ഇന്ധന വില വര്‍ധനവിനെതിരെ സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ച് റോബര്‍ട്ട് വദ്ര
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ദ്ധനവനെതിരെ സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ച് വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്ര. എ.സി കാറില്‍ നിന്ന് പുറത്തിറങ്ങി പ്രധാനമന്ത്രി ജനങ്ങളുടെ കഷ്ടപ്പാട് കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'നിങ്ങള്‍ (പ്രധാനമന്ത്രി) എ.സി കാറുകളില്‍ നിന്ന് പുറത്തുവന്ന് ആളുകള്‍ എത്രത്തോളം കഷ്ടപ്പെടുന്നുവെന്ന് കാണണം, അങ്ങനെയെങ്കില്‍ ഒരുപക്ഷേ നിങ്ങള്‍ ഇന്ധനവില കുറയ്ക്കും,' വദ്ര പറഞ്ഞു. നഗരത്തിലൂടെ സ്യൂട്ടും ഹെല്‍മറ്റും ധരിച്ച് വദ്ര സൈക്കിളില്‍ സഞ്ചരിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇന്ധന വില കുറക്കാനാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
പെട്രോള്‍, ഡീസല്‍ വിലവര്‍ധിപ്പിക്കുന്നതിനോടൊപ്പം അവക്ക് മേലുള്ള എക്‌സൈസ് നികുതിയും കേന്ദ്രം കുത്തനെ വര്‍ധിപ്പിക്കുന്നതെന്തിനെന്നായിരുന്നു കത്തില്‍ സോണിയ ചോദിച്ചത്. ജനങ്ങളോടുള്ള തങ്ങളുടെ ഉത്തരവാദിത്തം പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണമെന്നും ഇന്ധനവിലക്ക് മേല്‍ ഏര്‍പ്പെടുത്തിയ എക്‌സൈസ് നികുതി പിന്‍വലിക്കണമെന്നും സോണിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് തുടര്‍ച്ചയായി പതിമൂന്ന് ദിവസമായി ഇന്ധന വില കൂട്ടുകയാണ്. രാജ്യത്തെ പല സ്ഥലങ്ങളിലും പെട്രോളിന്റെ വില നൂറ് കടന്നു. ഡീസലിന്റെ വിലയും 90 രൂപക്ക് മുകളിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."