വിദേശകാര്യ മന്ത്രിയുമായി മുഖ്യമന്ത്രി ഫോണിൽ ചർച്ച നടത്തി
തിരുവനന്തപുരം
ഉക്രൈനിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഫോണിൽ ചർച്ച നടത്തി. മലയാളികളിൽനിന്ന് തുടർച്ചയായി ദുരിതസന്ദേശങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിച്ചു.
കിഴക്കൻ ഉക്രൈനിലെ കീവ്, ഖാർകീവ്, സുമി തുടങ്ങിയ സ്ഥലങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തരമായി എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിവരികയാണെന്നും അതുവരെ മലയാളികളടക്കമുള്ള ഇന്ത്യക്കാർക്കുള്ള എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി.
കൊടും തണുപ്പിൽ നടന്ന് പോളണ്ടിന് അടുത്തെത്തിയ വിദ്യാർഥികളെ അതിർത്തി കടക്കാൻ ഉക്രൈനിലെ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്നും ഇവർക്കെതിരേ പട്ടാളത്തെ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള പരാതിയും മുഖ്യമന്ത്രി പങ്കുവച്ചു. ഇതടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉക്രൈൻ ഭാഷ കൈകാര്യം ചെയ്യാനറിയുന്ന ഉദ്യോഗസ്ഥരെ എത്രയും വേഗം അതിർത്തിയിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. അതിർത്തിയിൽ ഇപ്പോഴുള്ള ഉദ്യോഗസ്ഥർക്ക് അതിന് സാധിക്കുമെന്ന് വിദേശകാര്യ മന്ത്രി ഉറപ്പുനൽകി. ഇതുവരെയുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് വിദേശകാര്യ മന്ത്രാലയത്തോട് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."