പിഴ അടക്കാൻ എത്തിവയരോട് മഞ്ചേരി ട്രാഫിക് പൊലിസ് താടി വടിക്കാൻ പറഞ്ഞെന്ന് പരാതി
മഞ്ചേരി: പിഴ അടക്കാൻ എത്തിവയരോട് മഞ്ചേരി ട്രാഫിക് യൂനിറ്റിലെ ജീവനക്കാരൻ താടിയും മുടിയും വടിക്കാൻ പറഞ്ഞതായി പരാതി. തൃപ്പനച്ചി പാലോട്ടിൽ സ്വദേശി ടി.കെ മുഹമ്മദലിയും കിഴിശ്ശേരി തവനൂർ ഒന്നാംമൈൽ സ്വദേശി എൻ.സി മുഹമ്മദ് ഷെരീഫുമാണ് മഞ്ചേരി ട്രാഫിക് എസ്.ഐക്ക് പരാതി നൽകിയത്. ഞായറാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. വാഹനം പിടിച്ചതിനെ തുടർന്ന് പിഴ അടക്കാൻ എത്തിയതായിരുന്നു ഇരുവരും.
പൊലിസ് ആവശ്യപ്പെട്ടത് പ്രകാരം വാഹന ഉടമ 1000 രൂപ പിഴയായി നൽകിയെങ്കിലും കൂടെയുള്ള സുഹൃത്തിൻ്റെ താടിയും മുടിയും വടിച്ച് വരാൻ പറഞ്ഞ് മടക്കി അയച്ചു. ഉച്ചക്ക് 1.30 ന് വീണ്ടും സ്റ്റേഷനിലെത്തി പണം നൽകാൻ തയ്യാറായെങ്കിലും എസ്.ഐ ഇല്ലെന്ന് പറഞ്ഞ് മടക്കി. വൈകീട്ട് 4.30ന് വീണ്ടും എത്തിയപ്പോൾ മഞ്ചേരി ടൗണിൽ പരിശോധനക്ക് ഇറങ്ങിയ എസ്.ഐയെ സമീപിച്ച് പിഴ അടക്കാൻ ആവശ്യപ്പെട്ടു.
പിഴ അടച്ചതിന് ശേഷം എസ്.ഐയെ സമീപിച്ച് സ്റ്റേഷനിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞു. സ്റ്റേഷനിൽ എത്തി രേഖാമൂലം പരാതി നൽകുകയും ചെയ്തു. സ്റ്റേഷനിൽ എത്തുന്നവരോട് മോശമായി പെരുമാറിയ ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."