തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ; മതേതര നിലപാടുകൾക്ക് ലഭിച്ച അംഗീകാരമെന്ന് ഡി.എം.കെ, ബി.ജെ.പി കൂട്ടുകെട്ട് തിരിച്ചടിയായെന്ന് അണ്ണാ ഡി.എം.കെ
ഫൈസൽ കോങ്ങാട്
ചെന്നൈ
തമിഴ്‌നാട്ടിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ദയനീയ പരാജയമേൽക്കേണ്ടി വന്നത് ബി.ജെ.പിയുമായുള്ള ബാന്ധവമെന്ന് അണ്ണാ ഡി.എം.കെ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഉത്തരേന്ത്യൻ മാതൃകയിൽ തമിഴ്‌നാട്ടിൽ ബി.ജെ.പി നേതൃത്വം വർഗീയനിലപാടുകൾ പരീക്ഷിച്ചതാണ് ജനങ്ങൾ മതേതര നിലപാടുകളിൽ ഉറച്ചുനിന്ന ഡി.എം.കെ മുന്നണിയെ പിന്തുണക്കാൻ കാരണമായതെന്നും ഹിജാബ് വിവാദവും ഹിജാബിനെതിരേയുള്ള വികാരപ്രകടനങ്ങളും ന്യൂനപക്ഷങ്ങളുടെ ഏകീകരണത്തിന് കാരണമായെന്നും നേതൃയോഗം വിലയിരുത്തി.
അതേസമയം, തമിഴ്‌നാട് സർക്കാരിന്റെ വികസന കാഴ്ചപ്പാടുകളും മതേതര നിലപാടുകളുമാണ് ജനങ്ങളുടെ പിന്തുണ ലഭിക്കാൻ കാരണമായതെന്ന് ഡി.എം.കെ നേതൃത്വം വിലയിരുത്തി. മതനിരപേക്ഷ-വികസന കാഴ്ചപ്പാടുകളുമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി സ്റ്റാലിന്റെ നിലപാടുകൾക്കുള്ള അംഗീകാരമാണ് ഈ വിജയമെന്ന് ഡി.എം.കെ വക്താവ് രവീന്ദ്രൻ സുപ്രഭാതത്തോട് വ്യക്തമാക്കി.
ചില പ്രത്യേക പോക്കറ്റുകളിൽ ബി.ജെ.പി സ്ഥാനാർഥികൾ വിജയിച്ചതൊഴിച്ചാൽ പലർക്കും കെട്ടിവച്ച തുകപോലും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ബി.ജെ.പിയുടെ ഭൂരിപക്ഷം സ്ഥാനാർഥികളും മൂന്നാം സ്ഥാനത്തേക്കോ നാലാം സ്ഥാനത്തേക്കോ പിന്തള്ളപ്പെട്ടു. ഈറോഡ് ജില്ലയിലെ ഭവാനിസാഗർ ടൗൺ പഞ്ചായത്ത് 11ാം വാർഡിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥി നരേന്ദ്രന് അദ്ദേഹത്തിന്റെ വോട്ട് മാത്രമാണ് ലഭിച്ചത്. ഫലം പ്രഖ്യാപിച്ച 1,788 ടൗൺ പഞ്ചായത്ത് വാർഡുകളിൽ 26 സീറ്റിൽ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്. സീറ്റ് ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഒറ്റക്കാണ് ബി.ജെ.പി മത്സരിച്ചതെങ്കിലും എൻ.ഡി.എ സംവിധാനത്തിൽനിന്ന് അണ്ണാ ഡി.എം.കെ പുറത്തുപോയിരുന്നില്ല.
100 മുനിസിപ്പാലിറ്റികളിലെ 344 കൗൺസിലർമാരിൽ 253 ഡി.എം.കെ സ്ഥാനാർഥികളാണ് ജയിച്ചത്. എ.ഐ.എ.ഡി.എം.കെ 71 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ച ഡി.എം.ഡി.കെ മൂന്ന് സീറ്റിലും വിജയിച്ചു. 1,788 ടൗൺ പഞ്ചായത്ത് വാർഡുകളിൽ 1,236 സീറ്റുകളിലും ഡി.എം.കെ വിജയിച്ചു. 21 കോർപറേഷനിലേക്കും 138 മുനിസിപ്പാലിറ്റിയിലേക്കും 489 ടൗൺ പഞ്ചായത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കോയമ്പത്തൂർ, ചെന്നൈ, സേലം ഉൾപ്പെടെയുള്ള 21 കോർപറേഷനുകളിലും ഡി.എം.കെക്കാണ് ഭൂരിപക്ഷം. ബി.ജെ.പിക്കും നടൻ കമൽഹാസന്റെ പാർട്ടിക്കും നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. അതേസമയം, മികച്ച മുന്നേറ്റമാണ് മുസ് ലിം ലീഗും കൈവരിച്ചത്. വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫർ ജയിച്ചു. ചെന്നൈ സിറ്റി കോർപ്പറേഷനിലെ 61ാം വാർഡായ എഗ്മോറിൽ നിന്നാണ് ഫാത്തിമ മുസഫർ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."