വിതുമ്പലടക്കാനാവാതെ കൊടപ്പനക്കൽ
സ്വന്തം ലേഖകൻ
മലപ്പുറം
പ്രാർഥനകളാൽ മുഖരിതമായ അന്തരീക്ഷത്തിൽ മനസ്സിൽ ദുഃഖത്തിന്റെ തിരയൊതുക്കി പ്രിയ നേതാവിനെ കാണാൻ മലപ്പുറത്തേക്ക് ഒഴുകിയത് പതിനായിരങ്ങൾ. ആ മുഖം അവസാനമായി ഒരുനോക്ക് കണ്ടവരെല്ലാം വിങ്ങിപ്പൊട്ടി. ഇന്നലെ ഉച്ചയ്ക്ക് വിടവാങ്ങിയ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജനാസ വൈകീട്ട് 5.45ഓടെയാണ് പാണക്കാട് തങ്ങളുടെ വസതിയിൽ എത്തിച്ചത്. അടുത്ത ബന്ധുക്കളെ മാത്രം ജനാസ കാണിച്ചു. പിന്നീട് 6.35ഓടെയാണ് മലപ്പുറം കുന്നുമ്മൽ ടൗൺഹാളിൽ പൊതുദർശനത്തിന് എത്തിച്ചത്.
മയ്യിത്ത് എത്തുന്നതിന് മുമ്പ് തന്നെ ജാതിമത ഭേതമന്യേ ജനങ്ങൾ പാണക്കാട്ടേക്കും മലപ്പുറം ടൗൺ ഹാളിലേക്കും ഒഴുകി എത്തിയിരുന്നു. പൊലിസും വൈറ്റ്ഗാർഡും വിഖായ പ്രവർത്തകരും നിരത്തിലും പാണക്കാട് വീട്ടിലും ടൗൺഹാളിലും ഒരുപോലെ പ്രവർത്തിച്ചതോടെ ഗതാഗത തടസവും തിരക്കും ഒഴിവാക്കാനായി. പൊതുജനങ്ങൾക്ക് ജനാസ കാണാനും നിസ്‌കാരം നിർവഹിക്കുന്നതിനുമായി മലപ്പുറം ടൗൺഹാളിൽ സൗകര്യങ്ങളൊരുക്കിയിരുന്നു.
രാവേറെയായിട്ടും നേതാവിന് യാത്രാമൊഴി നൽകാൻ എത്തിയവരുടെ നീണ്ട നിരയായിരുന്നു മലപ്പുറത്ത്. സമസ്ത ഇസ് ലാമത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാരുടെ നേതൃത്വത്തിലാണ് ആദ്യ മയ്യിത്ത് നിസ്‌കാരം നടന്നത്. പിന്നീട് പലതവണകളായി പുലരുവോളം മയ്യിത്ത് നിസ്‌കാരം നടന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, പ്രസാദ്, എ.കെ ശശീന്ദ്രൻ, സ്പീക്കർ എം.ബി രാജേഷ്, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, കെ. മുരളീധരൻ, എം.കെ രാഘവൻ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, പി.എം.എ സലാം,ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, പി.കെ മൂസക്കുട്ടി ഹസ്രത്, പന്ന്യൻ രവീന്ദ്രൻ, ബി.ജെ.പി അഖിലേന്ത്യാ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി, കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി,ഡോ.ഹുെെസൻ മടവൂർ, അബ്ദുസ്സമദ് പൂക്കോട്ടൂർ തുടങ്ങി നിരവധി പേരാണ് മലപ്പുറത്ത് എത്തിയത്.
യാത്രാമൊഴി നേരാൻ അങ്കമാലിയിലും ആയിരങ്ങൾ
അങ്കമാലി ടൗണ്‍ ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്കാരത്തിൽ മകൻ സയ്യിദ് നഈമലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
നിരവധി ആളുകളാണ് മരണവാർത്തയറിഞ്ഞ് അങ്കമാലി ജുമാമസ്ജിദിനു സമീപം തടിച്ചുകൂടിയത്. മയ്യിത്ത് നിസ്കാരത്തിലും നിരവധി പേർ പങ്കെടുത്തു. മത, രാഷ്ട്രീയ, സാസംകാരിക രംഗത്തുനിന്നും നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
വ്യവസായ മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസന്‍ ഫൈസി, സമസ്ത എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, മുന്‍ മന്ത്രിമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, നാലകത്ത് സൂപ്പി, ജോസ് തെറ്റയില്‍, എം.എല്‍.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, കെ. ബാബു, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, മുന്‍ എം.എല്‍.എ ടി.എം അഹ് മദ് കബീര്‍, എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ, നടന്‍ മമ്മൂട്ടി, ലക്ഷദ്വീപ് മുൻ എം.പി ഹംദുള്ള സെയ്ദ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.എൻ രാധാകൃഷ്ണൻ എന്നിവര്‍ അങ്കമാലിയിലെ ടൗൺ ജുമാമസ്ജിദിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."