ഇന്ത്യയിലേയ്ക്ക് പോകുന്ന പ്രവാസികൾക്ക് പിസിആർ ടെസ്റ്റ് നിർബന്ധമാക്കിയ തീരുമാനം പിൻവലിക്കുക; നവയുഗം
ദമാം: ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേയ്ക്ക് പോകുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന നിബന്ധന പിൻവലിക്കണമെന്നു നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, യു.കെ, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേയ്ക്ക് പോകുന്ന ഓരോ പ്രവാസിയും, 72 മണിക്കൂറിനുള്ളിൽ ആർടി-പിസിആർ ടെസ്റ്റ് നടത്തി, കൊറോണ നെഗറ്റീവ് ആണെന്ന റിപ്പോർട്ട് എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. മാത്രമല്ല ചെക്ക്-ഇൻ സമയത്ത് ആ റിപ്പോർട്ട് ഹാജരാക്കുകയും ചെയ്യണം. ഇതിനു ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിയ്ക്കുകയുള്ളൂ..
പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന നടപടിയാണ് ഇത്. പണവും സമയവും ഒരുപോലെ ചിലവാക്കിയാലേ റിപ്പോർട്ട് കിട്ടുകയുള്ളു. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട പാവപ്പെട്ട പ്രവാസികൾക്ക് ഇതിനു ബുദ്ധിമുട്ടുകൾ ഉണ്ട്. ഇതുമൂലം പലർക്കും യാത്ര പോലും മുടങ്ങാനുള്ള സാധ്യത ഉണ്ട്. നാട്ടിലെത്തിയ ശേഷം കൊറോണ ടെസ്റ്റ് ചെയ്യേണ്ട അവസ്ഥ ഇപ്പോഴേ പ്രവാസികൾക്കുണ്ട്. അപ്പോൾ അവരെക്കൊണ്ടു യാത്ര ചെയ്യുന്നതിന് മുൻപും ടെസ്റ്റ് നടത്തുന്നതിന് ന്യായീകരണം ഇല്ല. കഴിഞ്ഞ വർഷം കേരളസർക്കാർ ഇത്തരം ഒരു നിർദ്ദേശം മുന്നോട്ടു വെച്ചെങ്കിലും പ്രവാസികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്തു, ആ നിർദ്ദേശം നടപ്പിലാക്കാതെ പിൻവലിപിൻവലിച്ചിരുന്നു.
ഇപ്പോൾ അതേ നയം കേന്ദ്രസർക്കാർ നിർബന്ധിതമായി നടപ്പാക്കുമ്പോൾ അതിനെ എതിർത്ത് തോൽപ്പിക്കേണ്ട ചുമതല പ്രവാസി ലോകത്തിനുണ്ട്. ഈ നിബന്ധന ഉടനെ പിൻവലിയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിയ്ക്കും, വിദേശകാര്യ വകുപ്പിനും നിവേദനം നൽകാനും നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."