ജനാധിപത്യത്തെ തകര്‍ക്കുന്നത് സമൂഹമാധ്യമങ്ങളല്ല
സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് ബി.ജെ.പി ആവര്‍ത്തിച്ചിരിക്കുകയാണ്. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് രാം മാധവ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പുസ്തകമായ 'ബികോസ് ഇന്ത്യ കംസ് ഫസ്റ്റ് ' കൊല്‍ക്കത്തയില്‍ പ്രകാശനം ചെയ്ത വേളയില്‍ പറഞ്ഞത്. സര്‍ക്കാരുകളെ അട്ടിമറിക്കാനും അരാജകത്വം സൃഷ്ടിക്കാനും കഴിയും വിധം സമൂഹമാധ്യമങ്ങള്‍ വളര്‍ന്ന സാഹചര്യത്തിലാണ് ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്നും അരാഷ്ട്രീയ വാദത്തിന്റെ ഉയര്‍ച്ച ജനാധിപത്യത്തിനു ഭീഷണിയാകുന്നുണ്ടെന്നുമുള്ള കാരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്. കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടന്നുവരുന്ന തര്‍ക്കവും ഇത്തരമൊരു നിയന്ത്രണത്തിനു പ്രേരിപ്പിക്കുന്നുണ്ടാവാം. മൂന്നു മാസത്തിലധികമായി കര്‍ഷകര്‍ തുടരുന്ന സമരം രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയതും അന്തര്‍ദേശീയ തലത്തില്‍ സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതും കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്.
ഫേസ്ബുക്ക്, ട്വിറ്റര്‍, നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവയടക്കം നിയന്ത്രണത്തിനു വിധേയമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ വകുപ്പുകളില്‍ മാറ്റം വരുത്താനാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയം ഒരുങ്ങുന്നത്. ഇതിന്റെ സൂചനയാണ് രാം മാധവ് നല്‍കിയതും. സമൂഹമാധ്യമങ്ങളെ സര്‍ക്കാര്‍ നിയമങ്ങള്‍ക്കു വിധേയമാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള ഈ നിയമഭേദഗതി പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുവാനുള്ളതാണ്. സര്‍ക്കാര്‍ ഇതു ബോധപൂര്‍വം മറച്ചുവയ്ക്കുകയുമാണ്.
ജനാധിപത്യത്തിന്റെ പേരില്‍ ആണയിടുകയും അതേസമയം പൗരന്റെ അവകാശങ്ങള്‍ അട്ടിമറിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍. കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട്, അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് ട്വിറ്ററില്‍ പങ്കുവച്ച അഭിപ്രായവും പ്രസ്തുത അഭിപ്രായപ്രകടനത്തിനു ലോക വ്യാപകമായി ലഭിച്ച പിന്തുണയും സമൂഹമാധ്യമങ്ങള്‍ക്കു നേരേ തിരിയാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ടാകണം. കര്‍ഷകസമരത്തിന് ഏതുവിധേന പിന്തുണ നല്‍കാം എന്നതു സംബന്ധിച്ച് ഗ്രേറ്റ തന്‍ബര്‍ഗ് പുറത്തുവിട്ട വിശദമായ മാര്‍ഗരേഖ അവരുടെ ഐക്യദാര്‍ഢ്യ സന്ദേശത്തോടൊപ്പം ഉണ്ടായിരുന്നു. ടൂള്‍കിറ്റ് എന്ന ഈ മാര്‍ഗരേഖ ഇന്ത്യയിലെ പരിസ്ഥിതി പ്രവര്‍ത്തകയും വിദ്യാര്‍ഥിനിയുമായ ദിശ രവി പങ്കുവച്ചതാണ് അവര്‍ ചെയ്ത 'രാജ്യദ്രോഹം'. രാജ്യദ്രോഹക്കുറ്റം ചുമത്തി അവരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണിപ്പോള്‍ ഭരണകൂടം. വേറെ രണ്ടു പേര്‍ക്കെതിരേയും ഇതേ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെങ്കിലും അവരുടെ അറസ്റ്റ് കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്.
ജനാധിപത്യ ഭരണത്തെ അട്ടിമറിക്കാനാണ് ഇത്തരം ടൂള്‍കിറ്റുകള്‍ ഉപയോഗപ്പെടുത്തുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ ജനാധിപത്യത്തിന്റെ ധീരവും ശക്തവുമായ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ഐ.ടി നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ തയാറാകുന്നതെന്ന് സാമാന്യ ജനത്തിനു നല്ല ബോധ്യമുണ്ട്. സര്‍ക്കാരിനെതിരേ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാന്‍ അവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുക എന്ന ഫാസിസ്റ്റ് നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്നത്. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമത്തിന്റെ അന്തിമ രൂപം 2020 ജനുവരിയോടെ പ്രാബല്യത്തില്‍ വരുമെന്ന് അറ്റോര്‍ണി ജനറല്‍ 2019 ഒക്ടോബറില്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ അത്തരമൊരു നിയന്ത്രണം ഭരണഘടനാ വിരുദ്ധമായിരിക്കും എന്ന നിയമോപദേശത്തെ തുടര്‍ന്നായിരിക്കണം, ഭരണഘടനാ ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടായിരിക്കും നിയമഭേദഗതി കൊണ്ടുവരികയെന്ന് രാം മാധവ് പറഞ്ഞത്.
സര്‍ക്കാരിനു വിവരങ്ങള്‍ ചോര്‍ത്താന്‍ നിയമപരമായ അനുമതി ഉണ്ടെങ്കിലും വിവരങ്ങള്‍ സര്‍ക്കാരിനു കൈമാറാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിയമപരമായ ബാധ്യതയില്ല. ഇത് നടപ്പില്‍ വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ഐ.ടി നിയമ ഭേദഗതിക്ക് തയാറെടുക്കുന്നത്. ട്വിറ്ററിലും ഫേസ്ബുക്കിലും അല്ലാതെയും സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും ഇതിനകം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. മാസങ്ങളായി അവര്‍ ജയിലുകളില്‍ കഴിയുന്നു. ഇതുവരെ അവരുടെ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച് കുറ്റപത്രം സമര്‍പ്പിക്കാനോ അവരെ വിചാരണ ചെയ്യാനോ സര്‍ക്കാര്‍ തയാറായിട്ടില്ല. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണയില്ലാതെ അനന്തമായി ജയിലിലിടുക, അതുവഴി സര്‍ക്കാരിനെതിരായ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുക. ഇതാണ് എന്‍.ഡി.എ സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്ന നയം. അല്ലാതെ രാജ്യത്തിന്റെ അഖണ്ഡതയിലും സുരക്ഷയിലുമുള്ള വേവലാതി കൊണ്ടല്ല ഇത്തരം നിയമങ്ങള്‍ കൊണ്ടുവരാന്‍ ഉത്സുകരാകുന്നത്.
വിവര സാങ്കേതികവിദ്യയെ ഏറ്റവുമധികം ദുരുപയോഗപ്പെടുത്തിയവരാണ് ബി.ജെ.പി. സംഘ്പരിവാറില്‍ ഇതിനായി ഒരു വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നു. വ്യത്യസ്ത മതവിഭാഗങ്ങളും ജാതികളും തമ്മില്‍ സ്പര്‍ധയുണ്ടാക്കാനും അതുവഴി അവരെ ശത്രുക്കളാക്കി കലാപം സൃഷ്ടിക്കാനും അതില്‍ നിന്ന് രാഷ്ട്രീയ ലാഭം നേടാനും സമൂഹമാധ്യമങ്ങളെ ഏറ്റവുമധികം ദുരുപയോഗം ചെയ്തത് ബി.ജെ.പിയാണ്. യു.പിയില്‍ മുസ്‌ലിംകളെ ഇവ്വിധമാണ് അവര്‍ ഇതര മതസ്ഥര്‍ക്ക് ശത്രുക്കളാക്കിയത്. ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ വിജയിപ്പിച്ചെടുത്ത ഈ കുതന്ത്രമാണ് കേരളത്തില്‍ അവര്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരേ സമൂഹമാധ്യമങ്ങളിലൂടെ പ്രയോഗിച്ചത്.
പ്രബുദ്ധരായ മലയാളി സമൂഹം സംഘ്പരിവാറിന്റെ വിദ്വേഷപ്രചാരണത്തെ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു. മനുഷ്യര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ സമൂഹമാധ്യമങ്ങളെ ഏറ്റവുമധികം ദുരുപയോഗം ചെയ്തത് സംഘ്പരിവാര്‍ ആണെന്നിരിക്കെ അവരുടെ മുതിര്‍ന്ന നേതാവ് രാം മാധവ്, സമൂഹമാധ്യമങ്ങളാണ് രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്നതെന്നും അരാജകത്വം സൃഷ്ടിക്കുന്നതെന്നും ഇക്കാരണങ്ങളാല്‍ ജനാധിപത്യം അപകടപ്പെടാന്‍ പോവുകയാണെന്നും പറഞ്ഞത് തീര്‍ത്തും പരിഹാസ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."