സമസ്ത കൈത്താങ്ങ് പദ്ധതി: നാലാം ഘട്ടത്തിന് തുടക്കമായി
സ്വന്തം ലേഖകന്‍
ചേളാരി: പ്രബോധന രംഗത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ബഹുമുഖ പദ്ധതികള്‍ക്കുള്ള വിഭവസമാഹരണത്തിന് ആവിഷ്‌കരിച്ച സമസ്ത കൈത്താങ്ങ് പദ്ധതിയുടെ നാലാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. 19നു വെള്ളിയാഴ്ച ഫണ്ട് സമാഹരണ ദിനമായി ആചരിക്കും. മഹല്ല് ശാക്തീകരണം, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, സാഹിത്യ പ്രചാരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ബഹുമുഖ പദ്ധതികള്‍ക്കായി 2015ലാണു പദ്ധതി തുടങ്ങിയത്. സംസ്ഥാനത്തും ഇതരസംസ്ഥാനങ്ങളിലുമായി വിവിധ സംസ്‌കരണ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, റിലീഫ്, സമസ്ത പ്രചാരണ പ്രവര്‍ത്തനങ്ങള്‍, കൊവിഡ് കാലത്ത് മദ്‌റസാധ്യാപകര്‍, മുദരിസുമാര്‍, ഖതീബുമാര്‍ തുടങ്ങിയവര്‍ക്കുള്ള ധനസഹായം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ പദ്ധതി മുഖേന നടപ്പാക്കിയിട്ടുണ്ട്.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മദ്‌റസ, മഹല്ല് തലത്തിലാണ് ഫണ്ട് സമാഹരണം നടത്തിവരുന്നത്. നാലാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളില്‍ സന്ദേശ കൈമാറ്റം, കണ്‍വന്‍ഷനുകള്‍, പ്രാര്‍ഥന എന്നിവ നടക്കും. മദ്‌റസാ തലങ്ങളില്‍ നിന്നുള്ള വിഹിതം 22നു റെയ്ഞ്ചുകളിലും തുടര്‍ന്ന് വിവിധ ജില്ലാ കേന്ദ്രങ്ങളിലും സ്വീകരിക്കും.
പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്നലെ ചേളാരിയില്‍ നടന്ന നേതൃസംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പദ്ധതി വിശദീകരിച്ചു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എസ്.കെ.ജെ.എം.സി.സി ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട്, ജനറല്‍ സെക്രട്ടറി അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എസ്.എം.എഫ് ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മെംബര്‍ ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ചേളാരി സംസാരിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും പദ്ധതി കോഡിനേറ്റര്‍ കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു. സമസ്ത പോഷക സംഘടനാ നേതാക്കള്‍, റെയ്ഞ്ച് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കര്‍മരംഗത്ത് ദൈവിക പ്രീതി കാംക്ഷിച്ച്
നിലകൊള്ളുക: ജിഫ്‌രി തങ്ങള്‍
ചേളാരി: സമസ്തയുടെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം വിശുദ്ധ ഇസ്‌ലാമിന്റെ സംരക്ഷണമാണെന്നും ദൈവിക പ്രീതി നേടുക എന്ന ഉദ്ദേശത്തോടെയാണ് സംഘടനയുടെ കര്‍മരംഗത്ത് നിലകൊള്ളേണ്ടതെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത നേതൃസംഗമം ചേളാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ മതപ്രബോധന സേവന രംഗത്ത് മദ്‌റസാധ്യാപകര്‍ വലിയ പങ്കുവഹിക്കുന്നവരാണ്. ഓരോ കാലഘട്ടത്തിനും ആവശ്യമായ മാര്‍ഗരീതികളാണ് നാം ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. കൈത്താങ്ങ് എന്ന പേരില്‍ സമസ്ത ആവിഷ്‌കരിച്ച പദ്ധതി ഇക്കാര്യത്തില്‍ വലിയ മുതല്‍ക്കൂട്ടായി മാറിയതായും തങ്ങള്‍ പറഞ്ഞു. പ്രബോധന രംഗത്തും നിരവധി ആശ്വാസ പ്രവര്‍ത്തനങ്ങളിലും ഏറെ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി സഹായകരമായി. നാലാംഘട്ട പദ്ധതി വിജയിപ്പിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."