വിദ്യാര്‍ഥികൾക്കായി ഇന്ത്യന്‍ എംബസി ഒന്നും ചെയ്യുന്നില്ലെന്ന് രക്ഷിതാക്കള്‍
തൃശൂര്‍
ഉക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥികൾക്കായി ഇന്ത്യന്‍ എംബസി ഒന്നും ചെയ്യുന്നില്ലെന്ന് രക്ഷിതാക്കള്‍. എംബസി അധികൃതര്‍ ഇടയ്ക്കിടെ പറയുന്ന കാര്യങ്ങള്‍ മാറ്റിപ്പറയുന്നതുമൂലം മലയാളി വിദ്യാര്‍ഥികള്‍ ഇപ്പോള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് രക്ഷിതാക്കള്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രക്ഷപ്പെടുത്താനോ സഹായിക്കാനോ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തയാറല്ല. ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ കുട്ടികള്‍ വലയുകയാണെന്നും രക്ഷിതാക്കൾ സൂചിപ്പിച്ചു. ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന കാതറീന്റെ പിതാവ് കണ്ണാറ സ്വദേശി ജോഫി ജോസഫ്, സഹോദരി ക്രിസ്റ്റീന, നന്തിക്കര സ്വദേശിയായ വിദ്യാര്‍ഥി ഡില്‍ജോയുടെ പിതാവ് ജയ്മോന്‍ ജോസഫ് എന്നിവരാണ് വാർത്താസമ്മേളനം നടത്തിയത്.
ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം അനുസരിച്ച് പോളണ്ടിലേക്ക് കാല്‍നടയായി കിലോമീറ്ററുകളോളം യാത്ര ചെയ്ത് ഇരുപതോളം വിദ്യാര്‍ഥികള്‍ റവ റസ്ക അതിര്‍ത്തിയിലെത്തി. ഇവിടെ എത്തിയപ്പോഴാണ് മറ്റൊരു അതിര്‍ത്തിയായ ഷഹനായിയിലേക്കാണ് പോകേണ്ടതെന്ന് എംബസി ഉദ്യോഗസ്ഥര്‍ പറയുന്നത്. 40 കിലോമീറ്ററോളം വാഹനം കിട്ടാതെ കാല്‍നടയായി അവിടെ എത്തി. വീണ്ടും യാത്ര തുടർന്നപ്പോഴാണ് അതിര്‍ത്തികളിലേക്ക് എത്തേണ്ടതില്ലെന്നും ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തു തന്നെ താമസിക്കണമെന്ന എംബസി ഉദ്യോഗസ്ഥരുടെ സന്ദേശം എത്തുന്നത്. ഇതെത്തുടര്‍ന്ന് സമീപത്തുള്ള ഒരു സ്‌കൂളിന്റെ വരാന്തയിലാണ് ഇവര്‍ കഴിയുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി വാഹനം അയച്ച് കുട്ടികളെ രക്ഷപ്പെടുത്താനുള്ള സംവിധാനം ഉണ്ടാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."