അത് ഏറ്റുപിടിക്കുന്നതോടെ ഭരണകൂടം ആഗ്രഹിച്ചത് നടത്തിക്കൊടുക്കുന്ന ഗൂഢാലോചനകളില്‍ മാധ്യമങ്ങളും അറിഞ്ഞും അറിയാതെയും പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."