മലയാളി വിദ്യാര്‍ഥികള്‍ ആശങ്കയില്‍; എംബസിയുമായി ബന്ധപ്പെടാനാകുന്നില്ല
ന്യുഡല്‍ഹി: റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ യുക്രൈയിനില്‍ തുടരുന്ന മലയാളി വിദ്യാര്‍ഥികള്‍ ആശങ്കയുടെ നടുക്കടലില്‍. മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും ഭക്ഷണം വെള്ളം തുടങ്ങിയവ ലഭ്യമാകാത്ത സ്ഥിതിയുണ്ട്. ഇന്ത്യ ആവശ്യപ്പെട്ട പ്രകാരം പടിഞ്ഞാറന്‍ യുക്രൈയിനിലേക്കും ഇവര്‍ക്ക് പോകാനാവാത്ത അവസ്ഥയുണ്ട്. പലര്‍ക്കും ഇന്ത്യന്‍ എമ്പസിയുമായി ബന്ധപ്പെടാനാകുന്നില്ല.
പൊതുഗതാഗത സര്‍വീസുകള്‍ താറുമാറായി. പടിഞ്ഞാറന്‍ യുക്രൈനിലേക്ക് എത്താന്‍ വഴിയില്ല. വാഹനസൗകര്യങ്ങള്‍ ലഭ്യമല്ല. സ്വകാര്യ ടാക്‌സികള്‍ വിളിച്ച് പോകണം. പലരും വരാന്‍ തയാറല്ല, വരുന്നവര്‍ക്ക് അവര്‍ പറയുന്ന പണം കൊടുക്കണം. അതിനും മാത്രം പണം തങ്ങളുടെ കൈവശമില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ബാങ്കുകള്‍ അടച്ചതിനാല്‍ പണം കൈമാറാന്‍ വഴിയില്ല. എടിഎമ്മുകള്‍ അടച്ചിട്ടിരിക്കുന്നു. എംബസി ഏതെങ്കിലും തരത്തില്‍ വാഹനങ്ങള്‍ സംഘടിപ്പിച്ച് പടിഞ്ഞാറന്‍ യുക്രൈനിലേക്ക് എത്തിക്കാന്‍ സഹായിക്കണമെന്നാണ് പല വിദ്യാര്‍ത്ഥികളും ആവശ്യപ്പെടുന്നത്.
അതിന് വലിയ തുകയാകും. അത് എങ്ങനെയെങ്കിലും സംഘടിപ്പിച്ചാലും അത് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നല്‍കാന്‍ വഴിയില്ല.
ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് തിരികെ വരണമെങ്കില്‍ പടിഞ്ഞാറന്‍ യുക്രൈനിലേക്ക് വരേണ്ടി വരും. എല്ലാ പൗരന്‍മാരോടും പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും കയ്യില്‍ കരുതണമെന്നാണ് ഇന്ത്യ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എംബസിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അടക്കമുള്ള എല്ലാ സാമൂഹ്യമാധ്യമങ്ങളും തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, പടിഞ്ഞാറന്‍ യുക്രൈയിനിലേക്ക് എത്താനാവാത്ത സ്ഥിതിയാണുള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അതേ സമയം യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് യുക്രൈനിലുള്ളത്. ഇതില്‍ 2230 പേര്‍ മലയാളികളാണ്. നാലായിരത്തോളം പേരെ തിരിച്ചെത്തിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. വിമാനത്താവളങ്ങള്‍ അടച്ചതോടെ മടക്കയാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇവരെയെല്ലാവരെയും പരമാവധി സുരക്ഷിതരായിത്തന്നെ നാട്ടിലെത്തിക്കണമന്നും ആശങ്കയകറ്റണമെന്നും കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."