ലക്ഷ്യം നേടുംവരെ ആക്രമണം: റഷ്യ അധിനിവേശം നടത്തുകയല്ല ലക്ഷ്യം
മോസ്‌കോ
ഉക്രൈനിൽ ലക്ഷ്യം നേടുംവരെ റഷ്യ സൈനികനടപടി തുടരുമെന്ന് പ്രതിരോധമന്ത്രി സെർജി ഷോയ്ഗു. ഉക്രൈനിൽ അധിനിവേശം നടത്തുകയല്ല റഷ്യയുടെ ലക്ഷ്യം. പടിഞ്ഞാറൻ രാജ്യങ്ങൾ ഉണ്ടാക്കുന്ന ഭീഷണിയിൽ നിന്ന് സ്വയംരക്ഷ നേടുകയാണ്- അദ്ദേഹം പറഞ്ഞു.
കിഴക്കൻ ഉക്രൈനിലെ റഷ്യൻ അനുകൂലികളായ വിമതവിഭാഗവും റഷ്യൻ പടയ്‌ക്കൊപ്പം ആക്രമണത്തിലുണ്ട്. ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് നാറ്റോ റഷ്യയോട് ആവശ്യപ്പെട്ടു. എന്നാൽ, ഉക്രൈനെ സഹായിക്കാനായി നാറ്റോ സൈനികരെയോ യുദ്ധവിമാനങ്ങളോ അയക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ഉക്രൈൻ ആക്രമണത്തിൽ റഷ്യൻ സേനയ്‌ക്കൊപ്പം ചേരില്ലെന്ന് ബെലറൂസ് പ്രസിഡന്റ് ലുകാഷെൻകോ അറിയിച്ചു. ബെലറൂസിൽ നിന്ന് റഷ്യൻ സേന ആക്രമണം നടത്തുന്നതായ ആരോപണം അദ്ദേഹം നിഷേധിച്ചു.
ആക്രമണം ആറാംനാളിലേക്കു കടന്നതോടെ കഴ്‌സൻ നഗരം റഷ്യ പൂർണമായി കീഴടക്കി. നഗരത്തിലേക്കുള്ള വഴികളിൽ ചെക്‌പോസ്റ്റുകൾ സ്ഥാപിച്ചു. കീവിന് സമീപം ആശുപത്രിയിലും പുനരധിവാസ കേന്ദ്രത്തിലും റഷ്യ ഷെല്ലാക്രമണം നടത്തി. ബുസോവയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഷെല്ലാക്രമണം ഉണ്ടായി. നഗരവാസികളോട് എത്രയുംപെട്ടെന്ന് സ്ഥലംവിടാൻ റഷ്യൻ സേന ആവശ്യപ്പെട്ടു.
ഉപരോധങ്ങൾക്ക് മറുപടിയായി യൂറോപ്പിലേക്കുള്ള ഇന്ധന, എണ്ണ വിതരണം നിർത്തുമെന്ന് റഷ്യ ഭീഷണി മുഴക്കി. പ്രതിസന്ധി ചർച്ച ചെയ്യാൻ യൂറോപ്യൻ നേതാക്കൾ യോഗം വിളിച്ചിട്ടുണ്ട്. അതേസമയം, റഷ്യക്കെതിരായ ഉപരോധം പടിഞ്ഞാറൻ രാജ്യങ്ങൾ കൂടുതൽ ശക്തമാക്കി. ആക്രമണം തുടരുന്നതിനിടെ ജപ്പാൻ റഷ്യൻ സെൻട്രൽ ബാങ്കിന്റെ ആസ്തികൾ മരവിപ്പിച്ചു. കാനഡ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി. ഉക്രൈന് ടാങ്ക് വേധ മിസൈലുകൾ നൽകുമെന്നും അറിയിച്ചു. ആസ്‌ത്രേലിയയും ഉക്രൈന് മിസൈലുകളും മറ്റു ആയുധങ്ങളും നൽകുമെന്നറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."