പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, പിന്നില്‍ ആര്.എസ്.എസെന്ന് ആരോപണം; തലശ്ശേരിയിലും ന്യൂമാഹിയിലും ഇന്ന് ഹര്‍ത്താല്‍
കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. തലശേരി ന്യൂമാഹിക്കടുത്ത് പുന്നോല്‍ സ്വദേശി ഹരിദാസാണ് (54) കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരനും വെട്ടേറ്റു. ആക്രമണത്തിന് പിന്നില്‍ ആര്.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അക്രമമുണ്ടായത്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഹരിദാസന്റെ വീടിനു സമീപം പതിയിരുന്ന് നാലംഗ സംഘം അക്രമിക്കുകയായിരുന്നു. മൃതദേഹത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. ഒരു കാല് വെട്ടിമാറ്റിയ നിലയിലാണ്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരന് വെട്ടേറ്റു. ഇദ്ദേഹം തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹരിദാസിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
പ്രദേശത്തെ ഒരു ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് സി.പി.എം ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. പിന്നാലെയാണ് ആക്രമണം. തലശ്ശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും സി.പി.എം ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."