എട്ട് മാസത്തിനിടെ ആറു കൊലപാതകം, മൂന്നിലും പ്രതികള്‍ സംഘ്പരിവാരുകാര്‍ എസ്.ഡി.പി.ഐ 2, കോണ്‍ഗ്രസ് 1; കണക്ക് നിരത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരേ കണക്കുകള്‍ നിരത്തി മുഖ്യമന്ത്രിയുടെ മറുപടി. 2021 മെയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് ആറ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ഇതില്‍ മൂന്ന് എണ്ണത്തില്‍ പ്രതികളായത് ആര്‍.എസ്.എസ് -ബിജെപി പ്രവര്‍ത്തകരും രണ്ടെണ്ണത്തില്‍ പ്രതികള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരും ഒരെണ്ണത്തില്‍ കോണ്‍ഗ്രസുകാരുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 1677 കൊലപാതക കേസുകളുണ്ടായി. എന്നാല്‍ 2016 മെയ് 25 മുതല്‍ 2021 മെയ് 19 വരെയുള്ള കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലയളവില്‍ 1516 കൊലപാതക കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2016 മുതല്‍ 2021 വരെ സ്ത്രീകള്‍ക്ക് എതിരെ 86390 അതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമീപകാലത്ത് നടന്ന കൊലപാതക കേസുകളിലെ പ്രതികള്‍ അറസ്റ്റിലായെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാണ്. നാല് പ്രതികളെ അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ വിവാഹ പാര്‍ട്ടിക്കിടെ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ അറസ്റ്റിലായി. കിഴക്കമ്പലത്തു ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തിലും പ്രതികളെ അറസ്റ്റ് ചെയതതായും മുഖ്യമന്ത്രി വിശദീകരിച്ചു.
അക്രമങ്ങള്‍ക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന നേതൃത്വമാണ് കോണ്‍ഗ്രിസന്റേത്. ധീരജ് കൊലപാതകത്തെ കെ.പി.സി.സി പ്രസിഡന്റ് ന്യായീകരിച്ചു. കൊലപാതകങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം പരസ്യ പിന്തുണ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ തലസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടി്. ഓരോ സംഭവം നടക്കുമ്പോഴും അത് ഒറ്റപ്പെട്ട സംഭവം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പൊലിസിനെ നിയന്ത്രിക്കുന്നത് പാര്‍ട്ടി നേതാക്കളെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളത്തിലെ സ്ഥിതി ഭയാനകം എന്നായിരുന്നു എന്‍ ഷംസുദ്ധീന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടത്. തലശേരിയില്‍ ആര്‍.എസ്.എസ് ആണ് പ്രതികളെങ്കില്‍ കിഴക്കമ്പലത്തു സി.പി.എം ആണ് പ്രതികള്‍. തലശേരിയില്‍ സ്വന്തം പാര്‍ട്ടിക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ഷുംസുദ്ധീന്‍ പറഞ്ഞു. ടി.പി കേസ് പ്രതികള്‍ എല്ലാം ഇപ്പോള്‍ പുറത്താണ്. അനുപമയുടെ കേസിലടക്കം പൊലിസിന് വീഴ്ച്ചയുണ്ടായെന്നും ഷംസുദ്ധീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."