രക്ഷിക്കാനാളില്ല; രോഗവും പട്ടിണിയും: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ കടലില്‍ മരിച്ചുവീഴുന്നു
കൊല്‍ക്കത്ത: രക്ഷിക്കാനാരുമില്ലാതെ പട്ടിണിയും രോഗങ്ങളുമായി റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ പശ്ചിമബംഗാള്‍ തീരത്തിനടുത്ത് കടലില്‍ മരിച്ചുവീഴുന്നു. 90 ഓളം രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുമായി ഈ മാസം 11ന് ബംഗ്ലാദേശില്‍ നിന്നു പലായനം ചെയ്ത ബോട്ടാണ് യന്ത്രത്തകരാര്‍ മൂലം നടുക്കടലില്‍പെട്ടത്.
ഇവരില്‍ 65 പേര്‍ സ്ത്രീകളാണ്. രണ്ടു വയസിന് താഴെയുള്ള അഞ്ചു കുട്ടികളുമുണ്ട്. രണ്ടുപേര്‍ ബംഗ്ലാദേശി ബോട്ട് ജീവനക്കാരാണ്. ആറു ദിവസത്തിലധികമായി ഇവര്‍ കടലില്‍ കുടുങ്ങിയിട്ട്. നിര്‍ജലീകരണവും അതിസാരവും മൂലം എട്ടുപേര്‍ മരിച്ചു.
ശനിയാഴ്ച മൂന്നുപേരും തിങ്കളാഴ്ച അഞ്ചുപേരും മരിച്ചു.
കാറ്റില്‍ ബോട്ട് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെത്തിയതോടെ മനുഷ്യത്വം മുന്‍നിര്‍ത്തി ഇവരെ രക്ഷിക്കണമെന്ന് യു.എന്നും രോഹിന്‍ഗ്യകള്‍ക്കുവേണ്ടിയുള്ള സംഘടനകളും ഇന്ത്യയോട് ആവശ്യപ്പെട്ടെങ്കിലും തയാറായിട്ടില്ല. പകരം, ഇന്ത്യന്‍ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും ഇവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിച്ചു. നാവിക സേന ഡോക്ടര്‍മാര്‍ക്ക് പുറമെ ആന്‍ഡമാനില്‍ നിന്നുള്ള ഡോക്ടര്‍മാരെയും എത്തിച്ചു.
ഇന്ത്യ ഭക്ഷണമെത്തിച്ചെങ്കിലും അവരെ രക്ഷിക്കാന്‍ തയാറാകാത്തത് വേദനിപ്പിക്കുന്നെന്ന് രോഹിന്‍ഗ്യകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബാങ്കോക്കിലെ അര്‍ക്കാന്‍ പ്രോജക്ട് മേധാവി ക്രിസ് ലേവ പറഞ്ഞു. അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തെ ബി.ജെ.പി ശക്തമായി എതിര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."