ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് സംസ്ഥാന സമ്മേളനം എറണാകുളത്ത്
കൊച്ചി: കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് സംസ്ഥാന സമ്മേളനം നവംബര്‍ 12, 13 തീയതികളില്‍ എറണാകുളം മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടത്തും. ഇന്നലെ കലക്ടറേറ്റ് ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണയോഗം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ പിടി തോമസ് എം എല്‍ എ മുഖ്യാതിഥിയായിരുന്നു. എം.എല്‍.എ എന്ന നിലയില്‍ മുഴുവന്‍ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ കെ. എ. ബാബു അധ്യക്ഷനായിരുന്നു. സമ്മേളന വിവരങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. എറണാകുളം ജില്ലാ പ്രസിഡന്റ് കെ. ജെ. വര്‍ഗീസ്, സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍, സെക്രട്ടറി ജയ്‌സണ്‍ തോമസ്, സംസ്ഥാനസമിതിയംഗം കെ.സി രാധാകൃഷ്ണന്‍ തുടങ്ങിയവരും വിവിധ വകുപ്പുതല പ്രതിനിധികളും മഹാരാജാസ്, സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍, അധ്യാപക പ്രതിനിധി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
സമ്മേളനത്തില്‍ 1200 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ഇവര്‍ക്കു സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അവസരമൊരുക്കുന്നതിനായി റെയില്‍വേ 12നും 13നും വൈകുന്നേരം പ്രത്യേക കോച്ചുകള്‍ സജ്ജീകരിക്കും. സംഘാടക സമിതി രക്ഷാധികാരികളായി എം എല്‍ എമാരായ പിടി തോമസ്, ഹൈബി ഈഡന്‍, കെ. ജെ. മാക്‌സി, ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള ചെയര്‍മാനും ലയണ്‍സ് ക്ലബ്ബ് ഭാരവാഹി റോയി വര്‍ഗീസ്, ഫെഡറേഷന്‍ പ്രസിഡന്റ് അബൂബക്കര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍ മോന്‍ എന്നിവര്‍ വൈസ്‌ചെയര്‍മാന്‍മാരുമായിരിക്കും.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി. കെ. പ്രകാശ്, ഫെഡറേഷന്‍ സെക്രട്ടറി ജയ്‌സണ്‍ തോമസ് എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായിരിക്കും. ഇതു കൂടാതെ വിവിധ കമ്മിറ്റികള്‍ക്കും രൂപം നല്‍കി. സമ്മേളനത്തിന് എത്തുന്ന പ്രതിനിധികളെ സഹായിക്കുന്നതിന് വോളണ്ടിയര്‍മാരെ ലഭ്യമാക്കാമെന്നു കോളജ് പ്രതിനിധികള്‍ ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."