നവാബ് മാലിക്ക് രാജിവയ്ക്കില്ല; പിന്തുണയുമായി മഹാരാഷ്ട്ര സർക്കാർ ബി.ജെ.പിക്കെതിരേ തുറന്ന യുദ്ധത്തിന് ശിവസേന
മുംബൈ
നവാബ് മാലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്ത സംഭവത്തിൽ ബി.ജെ.പിക്കെതിരേ തുറന്ന യുദ്ധത്തിന് ശിവസേന. മന്ത്രിസഭയിലെ മുതിർന്ന അംഗത്തിനെ അധോലോക നേതാവ് ദാവൂദ് ഇബ്‌റാഹീമുമായി ബന്ധമുണ്ടെന്നാരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്തത് മഹാരാഷ്ട്ര സർക്കാരിനെതിരേയുള്ള നീക്കമായാണ് ശിവസേന കാണുന്നത്. നവാബ് മാലിക്കിന്റെ രാജി ബി.ജെ.പി ആവശ്യപ്പെട്ടെങ്കിലും മഹാ വികാസ് അഘാഡി സഖ്യം തള്ളി.
ഇന്നലെ നവാബ് മാലിക്കിന് പിന്തുണയുമായി മഹാരാഷ്ട്ര മന്ത്രിമാർ പ്രതിഷേധവുമായി രംഗത്തെത്തി. മാലിക് രാജിവയ്‌ക്കേണ്ടെന്ന നിലപാടിൽ എല്ലാ സഖ്യകക്ഷികളും ഉറച്ചു നിൽക്കുകയാണ്. ശിവസേന, എൻ.സി.പി, കോൺഗ്രസ് പാർട്ടികളാണ് മഹാ വികാസ് അഘാഡി സഖ്യത്തിലുള്ളത്. കഴിഞ്ഞദിവസം അഘാഡി സഖ്യം യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
ശിവസേനയുടെ മുതിർന്ന നേതാക്കൾ യു.പിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാൽ യോഗത്തിൽ പങ്കെടുത്തില്ല. മുംബൈ മന്ത്രാലയക്കടുത്ത് മഹാത്മാ ഗാന്ധി പ്രതിമയ്ക്കു സമീപം മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം ധർണ നടത്തി. ശിവസേനയുടെ മന്ത്രി സുഭാഷ് ദേശായ് ധർണയ്‌ക്കെത്തി. ആദിത്യ താക്കറെ, സഞ്ജയ് റാവത്ത്, ഏക്‌നാഥ് ഷിൻഡെ തുടങ്ങിയ നേതാക്കൾ ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്ന് ശിവസേനാ വക്താവ് പറഞ്ഞു. അതിനിടെ, മാർച്ച് മൂന്നു വരെ നവാബ് മാലിക്കിനെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. നവാബ് മാലിക്കിന് ദാവൂദ് ഇബ്‌റാഹീമുമായി ബന്ധമുണ്ടെങ്കിൽ എന്തുകൊണ്ട് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കാലത്ത് അദ്ദേഹത്തിനെതിരേ നടപടിയെടുത്തില്ലെന്ന് എൻ.സി.പി മന്ത്രി ചഹാഗൻ ബുജ്ബാൽ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."