അതിജീവന പോരാട്ടം അസ്തിത്വം മുറുകെപ്പിടിച്ചാകണം: സാദിഖലി തങ്ങൾ എം.എസ്.എഫ് ദേശീയ സമ്മേളനം സമാപിച്ചു
ന്യൂഡൽഹി
അസ്തിത്വം മുറുകെപ്പിടിച്ചുകൊണ്ടല്ലാതെയുള്ള അതിജീവനങ്ങൾ നിലനിൽക്കുന്നതല്ലെന്ന് മുസ് ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഡൽഹിയിൽ എം.എസ്.എഫ് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യാനന്തര രാജ്യത്തെ പ്രതികൂല സാഹചര്യങ്ങൾ ധൈര്യപൂർവം നേരിട്ടാണ് മുൻകാല നേതാക്കൾ പാർട്ടിയെ കെട്ടിപ്പടുത്തത്. അവർ സഹിച്ച ത്യാഗത്തിന്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സച്ചാർ കമ്മിറ്റി റിപ്പോർട്ട് വന്ന് വർഷങ്ങൾ പിന്നിട്ടിട്ടും രാജ്യത്തെ അടിസ്ഥാന വർഗത്തിന്റെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങളുണ്ടായില്ലെന്ന് മുഖ്യാതിഥിയായി സംസാരിച്ച വഞ്ചിത് ബഹുജൻ അഗാഡി മൂവ്‌മെന്റ് പ്രസിഡന്റ് പ്രകാശ് അംബേദ്കർ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ അടക്കം കാര്യമായ പ്രാതിനിധ്യമുണ്ടാക്കിയെടുക്കാൻ കഴിയുന്നില്ല എന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നാേക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുസ് ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് മോദി സർക്കാർ. സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങൾ രാജ്യത്ത് അവഗണിക്കപ്പെടുന്നു. പുതിയ സാഹചര്യങ്ങൾ മറികടക്കുന്നതിൽ വിദ്യാർഥികളുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വമാണ് രാജ്യത്തെ നിലനിർത്തുന്ന ജീവവായുവെന്ന് പ്രമേയ പ്രഭാഷണം നടത്തിയ അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും യൂനിവേഴ്‌സിറ്റികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."