കാഴ്ചകളുടെ പറുദീസയിലേക്ക് ടോയ് ട്രെയിന്‍ യാത്ര
ഇന്ത്യയില്‍ സ്റ്റീം എന്‍ജിന്റെ സഹായത്തോടെയുള്ള മലയോര തീവണ്ടിപ്പാതയില്‍ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്ന പാതയാണ് ഡാര്‍ജിലിങ്ങിലെ ഹിമാലയന്‍ റെയില്‍വേ പാത. ആ പാതയിലൂടെ വണ്ടി സഞ്ചരിക്കുന്നത് വാഹനങ്ങളുടെ കാതടിപ്പിക്കുന്ന ശബ്ദകോലഹാലങ്ങള്‍ക്കിടയിലൂടെയാണെന്നത് യാത്രയെ മുഷിപ്പുളവാക്കുന്നുണ്ട് അവയില്‍ നിന്നൊക്കെ വിഭിന്നമായി, ഹരിതാഭമായ കുന്നുകള്‍ക്കിടയിലൂടെ, മനോഹരമായ പുല്‍മേടുകളും തേയിലത്തോട്ടങ്ങളും കടന്ന്, വിണ്ണോളം ഉയര്‍ന്നുനില്‍ക്കുന്ന യൂക്കാലിപ്‌സ് മരങ്ങളെ തൊട്ടുകൊണ്ട്, തീര്‍ത്തും പ്രകൃതിയെ കെട്ടിപ്പുണര്‍ന്നുള്ള യാത്ര തന്നെയാണ് ഈ പാതയെ വേറിട്ടു നിര്‍ത്തുന്നത്. നനുത്ത നൂല്‍ മഴയും സൂചി തണുപ്പുമൊക്കെ ആസ്വദിച്ച് മന്ദം മന്ദം മലകയറുമ്പോള്‍ ചുറ്റിലും കാണുന്നത് അറ്റം കാണാത്ത ഗര്‍ത്തങ്ങളും മലമ്പ്രദേശങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെയാണ്. നീലഗിരിയുടെ വിരിമാറു കീറി ആവി തുപ്പി ചൂളം വിളിച്ചു വണ്ടി കുന്നും കയറിപോകുന്നതു കാണാന്‍ തന്നെ ചന്തമാണ്. കയറിയും ഇറങ്ങിയുമുള്ള യാത്ര ഉന്മാദത്തിന്റെ നിമ്‌നോന്നതകളിലേക്ക് യാത്രികരെ കൊണ്ടുപോകുന്നു.
മായാക്കാഴ്ചകളിലൂടെ
തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിലൂടെ കടന്നുപോകുന്ന പശ്ചിമഘട്ട റെയില്‍വേയാണ് മേട്ടുപ്പാളയം-ഊട്ടി ടോയ് ട്രെയിന്‍ സര്‍വിസ്. റാക്ക് ആന്‍ഡ് പിനിയന്‍ (പല്‍ചക്രം) ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു തീവണ്ടിപ്പാത. മലയോര തീവണ്ടിപ്പാതകളില്‍ ഏറ്റവും പുരാതനമായ ഇതിന്റെ നിര്‍മാണം തുടങ്ങുന്നത് 1854 നായിരുന്നു. നിര്‍മാണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നത് 1899 ലും. 2005 ജൂലൈയില്‍ യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംപിടിച്ചു. നാലു കമ്പാര്‍ട്ടുമെന്റുകള്‍ ഉള്‍പ്പെടുന്ന ഈ ട്രെയിന്‍ മണിക്കൂറില്‍ ശരാശരി 13 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 330 മീറ്റര്‍ ഉയരത്തിലുള്ള മേട്ടുപ്പാളയത്തു നിന്ന് 46 കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍ നിന്ന് 2200 മീറ്റര്‍ ഉയരത്തിലുള്ള ഉദകമണ്ഡലത്തിലേക്കാണ് (ഊട്ടി) വണ്ടി സഞ്ചരിക്കുന്നത്. ചെങ്കുത്തായ കയറ്റങ്ങളും കുത്തനെയുള്ള പാതകളും താണ്ടി പോകുന്ന യാത്രയില്‍ 208 വളവുകള്‍, പത്ത് സ്റ്റേഷനുകള്‍, 250 പാലങ്ങള്‍ അതോടൊപ്പം 16 തുരങ്കങ്ങളും കടന്നുവരുന്നുണ്ട്.
അറിഞ്ഞിരിക്കേണ്ടത്
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്‍പത് മാസത്തോളം നിര്‍ത്തിവച്ചിരുന്ന സര്‍വിസ് തുടങ്ങിയത് മാറ്റങ്ങളോടെയാണ്. കൊവിഡ് നിയന്ത്രണം പാലിച്ചുള്ള യാത്രയില്‍ ഓഫ്‌ലൈന്‍ ടിക്കറ്റുകള്‍ കൊടുക്കുന്നില്ല. പൂര്‍ണമായും ഓണ്‍ലൈന്‍ സൈറ്റ് മുഖേനയാണ് ടിക്കറ്റ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ജനറല്‍ ബോഗിയില്‍ ഒരാള്‍ക്ക് 295 രൂപയും ഫസ്റ്റ് ക്ലാസില്‍ 600 രൂപയുമാണ് നിരക്ക്. യാത്രക്ക് ഒരു മാസം മുന്‍പേ ടിക്കറ്റ് ബുക്ക് ചെയ്തു വരുന്നതാണ് ഉചിതം. www.irctc.co.in എന്ന വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യാം. വെറും 300 രൂപയുടെ ടിക്കറ്റ് 3000 രൂപക്ക് കൊടുക്കുന്ന ഇടനിലക്കാര്‍ പ്രദേശത്ത് ധാരാളമുണ്ട്. വഞ്ചിതരാവാതിരിക്കുക.
സമയക്രമീകരണം
ടിക്കറ്റ് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തുവരികയാണെങ്കില്‍ തിരക്കിട്ട് വരേണ്ട ആവശ്യമേയില്ല. കോയമ്പത്തൂര്‍ ജങ്ഷനില്‍ നിന്ന് 5:20 ന് പുറപ്പെട്ട് മേട്ടുപ്പാളയത്ത് 6:15 ന് എത്തുന്ന ബ്ലൂ മൗണ്ടൈന്‍ ട്രെയിനില്‍ കയറിയാല്‍ മതി. രാവിലെ കൃത്യം 7:10 നാണ് മേട്ടുപ്പാളയത്ത് നിന്നു ടോയ് ട്രയിന്‍ യാത്ര തുടങ്ങുന്നത്. അതുവരെ തൊട്ടടുത്തുള്ള സ്റ്റീം ലോക്കോ ഷെഡിലും അവിടെ തന്നെയുളള റെയില്‍വേ മ്യൂസിയത്തിലും സമയം ചെലവഴിക്കാവുന്നതാണ്. മുന്‍കൂട്ടി ടിക്കറ്റ് എടുക്കാതെ വരികയാണെങ്കില്‍ തലേന്ന് രാവിലെ 11 മണി സമയത്ത് തത്ക്കാല്‍ ടിക്കറ്റ് ലഭിക്കും, പക്ഷേ അതിനല്‍പം പാടുപെടണമെന്ന് മാത്രം. മേട്ടുപ്പാളയം റെയില്‍വേയില്‍ ജോലി ചെയ്യുന്നവരില്‍ വലിയൊരു വിഭാഗം മലയാളി ഉദ്യോഗസ്ഥാരാണെന്നത് യാത്രക്ക് വലിയ സഹായകമാണ്. നിങ്ങള്‍ യാത്ര ചെയ്യുന്നത് ഒറ്റക്കാണെങ്കില്‍, മുന്‍പില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെങ്കില്‍ ട്രെയിന്‍ വിടാന്‍ നേരം ടി.ടി.ഇയെ കണ്ട് ഫൈനടിച്ച് കയറാനുള്ള സാധ്യതയുമുണ്ട്. അത് യാത്രക്കാരന്റെ മിടുക്കും ഭാഗ്യവും പോലെയിരിക്കുമെന്ന് മാത്രം.
യാത്രയില്‍ ശ്രദ്ധിക്കേണ്ടത്
രാവിലെ 7:10 ന് മേട്ടുപ്പാളയത്ത് നിന്നു പുറപ്പെടുന്ന വണ്ടി ഊട്ടിയിലെത്തുന്നത് 11:55 നാണ്. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന യാത്രക്കുള്ള ഭക്ഷണ പാനീയങ്ങള്‍ മുന്‍കൂട്ടി കരുതി വയ്ക്കുന്നതാണ് നല്ലത്. ചായ കുടിക്കാനുള്ള ഇടങ്ങളല്ലാതെ വലിയ സൗകര്യങ്ങളൊന്നും യാത്രക്കിടയിലില്ല. മേട്ടുപ്പാളയം കഴിഞ്ഞാല്‍ റാക്ക് ആന്‍ഡ് പിനിയന്‍ സംവിധാനം ഉപയോഗിച്ചാണ് വണ്ടി മല കയറുന്നത്. കൂനൂര്‍ സ്റ്റേഷന്‍ മുതല്‍ ഊട്ടി വരെ ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ആവി എന്‍ജിന്‍ ഘടിപ്പിച്ച ട്രെയിന്‍ യാത്രയ്ക്കുള്ള ടിക്കറ്റ് ലഭിക്കാത്തവര്‍ക്കായി കൂനൂര്‍ സ്റ്റേഷന്‍ മുതല്‍ ഊട്ടി വരെ സര്‍വിസ് നടത്തുന്ന മൂന്ന് ഡീസല്‍ എന്‍ജിന്‍ ട്രെയിന്‍ സര്‍വിസും ഇതിന് കീഴിലുണ്ട്.
ഊട്ടിവരെ സഞ്ചരിച്ച് ട്രെയിന്‍ തിരിച്ച് മലയിറങ്ങുന്നത് ഉച്ചക്ക് രണ്ടിനാണ്. മേട്ടുപ്പാളയത്ത് തിരിച്ചെത്തുന്നത് വൈകുന്നേരം 5:30 നും. തിരിച്ചുവരുമ്പോള്‍ സ്‌റ്റോപ്പുകളുടെ എണ്ണം കുറയുമെന്നല്ലാതെ വലിയ വ്യത്യാസങ്ങളൊന്നുമില്ല.
എത്തിപ്പെടാനുള്ള മാര്‍ഗം
ട്രെയിനിലൂടെയാണ് യാത്രയെങ്കില്‍ കോയമ്പത്തൂര്‍ ജങ്ഷന്‍ വരെയുള്ള ട്രെയിനില്‍ യാത്ര ചെയ്യുക. അവിടുന്ന് ഒരു കിലോമീറ്റര്‍ ദൂരത്തുള്ള ഗാന്ധിപുരം സ്റ്റാന്‍ഡില്‍ നിന്നും മേട്ടുപാളയത്തേക്ക് ഏതു സമയവും ബസ് കിട്ടും. ഏകദേശം ഒരു മണിക്കൂര്‍ യാത്രയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."